മുന്തിരി കഴിച്ചാലുള്ള ഗുണങ്ങൾ?; പുതിയ പഠനം പറയുന്നത്

മുന്തിരി | Photo: canva.com/
മുന്തിരി | Photo: canva.com/

നമ്മുടെ നാട്ടില്‍ സുലഭമായി ലഭ്യമായ ഫലവര്‍ഗങ്ങളിലൊന്നാണ് മുന്തിരി. ഡ്രൈ ഫ്രൂട്ടായും പഴമായും മുന്തിരി വ്യാപകമായി ഉപയോഗിച്ച് വരുന്നു. ഇപ്പോഴിതാ മുന്തിരി കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. അത്ഭുതപ്പെടുത്തുന്ന ഫലമാണ് മുന്തിരി കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. 

വെസ്റ്റേണ്‍ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ജോണ്‍ സ്യൂട്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 'ഫുഡ്‌സ് എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധിവരെ മുന്തിരിക്കു കഴിയുമെന്ന് പഠനത്തില്‍ പറയുന്നു. ദിവസം രണ്ട് കപ്പില്‍ താഴെ മുന്തിരി കഴിക്കുന്നത് ഫാറ്റി ലിവര്‍ കുറയ്ക്കുമെന്നും ആയുസ്സ് വര്‍ധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

600-ല്‍ പരം പഠനങ്ങളില്‍ ഭാഗമായിട്ടുള്ള സ്യൂട്ടോ, 'നിങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് നിങ്ങള്‍' എന്ന സന്ദേശമാണ് ഇത്തരം പഠനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് പറഞ്ഞു. 

ആന്റിഓക്‌സിഡന്റ് ജീനുകളുടെ അളവ് മുന്തിരി വര്‍ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി. മുന്തിരി കഴിക്കുന്നതിലൂടെ മനുഷ്യായുസ്സ് നാല് മുതല്‍ അഞ്ച് വര്‍ഷം വരെ കൂടുമെന്നതാണ് പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും സ്യൂട്ടോ പറഞ്ഞു. ഇതില്‍ കൂടുതല്‍ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Content Highlights: health benefits of grapes, increase in lifespan, food, grapes