അമ്മയ്‌ക്കൊരു കുഞ്ഞുതണൽ; ഇടപ്പള്ളി പള്ളിയിൽ പലഹാരം വിറ്റ് ഏഴാം ക്ലാസുകാരി

#സുജിത സുഹാസിനി
ബിന്ദുവും മകള്‍ കൃഷ്ണപ്രിയയും ഇടപ്പള്ളി പള്ളിയില്‍ രാത്രി പലഹാരം വില്‍പ്പനയ്ക്കിടയില്‍|photo:special arrangement
ബിന്ദുവും മകള്‍ കൃഷ്ണപ്രിയയും ഇടപ്പള്ളി പള്ളിയില്‍ രാത്രി പലഹാരം വില്‍പ്പനയ്ക്കിടയില്‍|photo:special arrangement

'ചൂടുള്ള ഉണ്ണിയപ്പം വേണോ... സുഖിയൻ വേണോ?' വൈകുന്നേരങ്ങളിൽ ഇടപ്പള്ളി സെയ്ന്റ് ജോർജ് ഫൊറോന പള്ളിയങ്കണത്തിൽ നെഞ്ചിൽ ചേർത്തുവെച്ച പലഹാരപാക്കറ്റുകളുമായി നടക്കുന്ന കൊച്ചുപെൺകുട്ടിയെ കാണാം. അമ്മ ബിന്ദുവിനൊപ്പമാണ് കൃഷ്ണപ്രിയയെന്ന ഏഴാം ക്ലാസുകാരി പലഹാരം വിൽക്കാൻ ഇടപ്പള്ളി പള്ളിയിലെത്തുന്നത്. തന്റെ അഞ്ചുമക്കളെ പോറ്റാൻ നെട്ടോട്ടമോടുന്ന അമ്മയ്‌ക്കൊരു തണലാകുകയാണ് ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ. മൊബൈൽ സ്‌ക്രീനുകളിൽ റീലുകളും ഗെയിമുകളും കണ്ട് സ്വന്തം ലോകത്തേക്ക് ചുരുങ്ങുന്ന ഇന്നത്തെ കുട്ടികളുടെ ഇടയിൽ, കൃഷ്ണപ്രിയ എന്ന കൊച്ചുപെൺകുട്ടി ഒരു അത്ഭുതവും പ്രചോദനവുമാണ്.

അമ്മയ്‌ക്കൊരു താങ്ങായി

കരിയാട്ടെ വാടകവീട്ടിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള യാത്ര കൃഷ്ണപ്രിയയ്ക്ക് വെറുമൊരു യാത്രയല്ല. അമ്മ ബിന്ദുവിന്റെ കൈകളിൽ താങ്ങായി നിൽക്കാനുള്ള ഓട്ടമാണ്. അഞ്ചുമക്കളാണ് ബിന്ദുവിനുള്ളത്, നാല് പെൺകുട്ടികളും ഒരു മകനും. മക്കളുടെ പഠനം, വീട്ടുവാടക ഇതിനെല്ലാം പണം കണ്ടെത്താനാണ് ഈ പലഹാരവിൽപ്പന. മണിക്കൂറുകളോളം അടുക്കളയിലെ ചൂടിൽ വെന്തുരുകി ഉണ്ടാക്കുന്ന ഉണ്ണിയപ്പവും സുഖിയനും പായസവുമെല്ലാം സഞ്ചിയിലാക്കി, വൈകുന്നേരം നാലരയോടെ അമ്മയും മകളും കരിയാട്ടിൽ നിന്ന് ബസ് കയറും.

കൊച്ചിയിലെ ഗതാഗതക്കുരുക്കുകൾ താണ്ടി ഇടപ്പള്ളി പള്ളിയിലെത്തുമ്പോൾ പലപ്പോഴും സമയം വൈകും. എങ്കിലും, വൈകിട്ട് സ്‌കൂൾ വിട്ടെത്തുന്ന കൃഷ്ണപ്രിയയ്ക്ക് തളർച്ചയേക്കാൾ ഉള്ളിൽ അമ്മയെ സഹായിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പലഹാരം വിൽക്കാൻ അമ്മ പാടുപെടുന്നത് കണ്ട് കയ്യിൽ പലഹാരപ്പൊതികളുമായി ആദ്യമായി ഇടപ്പള്ളി പള്ളിയിൽ അവളെത്തുന്നത്. ഇന്ന് ഏഴാം ക്ലാസിലെത്തിയപ്പോൾ കച്ചവടത്തിലും അമ്മയ്‌ക്കൊരു താങ്ങാകാൻ കൃഷ്ണപ്രിയയ്ക്ക് കഴിയുന്നുണ്ട്. അമ്മയ്ക്ക് ഒറ്റയ്ക്ക് എല്ലാം എളുപ്പത്തിൽ നടന്നു വിൽക്കാൻ കഴിയില്ല, കാലുവേദനയും ബുദ്ധിമുട്ടുമൊക്കെയുണ്ട്. ഞാനുണ്ടേൽ എളുപ്പമാണ് കൃഷ്ണപ്രിയ പറയുന്നു.

