പാലിനൊപ്പം തണ്ണിമത്തനും രഹസ്യചേരുവയും; ഇതാണ് ഡല്‍ഹിയിലെ 'ഒറിജിനല്‍' മൊഹബത്ത് കാ സര്‍ബത്ത്

ഓള്‍ഡ് ഡല്‍ഹിയിലെ ജുമാ മസ്ജിദ് പ്രദേശത്ത് കൂണുപോലെ മുളച്ചുപൊന്തിയ നിരവധി മൊഹബത്ത് കാ സര്‍ബത്ത് കടകളും കച്ചവടക്കാരുമുണ്ട്. ഡല്‍ഹിക്കാര്‍ക്ക് ഇത് ഒരു പുതിയ ഭക്ഷണവുമല്ല. വെന്തുരുകുന്ന ചൂടുള്ള വേനല്‍മാസങ്ങളില്‍ ഉന്മേഷദായകമായ പാനീയവുമാണിത്. എന്നാല്‍ ജുമാ മസ്ജിദിന്റെ ഭാഗത്തെവിടെയെങ്കിലും നവാബ് ഖുറേഷി മൊഹബത്ത് കാ സര്‍ബത്ത് 'ഒറിജിനല്‍ എന്ന ബോര്‍ഡ് കണ്ടാല്‍ ആരുമൊന്ന് സംശയിക്കും- അതെന്താപ്പൊ അങ്ങനെ?!
നെറ്റി ചുളിക്കണ്ട. അതാണ് ശരിക്കുമുള്ള മൊഹബത്ത് കാ സര്‍ബത്ത്. 1999-ലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നവാബ് ഖുറേഷി ഉപജീവനത്തിനായി കുടുംബസമേതം ഡല്‍ഹിയിലെത്തുന്നത്. വിശപ്പിന്റെ വിളിക്ക് പരിഹാരം കാണാനാണ് അദ്ദേഹം മൊഹബത്ത് കാ സര്‍ബത്ത് എന്ന ഐക്കോണിക് വിഭവം വാര്‍ത്തെടുക്കുന്നത്. നല്ല കട്ടിയുള്ള അമുല്‍ പാലിലേക്ക് റൂഹ് അഫ്സയും അരിഞ്ഞ തണ്ണിമത്തനും ഒപ്പം ഖുറേഷി പുറത്ത് പറയാത്ത രഹസ്യ ചേരുവയും. ഇതെല്ലാംകൂടി ഇളക്കിയെടുത്ത് ഗ്ലാസിലാക്കി കൈയിലേക്ക് വെച്ചുതരും, അതിനൊപ്പം ഒരു ഫ്‌ളൈയിങ് കിസ്സും ! അതെ, കടയിലെത്തുന്ന ആളുകള്‍ക്കെല്ലാം ഭക്ഷണത്തിനൊപ്പം ഒരു ഖുറേഷി സ്‌പെഷ്യല്‍ ഫ്‌ളൈയിങ് കിസ്സും കിട്ടും. സ്‌നേഹത്തോടെയും സന്തോഷത്തോടെയും വിളമ്പുന്ന ഭക്ഷണത്തിന് രുചികൂടുമെന്ന പറച്ചില്‍ വെറുതെയല്ലെന്ന് തിരിച്ചറിയാന്‍ ഒരു കവിള്‍ സര്‍ബത്ത് കുടിച്ചാല്‍ മതി. ചൂടുള്ള നേരങ്ങളില്‍ സര്‍ബത്ത് കുളിര്‍പ്പിക്കുന്നത് ശരീരം മാത്രമല്ല, മനസ്സുമാണ്. 'പ്യാര്‍ മൊഹബത്ത് മാസാ' (വാത്സല്യം, സ്‌നേഹം, വിനോദം), പ്യാര്‍ ഇഷ്‌ക് മൊഹബത്ത് സര്‍ബത്ത് എന്നീ പേരുകളില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങി. സംഗതി ഹിറ്റായെന്ന് മാത്രമല്ല, ലോകപ്രശസ്തവുമായി. നവാബ് ഖുറേഷിയുടെ പാത പിന്തുടര്‍ന്ന് നിവധിപേര്‍ മൊഹബത്ത് കാ സര്‍ബത്തിന്റെ കച്ചവടം തുടങ്ങി.
ജുമാമസ്ജിദ് പരിസരത്തുമാത്രം ഇന്ന് 50-ലധികം ഇത്തരം കടകളുണ്ട്, പക്ഷേ മറ്റെവിടെയും ഫ്‌ലൈയിങ് കിസ്സില്ല കേട്ടോ, രുചിയും വ്യത്യസ്തമാണ്. റംസാന്‍ മാസത്ത് സര്‍ബത്തിന് ആവശ്യക്കാര്‍ കൂടുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വലിയ ഗ്ലാസ് സര്‍ബത്തിന് 30 രൂപയും ചെറുതിന് 15 രൂപയുമാണ് വില. എല്ലാദിവസവും കടതുറക്കും. ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി ഒരുമണിവരെയാണ് പ്രവര്‍ത്തനസമയം.
Content Highlights: drinks for summer, muhabath ka sarbath, food, drinks, delhi