കാത്സ്യക്കുറവുണ്ടോ ; പാലിന് പകരം ഇവ ഡയറ്റിലുള്‍പ്പെടുത്താം

ബദാം | Photo: canva.com/
ബദാം | Photo: canva.com/

നമ്മളില്‍ പലരും സന്ധിവേദന, നടുവേദന തുടങ്ങി നാഡീസംബന്ധവുമായ  പല പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.ശരീരത്തില്‍ കാത്സ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാണിത്. പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് കാത്സ്യം പ്രധാനപ്പെട്ട ഒന്നാണ്.

ഭക്ഷണത്തിലൂടെ കാത്സ്യത്തിന്റെ കുറവു പരിഹരിക്കാന്‍ കഴിയും. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ പാലിന് പകരമായി കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതെന്ന് അറിഞ്ഞിരിക്കാം. 

വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യും. ഇവയില്‍ കാത്സ്യത്തോടൊപ്പം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യം ,മത്തി തുടങ്ങിയവ കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ഇലക്കറികള്‍ കഴിക്കുന്നതും പതിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 100 ഗ്രാം ചീരയില്‍ 99 മില്ലിഗ്രാം കാത്സ്യമാണ് അടങ്ങിയിരിക്കുന്നത്.

ബദാം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്‌. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം
ഇതില്‍ നിന്ന് ലഭിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Calcium-Rich Foods,bone health,Green Leafy Vegetables,Fish,Seeds,food