പപ്പായ തിന്നാല്‍ പലതുണ്ട് കാര്യം! ചര്‍മസംരക്ഷണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ആരോഗ്യകരമായ ചര്‍മം ഉണ്ടാവേണ്ടത് ഉള്ളില്‍നിന്നു തന്നെയാണ്. അതിനാല്‍, വിലകൂടിയ ഫാന്‍സി കോസ്‌മെറ്റിക് പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ചര്‍മപ്രശ്‌നങ്ങളുടെ മൂലകാരണത്തിന് പരിഹാരം കാണാനാവില്ല. അതിനാല്‍, ഗുണമേന്മയുള്ള സ്‌കിന്‍കെയര്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ഭക്ഷണക്രമത്തിലും കൂടി ശ്രദ്ധ പുലര്‍ത്തിയാലേ ഇവ ഫലം കാണൂ.
ചര്‍മാരോഗ്യത്തിന്റെ പരിപാലനത്തിനായി ധാരാളം നാച്ചുറല്‍ ഭക്ഷണങ്ങള്‍ നമുക്ക് എളുപ്പത്തില്‍ ലഭ്യമാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരത്തില്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പഴവര്‍ഗമാണ് പപ്പായ. ധാരാളം ചര്‍മസംരക്ഷണ സവിശേഷതകളുള്ള ഈ പഴം ഉള്ളില്‍നിന്നുതന്നെ നമ്മുടെ ചര്‍മത്തെ പരിപോഷിപ്പിക്കുന്നു.
പപ്പായയ്ക്ക് ചര്‍മസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രധാനമായും അഞ്ച് ഗുണങ്ങളാണുള്ളത്:
- ചര്‍മത്തിന്റെ മങ്ങല്‍ മാറ്റി സ്വാഭാവികമായ തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിന്‍ സി ലഭിക്കാതെ വരുമ്പോഴാണ് ചര്‍മത്തിന്റെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുന്നത്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍, ഇത് സ്ഥിരം കഴിക്കുന്നത് ചര്‍മത്തിന്റെ മൊത്തത്തിലുള്ള ഘടന തന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
- നമ്മുടെ ചര്‍മത്തിന് ഒരു നാച്ചുറല്‍ എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കാന്‍ പപ്പായയ്ക്ക് കഴിയും. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന 'പപ്പെയ്ന്‍' എന്ന എന്‍സൈം അടങ്ങിയിട്ടുള്ളതിനാലാണിത്. സ്ഥിരമായി പപ്പായ കഴിക്കുന്നതിലൂടെ ചര്‍മത്തിന്റെ നിറം വ്യത്യാസപ്പെടുകയും ചെയ്യും. സ്‌ക്രബായോ പാക്കായോ ഒക്കെ ഇത് മുഖത്തുപുരട്ടാവുന്നതാണ്. അതിനാല്‍, കൃത്രിമ എക്‌സ്‌ഫോളിയേറ്ററുകളോട് വിടപറഞ്ഞുകൊണ്ട് പ്രകൃതിദത്തമായ ഈ രീതി തെരഞ്ഞെടുക്കാന്‍ നമുക്ക് സമയമായി.
- പലര്‍ക്കും ആശങ്കയുള്ള മുഖക്കുരു എന്ന ചര്‍മപ്രശ്‌നത്തില്‍നിന്ന് മുക്തി നല്‍കാന്‍ പപ്പായയ്ക്ക് കഴിയും. പപ്പായയുടെ ആന്റി-ഇന്‍ഫമേറ്ററി സവിശേഷതകള്‍ക്ക് മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പിനേയും അസ്വസ്ഥതയേയും പരിഹരിക്കാനാവുമെന്ന് അനേകം പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. മുഖത്തുള്ള അടഞ്ഞുപോകാത്ത സുഷിരങ്ങള്‍ നീക്കം ചെയ്ത് അണുബാധയുണ്ടാകാതെ സൂക്ഷിക്കാനും പപ്പായയ്ക്ക് കഴിയും.
- പപ്പായയില്‍ സ്വാഭാവികമായും ഉള്ളതാണ് ഉയര്‍ന്ന ജലാംശം. ഇത് നമ്മുടെ ചര്‍മത്തിന് ആവശ്യമായ ജലാംശം ഉള്ളില്‍നിന്നും നല്‍കുന്നുണ്ട്. കൃത്രിമമായ പ്രോഡക്ടുകള്‍ ഇതേ ആവശ്യത്തിന് നമുക്ക് ഉപയോഗിക്കാമെങ്കിലും ഉള്ളില്‍നിന്ന് ആവശ്യമായ പോഷണം നല്‍കാന്‍ പപ്പായയാണ് മികച്ചത്. ചര്‍മത്തിന്റെ നാച്ചുറല്‍ ഗ്ലോ നിലനിര്‍ത്താനും ഇത് സഹായിക്കും.
- പപ്പായ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഫലമാണ്. ഇത് നമ്മുടെ ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുകയും അസ്വസ്ഥതകളെ അകറ്റുകയും ചെയ്യുന്നു. പപ്പായ എപ്പോഴും കഷണങ്ങളായി മാത്രം മുറിച്ചുകഴിക്കാതെ, ജ്യൂസ് പരുവത്തിലോ സ്മൂതി ആയോ സാലഡുകളില്‍ മുറിച്ചുചേര്‍ത്തോ എല്ലാം ഉപയോഗിക്കാവുന്നതാണ്.
Content Highlights: five skin care benefits papaya everyone should know