‘രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന പണിയാണ്. കുട്ടികളെ സ്‌കൂളിലാക്കലും പലഹാരം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പും വെളുപ്പിനേ തന്നെ തുടങ്ങും. പാചകത്തിന് മറ്റൊരാൾ സഹായത്തിനില്ല. മണിക്കൂറുകളോളമുള്ള നിൽപ്പാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്. കിച്ചു (കൃഷ്ണപ്രിയ) പറയാതെ പണികളെല്ലാം ചെയ്തുതരും. അവളെന്റെ ധൈര്യവും ആശ്വാസവുമാണ്’- ബിന്ദു പറയുന്നു.

രാത്രി 11 വരെ കച്ചവടം

പള്ളിയിലെത്തുന്ന വിശ്വാസികളുടെയും യാത്രക്കാരുടെയും ഇടയിലൂടെ, നെഞ്ചോട് ചേർത്തുവെച്ച പലഹാരപ്പൊതികളുമായി കൃഷ്ണപ്രിയ നടക്കും. പള്ളിയിൽ ആൾത്തിരക്കുള്ള ദിവസങ്ങളിൽ പലഹാരങ്ങൾ വേഗത്തിൽ വിറ്റുതീരും. എങ്കിലും, കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ രാത്രി 11 കഴിയും.

'അമ്മയെ സഹായിക്കണം അതിനാണ് ഞാൻ പോണത്. വേഗത്തിൽ തീർന്നില്ലേൽ പലഹാരം കേടുവരും- ആരേയും ചിന്തിപ്പിക്കുന്ന പക്വതയോടെ കൃഷ്ണപ്രിയ ഇത് പറയുമ്പോൾ, ബിന്ദു എന്ന അമ്മയുടെ കണ്ണുകളിൽ നിറയുന്നത് മകളെ ഓർത്തുളള അഭിമാനമാണ്.

പലഹാരം വിൽക്കാൻ മാത്രമല്ല പായ്ക്ക് ചെയ്യാനും കൃഷ്ണപ്രിയ അമ്മയ്‌ക്കൊപ്പമുണ്ട്. അമ്മയ്ക്ക് വേണ്ടിയാണെല്ലാം എന്നാണ് ആ കുഞ്ഞുമനസിൽ. അമ്മയോടൊപ്പം എല്ലാം ചെയ്യാൻ തനിക്കിഷ്ടമാണെന്ന് അവൾ പറയുന്നു. 

കൃഷ്ണപ്രിയയുടെ സഹോദരിമാർ അമ്മയോടൊപ്പം അങ്ങനെ വരാറില്ല. 

സ്‌കൂൾ വിട്ടുള്ള ദിവസങ്ങളിലാണ് കൃഷ്ണപ്രിയ കൂടുതലും അമ്മയോടൊപ്പം പോകുന്നത്. ട്യൂഷൻ പഠിക്കാൻ ചേർന്നെങ്കിലും അത്രയും ഫീസടയ്ക്കാൻ ഇല്ലാത്തതുകൊണ്ടു നിർത്തി. അവധി ദിവസങ്ങളിലാണ് കൃഷ്ണപ്രിയയുടെ പഠനം. 

ബുദ്ധിമുട്ടുകൾക്കിടയിലും പഠിച്ച് നല്ലൊരു നിലയിലെത്തണമെന്ന കുഞ്ഞു ആഗ്രഹം അവൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. അധ്യാപികയാവണമെന്നാണ് കൃഷ്ണപ്രിയയുടെ സ്വപ്നം. അങ്കമാലി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലാണ് കൃഷ്ണപ്രിയ പഠിക്കുന്നത്.

Content Highlights: Krishnapriya, a Class 7 student, helps her mother sell homemade snacks like unniyappam and sukhiyan., They travel from Kariyad to Edappally St George Forane Church every evening for business., Despite financial hardships and having to stop tuition, Krishnapriya aspires to become a teacher., The young girl demonstrates remarkable maturity and dedication to support her family of five siblings and mother.