ഇഷ്ടം വീട്ടിലെ രുചിയുള്ളതും പോഷകപ്രദവുമായ ഭക്ഷണം; ഇതാണ് നയന്‍താരയുടെ ഡയറ്റ്

photo|instagram.com/nayanthara/
photo|instagram.com/nayanthara/

ഭാഷാഭേദമന്യേ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തന്റെ വിശേഷങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. ഇപ്പോഴിതാ തനിക്കിഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ഡയറ്റിനെക്കുറിച്ചുമുള്ള ഒരു കുറിപ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവെച്ചിരിക്കുന്നത്.

ആരോഗ്യകരവും സന്തോഷപൂര്‍ണവുമായ ജീവിതത്തില്‍ സമീകൃതാഹാരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ച് എന്നപ്പോലെയുള്ളവര്‍ക്ക് നല്ലൊരു ഡയറ്റ് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. നല്ല ശരീരപ്രകൃതിയിലാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തുലിതാവസ്ഥ, സ്ഥിരത, സ്വന്തം ശരീരത്തെ തിരിച്ചറിയല്‍ തുടങ്ങിയ ഘടകങ്ങളേക്കൂടി മുന്‍നിര്‍ത്തിയുള്ളതാണ്.

ഡയറ്റിനെക്കുറിച്ച് ഞാന്‍ വിചാരിച്ചുവെച്ചിരുന്നത്  ഭക്ഷണം പരിമിതപ്പെടുത്തുകയും ആസ്വദിക്കാനിഷ്ടമില്ലാത്ത ഭക്ഷണം കൂടി കഴിക്കുന്നതാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം കലോറി അളക്കുന്നതിലല്ല കാര്യം, മറിച്ച് പോഷകങ്ങള്‍ അടങ്ങിയ വിവിധങ്ങളായ ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കുന്നതാണെന്നാണ്. അതൊരു ജീവിതശൈലിയാണെന്നും മനസിലാക്കണം.അല്ലാതെ തല്‍ക്കാലത്തേയ്ക്കുള്ള പരിഹാരമല്ലെന്നും അവര്‍ പറയുന്നു.

തന്റെ ഡയറ്റീഷ്യനായ മുന്‍മുന്‍ ഗനേരിവാലിനെ താരം പ്രശംസിക്കുന്നത് പോസ്റ്റില്‍ കാണാം. അവരുടെ കൃത്യമായ നിര്‍ദ്ദേശങ്ങളും ഡയറ്റും പ്ലാനുമാണ് തന്റെ ഫിറ്റ്‌നസിന്റെ പിന്നിലെ രഹസ്യമെന്നും നയന്‍താര വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ തനിക്ക് വീട്ടിലെ രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് ഏറെയിഷ്ടമെന്നും നടി പറയുന്നുണ്ട്.
 
ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധമല്ല സന്തോഷമാണ് തോന്നുന്നത്. ജങ്ക് ഫുഡ് കഴിക്കാന്‍ തോന്നാറില്ലെന്നും നയന്‍താര വ്യക്തമാക്കുന്നുണ്ട്.  ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും ഞാനിപ്പോള്‍ വിശ്വസിക്കുന്നു.

എന്റെ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും ശരിയായ ജീവിതശൈലി പിന്‍തുടരാന്‍ പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോസ്റ്റിലൂടെ താരം പറയുന്നത്. 'ആരോഗ്യത്തോടെയിരിക്കുക, സന്തോഷത്തോടെയിരിക്കുക' എന്നു കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


 

Content Highlights: Nayanthara Shares A Glimpse Of Her Nutrition Journey