വിശേഷ ദിവസങ്ങളിൽ മാത്രമല്ല, എല്ലാ ദിവസവും കിടിലൻ സദ്യ വിളമ്പി ദിലീപും ഗീതയും

കൊച്ചി: ബിരിയാണിയും ഫിഷ് കറി മീൽസും കുഴിമന്തിയുമൊക്കെ എപ്പോൾ വേണമെങ്കിലും കഴിക്കാം. ഇന്ന് അതൊന്ന് മാറ്റിപ്പിടിച്ച് ഒരു സദ്യയായാലോ?... ആഗ്രഹം നല്ലതാണെങ്കിലും സദ്യ കിട്ടാൻ ഓണമോ വിഷുവോ ഒക്കെ വരേണ്ടേയെന്ന് ചോദിക്കുന്നവരോട് ഇപ്പോൾ എറണാകുളം വെണ്ണലയിലെ ഒരു സഹോദരനും സഹോദരിയും ചേർന്ന് പറയുന്ന ഒരുത്തരമുണ്ട്. “സദ്യ എന്നത് ഓണത്തിനോ വിഷുവിനോ കല്യാണത്തിനോ മാത്രം കിട്ടുന്ന ഒന്നാണെന്ന സങ്കല്പമൊക്കെ മാറി. ഇപ്പോൾ എല്ലാ ദിവസവും സദ്യ വേണമെങ്കിൽ അതിന് വഴിയൊരുക്കുന്ന ചിന്താഗതിക്കാരും ഇവിടെയുണ്ട്‌ട്ടോ...”
തൂശനിലയിട്ട് ദിലീപും സഹോദരി ഗീതയും സദ്യപ്രേമികളെ ക്ഷണിക്കുന്നത് അവരുടെ തറവാടിലേക്കാണ്. കുടുംബവീടിന്റെ ഒരു ഭാഗം റസ്റ്ററന്റാക്കി മാറ്റി അവർ അവിടെ എല്ലാ ദിവസവും സദ്യ വിളമ്പുന്നു. വെണ്ണലയിലെ ‘നള ടേസ്റ്റ്’ എന്ന റസ്റ്ററന്റ് കൊച്ചി നഗരത്തിൽ സദ്യയുടെ പുതുരുചികൾ വിളമ്പുമ്പോൾ അതിന് വ്യത്യസ്തമായ സങ്കല്പങ്ങളുടെ ഒട്ടേറെ ചേരുവകളുണ്ട്.
ടെലികോമിൽ നിന്നൊരു നളൻ
ടെലികോം ഡിപ്പാർട്ട്‌മെന്റിൽ 25 വർഷത്തിലേറെ സേവനമനുഷ്ഠിച്ച വെണ്ണല മേക്കര ദിലീപ് കുമാർ ‘നള ടേസ്റ്റ്’ റസ്റ്ററന്റും സദ്യയും എന്ന ആശയത്തിലേക്കെത്തുന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തിലാണ്. “കുട്ടിക്കാലം മുതൽ സദ്യ എവിടെയുണ്ടോ, അവിടെ സഹായിയായും വിളമ്പുകാരനായുമൊക്കെ ഞാനുണ്ടായിരുന്നു. നാട്ടിലെ കല്യാണവീടുകളിൽ സദ്യയൊരുക്കുമ്പോൾ തേങ്ങാചിരണ്ടലായിരുന്നു എന്റെ ആദ്യത്തെ ഇഷ്ട പരിപാടി. പിന്നീട് കറിവയ്ക്കുന്നവരെ സഹായിക്കാനും തുടങ്ങിയതോടെ പാചകത്തോടുള്ള ഇഷ്ടം കൂടി. കല്യാണവീടുകളിൽ തേങ്ങചിരണ്ടൽ പരിപാടി പോലെതന്നെ അമ്പലങ്ങളിലെ സദ്യയൊരുക്കുന്നതിലും ഞാൻ സജീവമായുണ്ടായിരുന്നു. പിന്നീട് ടെലികോമിൽ ജോലി കിട്ടി പോയപ്പോഴും പാചകത്തോടുള്ള ഇഷ്ടം അല്പംപോലും കുറഞ്ഞിരുന്നില്ല. ടെലികോമിൽനിന്ന് വിട്ടപ്പോൾ ഒരു റസ്റ്ററന്റ് എന്ന ആശയത്തിലേക്ക് വരാനും ഒട്ടും സമയമെടുത്തില്ല. എന്നാൽ, ആ റസ്റ്ററന്റ് നഗരത്തിലെ ഒരു സാധാരണ റസ്റ്ററന്റ് പോലെയാകാതെ എന്തെങ്കിലും പുതുമ വേണമെന്നു തോന്നി. അപ്പോഴാണ് എന്നും സദ്യ വിളമ്പുന്ന റസ്റ്ററൻറ് എന്ന ആശയം മനസ്സിൽ തെളിഞ്ഞത്” - ദിലീപ് സദ്യയുടെ കഥ പറഞ്ഞു.
