ആലിയ ഭട്ട് മുതല്‍ ആമിർ ഖാൻ വരെ; വീഗനിസം പിന്തുടരുന്ന ബോളിവുഡ് താരങ്ങള്‍ ഇവരൊക്കെയാണ്

ഫാഷനില്‍ മുതല്‍ ആരോഗ്യകാര്യത്തില്‍ വരെ ആരാധകര്‍ക്ക് മാതൃകയാണ് സിനിമാ താരങ്ങള്‍. സൗന്ദര്യകാര്യത്തിലെന്ന പോലെ ആരോഗ്യകാര്യത്തിലും കണിശത പിന്തുടരുന്നവരാണ് മിക്ക സിനിമാതാരങ്ങളും. ബോളിവുഡ് താരങ്ങളായ ശില്‍പ്പാ ഷെട്ടിയും ഭാഗ്യശ്രീയുമെല്ലാം കണിശമായ ആഹാരക്രമം പിന്തുടരുന്നവരാണ്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് യോഗ പരിശീലിക്കുന്നവരും ജിമ്മില്‍ പതിവായി പോകുന്നവരും ഏറെയാണ്.
അതേസമയം, പലകാരണങ്ങള്‍ കൊണ്ടും മത്സ്യ-മാംസാദികള്‍ ഉപേക്ഷിച്ച ഒട്ടേറെ സെലബ്രിറ്റികളുണ്ട്. വെജ്, വീഗന്‍ ഡയറ്റ് പിന്തുടരുന്ന ബോളിവുഡ് സെലബ്രിറ്റികള്‍ ആരെല്ലാമെന്ന് നോക്കാം.
സോനം കപൂര്‍
മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്ന ബോളിവുഡ് നടിമാരിലൊരാളാണ് സോനം കപൂര്‍. പഞ്ചാബി കുടുംബത്തില്‍ നിന്നുവരുന്ന സോനം മുമ്പ് മാംസവും മത്സ്യവും കഴിച്ചിരുന്നു. അടുത്തിടെയാണ് അവര്‍ ഡയറ്റില്‍ മാറ്റം വരുത്തിയതും വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കി തുടങ്ങിയതും. പാലും പാലുത്പന്നങ്ങളും ഉപേക്ഷിച്ചതോടെ വീഗന്‍ ഡയറ്റും പിന്തുടരാന്‍ തുടങ്ങി. വീഗന്‍ ഭക്ഷണങ്ങളും അവയുടെ റെസിപ്പികളും സോനം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഭൂമി പഡ്നേക്കർ
2020 പകുതിയോടെയാണ് താന്‍ വെജിറ്റേറിയന്‍ ആഹാരരീതിയിലേക്ക് മാറിയതായി ഭൂമി പഡ്നേക്കർ അറിയിക്കുന്നത്. 2021-ലെ പെറ്റയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ വെജിറ്റേറിയന്‍സ് കീരീടം ഭൂമിക്ക് ലഭിച്ചിരുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന അവര്‍ താന്‍ മാംസം കഴിക്കുന്നത് ശരിയായ രീതിയല്ലെന്നും വ്യക്തമാക്കിയിരുന്നു.
ആമിര്‍ ഖാന്‍
മുന്‍ഭാര്യ കിരണ്‍ റാവുവിന്റെ സ്വാധീനത്താലാണ് ആമിര്‍ ഖാന്‍ വീഗന്‍ ഡയറ്റ് പിന്തുടരാന്‍ തുടങ്ങിയത്. തൈര് പോലുള്ള പാലുത്പന്നങ്ങള്‍ താന്‍ ഉപേക്ഷിച്ചതായും ആമിര്‍ ഖാന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ജോണ്‍ എബ്രഹാം
മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തുന്ന ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം. ഏറെക്കാലമായി വെജിറ്റേറയിന്‍ ആഹാരരീതി പിന്തുരുന്ന നടന്‍, സസ്യാഹാരം കഴിച്ചുതുടങ്ങിയപ്പോള്‍ തന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടതായി പറഞ്ഞിരുന്നു. മാംസം ഉപേക്ഷിച്ചത് തന്റെ ഫിറ്റ്‌നസിനെ ബാധിച്ചില്ലെന്ന് നടന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ആലിയ ഭട്ട്
2021-ലാണ് ആലിയ ഭട്ട് പൂര്‍ണമായും വീഗന്‍ ആഹാരക്രമം പിന്തുടര്‍ന്ന് തുടങ്ങിയത്. കോ എക്‌സിറ്റ് എന്ന പേരില്‍ മൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് ആലിയ രൂപം കൊടുത്തിട്ടുണ്ട്.
രണ്‍വീര്‍ സിങ്
കഴിഞ്ഞ വര്‍ഷമാണ് സോഷ്യല്‍ മീഡിയയിലൂടെ രണ്‍വീര്‍ സിങ് താന്‍ വീഗന്‍ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം താന്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്ന കാര്യം വെളിപ്പെടുത്തിയത്.
Content Highlights: veganism, bollywood celebrities, food, vegan diet