മഴക്കാലത്ത് എല്ലുകളുടെ ആരോഗ്യം കാക്കാം; ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

എല്ലുകളുടെ ആരോഗ്യം സംരംക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യമാണ്. അസ്ഥികളുടെ ബലക്കുറവും വേദനയും പ്രശ്‌നങ്ങളുമെല്ലാം നമ്മളില്‍ പലരേയും അലട്ടുന്നുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ ഭക്ഷണം പതിവാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യസംരംക്ഷണത്തിനായി ചെയ്യേണ്ടത്.

തണുപ്പുകാലത്ത് എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനപ്പെട്ടൊരു ധാതുവാണ് കാത്സ്യം. നടുവേദനയും സന്ധിവേദനയുമെല്ലാം മഴക്കാലത്ത് ആളുകളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാറുണ്ട് ഇതിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

എല്ലുകളുടെ ആരോഗ്യത്തിനായി പാല്‍, ചീസ്, യോഗര്‍ട്ട് തുടങ്ങിയ പാലുത്പ്പന്നങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തണം. ഇവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഫാറ്റും ഇവയില്‍ കുറവാണ്. 

ഇലക്കറികള്‍ കഴിക്കുന്നതും പതിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിന്‍ കെയും ഇവയിലുണ്ട്. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി കഴിക്കാം.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യത്തില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. കാത്സ്യത്തിന് പുറമേ മാംഗനീസ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ല ഗുണം ചെയ്യും.

എള്ള്, ചിയ പോലുള്ള വിത്തിനങ്ങളും കാത്സ്യത്തിന്റെ കലവറയാണ്. അതിനാല്‍ ഇവയും പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനായി പ്രയോജനകരമാണ്. വിറ്റാമിന്‍ സിക്ക് പുറമേ കാത്സ്യവും അടങ്ങിയിട്ടുള്ള ഓറഞ്ചും ഡയറ്റില്‍ വേണം.  ഓറഞ്ച് പതിവായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരംക്ഷിക്കാന്‍ സഹായിക്കും.

ബീന്‍സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

( ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക )

Content Highlights: bone health,Calcium-Rich food,dairy products,Leafy greens,Salmon,food