എട്ടുകൂട്ടവും പതിന്നാല് കൂട്ടവും
നഗരത്തിൽ എല്ലാ ദിവസവും സദ്യ എന്ന സങ്കല്പത്തെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം ദിലീപിന് സംശയം തോന്നിയെങ്കിലും പതുക്കെ പതുക്കെ അത് മാറിവരുകയായിരുന്നു. “സദ്യ കഴിക്കണമെങ്കിൽ ഒരു പ്രത്യേക ദിനം വേണമെന്ന സങ്കല്പമാണ് ഞങ്ങൾ ആദ്യം പൊളിച്ചെഴുതിയത്. ഇവിടെ നള ടേസ്റ്റിൽ എട്ടു കൂട്ടം കറികളുടെ സദ്യ മുതൽ 14 കൂട്ടം കറികളുടെ സദ്യ വരെയായി പല രുചിഭേദങ്ങളുണ്ട്. പരിപ്പും സാമ്പാറും അവിയലും തോരനും പപ്പടവും രസവും മോരും എല്ലാ സദ്യയിലുമുണ്ടാകും. എട്ടുകൂട്ടത്തിൽ നിന്ന് 12 കൂട്ടത്തിലും 14 കൂട്ടത്തിലുമൊക്കെയെത്തുമ്പോൾ കറികളുടെയും പായസത്തിന്റെയും എണ്ണം കൂടും. വെണ്ണലയിലുള്ള നള ടേസ്റ്റിൽ വന്ന് സദ്യ കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഓൺലൈനിലെ ബുക്കിങ്ങാണ്. സദ്യ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും അതിന് അവസരം നൽകലാണ് ഞങ്ങളുടെ ലക്ഷ്യം” - ദിലീപ് പറയുന്നു.
നാലുമണിക്ക് തുടക്കം
സഹോദരി ഗീതയാണ് സദ്യയൊരുക്കുന്നതിൽ ദിലീപിന്റെ പ്രധാന സഹായി. പരമാവധി നാടൻ പച്ചക്കറികളും വെളിച്ചെണ്ണയുമൊക്കെ ഉപയോഗിച്ച് സദ്യയൊരുക്കാനാണ് ഇവർ എന്നും ശ്രമിക്കുന്നത്. “സദ്യക്കു മാത്രമായി ഒരു റസ്റ്ററന്റ് എന്നത് വലിയ വെല്ലുവിളിയും പ്രതിസന്ധിയും നിറഞ്ഞ ഒന്നാണ്. എല്ലാ ദിവസവും പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഞങ്ങൾ സദ്യയുടെ ഒരുക്കങ്ങൾ തുടങ്ങും. ചേന പോലെയുള്ള പച്ചക്കറികൾ തലേന്ന് രാത്രിതന്നെ അരിഞ്ഞുവെച്ചിട്ടുണ്ടാകും.
പുലർച്ചെ നാലുമണിക്ക് തുടങ്ങുന്ന അധ്വാനം പത്തു മണിയോടെ പൂർത്തിയാകുമ്പോഴേക്കും സദ്യ റെഡി. മറ്റു റസ്റ്ററന്റുകളിൽ ഒരു വിഭവം ഉണ്ടാക്കാൻ ഇത്രയും സമയം വേണ്ടിവരില്ല. എന്നാൽ, സദ്യ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതുതന്നെ നൽകാൻ ഞങ്ങൾ കൂടുതൽ അധ്വാനിക്കേണ്ടിവരുമെന്നറിയാം.
എന്റെ ഭാര്യ യാമിനിയും മക്കളായ വിഘ്‌നേഷും രാജലക്ഷ്മിയും എന്റെ സദ്യപ്രേമത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്. ക്ലാസ് ഇല്ലാത്ത സമയങ്ങളിൽ മക്കളും സദ്യ ഒരുക്കാനും വിളമ്പാനുമൊക്കെ വരാറുണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം” - ദിലീപ് പറയുമ്പോൾ നള ടേസ്റ്റിന്റെ തീൻമേശയിൽ തൂശനിലകളിൽ വിഭവങ്ങൾ നിരന്നുകൊണ്ടിരുന്നു.
Content Highlights: Experience authentic Kerala Sadya daily at Nala Taste, Kochi.