പാവ്ഭാജിക്കൊപ്പം വിറ്റ ഐസ്ക്രീം; പഴക്കച്ചവടക്കാരന്റെ മകന് പടുത്തുയര്‍ത്തിയ 'നാച്ചുറല്‍' സാമ്രാജ്യം

തെരുവില്‍ പഴക്കച്ചവടം ചെയ്ത് ജീവിച്ച അച്ഛനൊപ്പം കച്ചവടത്തിനെത്തിയ ഒരു ചെറുപ്പക്കാരന്.. പഴങ്ങളോടുള്ള അവന്റെ പ്രണയം പതിയെ ഐസ്ക്രീം ബിസിനസെന്ന ആശയമായി മുളപൊട്ടുന്നു. പ്രതീക്ഷകള്‍ കൊണ്ട് നട്ടുവളര്‍ത്തിയ ആ ബിസിനസ്സ് ഐഡിയയുമായി അയാള്‍ നേരെ വണ്ടി കയറിയത് ബോംബെയിലേക്ക്, അവിടെ തെരുവുകളിലൊന്നില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു. പിന്നീടുണ്ടായത് ചരിത്രം.. പ്രായഭേദമന്യേ നമ്മളെല്ലാവരും ഇഷ്ടരുചിയിലേക്ക് ചേര്‍ത്തുവെച്ച നാച്ചുറല്‍സ് ഐസ്ക്രീമിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ആ തെരുവിലെ പാവ്ഭാജി സ്റ്റാളില്‍ നിന്നാണ്. ജുഹുവിലെ ആ തെരുവില്‍ നിന്ന് ബിസിനസ്സിന്റെ വലിയ ലോകത്തേക്ക് അവന് പതിയെ ചുവടുവെച്ചു. ഇന്ന് 400 കോടി ആസ്തിയുള്ള ഐസ്ക്രീം സാമ്രാജ്യത്തിന്റെ അമരക്കാരനായ ആ പതിനാലുകാരന്റെ പേരാണ് രഘുനന്ദന് ശ്രീനിവാസ് കമ്മത്ത്. ഫ്രഷ് പഴങ്ങൾ ഉപയോഗിച്ച് നിന്ന് ഐസ്ക്രീം നിര്‍മിച്ച് ഇന്ത്യയ്ക്ക് പുതുരുചി സമ്മാനിച്ച രഘുനന്ദന് കമ്മത്ത് ഇന്ത്യയുടെ ഐസ്ക്രീം മാന്‍ എന്നാണ് അറിയപ്പെടുന്നത്.
കര്‍ണാടക മംഗലാപുരത്തെ പുത്തൂരില്‍ ഒരു സാധാരണക്കാരനായ പഴക്കച്ചവടക്കാരന്റെ ഏഴ് മക്കളിലൊരാളായാണ് രഘുനന്ദന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍ പോകാനോ വിദ്യാഭ്യാസം നേടാനോ ഒന്നും സാധിച്ചിരുന്നില്ല. അതിനാല്‍ ചെറുപ്പം മുതലേ പിതാവിനൊപ്പം പഴക്കച്ചവടത്തിനായി കുഞ്ഞുകമ്മത്തും പോയി. അതുകൊണ്ട് നന്നേ ചെറുപ്പത്തില്‍ തന്നെ പഴുത്ത പഴങ്ങള്‍ നോക്കി പറിക്കാനും തരംതിരിക്കാനും സൂക്ഷിച്ചുവെയ്ക്കാനുമെല്ലാം പഠിച്ചുകൊണ്ട് രഘുനന്ദന് കമ്മത്ത് പഴങ്ങളുടെ ലോകവുമായി പരിചയത്തിലായി. അങ്ങനെയിരിക്കെയാണ്എന്തുകൊണ്ട് പഴങ്ങളുടെ പള്‍പ്പ് നേരിട്ടുപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കിക്കൂടേ എന്ന ചോദ്യത്തിലേക്ക് അവനെ എത്തിച്ചത്. ആ ചോദ്യത്തിനുത്തരമാണ് നാം ഇന്ന് കാണുന്ന 'നാച്ചുറല്‍സ്' എന്ന ഐസ്ക്രീം ബ്രാന്‍ഡ്. ബിസിനസ്സ് മോഹം മനസ്സിലെത്തിയപ്പോള്‍ 1984ല്‍ തന്റെ പതിനാലാം വയസ്സില്‍ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ചാണ് പുതിയ ബിസിനസ്സ് ആശയവുമായി ബോംബെയിലേക്ക് കമ്മത്ത് വണ്ടി കയറിയത്. കുറച്ചുകാലം സഹോദരന് നടത്തുന്ന 'ഗോകുല്‍ റിഫ്രഷ്മെന്റ്' എന്ന ഹോട്ടലില്‍ സഹായി ആയി ജോലിനോക്കി. പിന്നീട് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ആരംഭിച്ചു. ഉത്തരേന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട പാവ് ഭാജി വില്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. അതിനൊപ്പം താന്‍ സ്വന്തമായി നിര്‍മിക്കുന്ന ഐസ്ക്രീമും വില്പന നടത്താന്‍ ആരംഭിച്ചു. പഴങ്ങളും പള്‍പ്പ് ഉപയോഗിച്ച് സ്വന്തമായി നിര്‍മിക്കുന്നതായിരുന്നു കമ്മത്ത് വില്പന നടത്തിയിരുന്ന ഐസ്ക്രീം. ഐസ്ക്രീമുകളില്‍ ഫ്ളേവറുകള്‍ അധികം പ്രചരിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ അന്ന് മാര്‍ക്കറ്റിന് വളരെ പുതിയ രുചിയായിരുന്നു കമ്മത്ത് നിര്‍മിച്ച ഐസ്ക്രീം. പാല്, പഴങ്ങളുടെ പള്‍പ്പ്, പഞ്ചസാര എന്നിങ്ങനെ വെറും മൂന്ന് ചേരുവകള്‍ മാത്രം ചേര്‍ത്തായിരുന്നു കമ്മത്ത് ഐസ്ക്രീം ഉണ്ടാക്കിയത്. പാവ് ബജിയും ഐസ്ക്രീമും ഒരുമിച്ച് വില്‍ക്കുന്ന ഐഡിയ ഒരിക്കലും വിജയിക്കില്ലെന്നായിരുന്നു അന്ന് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ചൂടും എരിവമുള്ള പാവ്ഭാജിക്കൊപ്പം തണുത്ത, മധുരമുള്ള ഐസ്ക്രീം കൊടുക്കാനുള്ള കമ്മത്തിന്റെ ഐഡിയ ഫലം കണ്ടു.
Content Highlights: story behind natural ice cream Ice cream man of India’ Raghunandan Kamath