കിഴങ്ങ് വർഗങ്ങൾകൊണ്ട് അടുക്കള നിറയുമ്പോൾ പരീക്ഷിക്കാം തിരുവാതിര പുഴുക്ക്

ആദ്യ വേനൽ മഴയോടെ നടുന്ന കിഴങ്ങു വർഗ്ഗങ്ങൾ മഞ്ഞു കാലം തുടങ്ങുന്നതോടെയാണ് പറിക്കാൻ തുടങ്ങുക. കാർഷിക കേരളത്തിന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പല തരം കിഴങ്ങുകൾ ചേർത്ത് ഉണ്ടാക്കുന്ന പുഴുക്ക്. ധനു മാസത്തിലെ തിരുവാതിരക്കാലത്ത് ഉണ്ടാക്കുന്ന ഒരു വിഭവം എന്ന നിലയിൽ ഇത് തിരുവാതിര പുഴുക്ക് എന്നു കൂടി അറിയപ്പെടുന്നു.
തിരുവാതിര പുഴുക്കിനായി എട്ട് ചേരുവകളാണ് അമ്മ ഉപയോഗിക്കാറുള്ളത്. (1) ചേന (2) ചേമ്പ് (3) കാച്ചിൽ (4) ചെറു കിഴങ്ങ് (5) കൂർക്ക (6) ഏത്തക്കാ (7) മധുര കിഴങ്ങ് (8) വൻ പയർ. കപ്പ ചേർക്കാറില്ല. എന്നാൽ ചിലർ പ്രധാന ചേരുവയായി തന്നെ കപ്പ (വേവിച്ച് വെള്ളം ഊറ്റി) ഉപയോഗിച്ചു കണ്ടിട്ടുണ്ട്. പ്രാദേശികമായി ലഭ്യമായത് എന്തോ അവ ചേർക്കും അത്ര തന്നെ. ചേരുവകളുടെ ലഭ്യതയനുസരിച്ച് അളവുകളിലും മാറ്റങ്ങൾ വരുത്താവുന്നതാണ്.
ചേരുവകൾ (നാലു പേർക്ക്)
- കാച്ചിൽ : ഒരു കിലോ
- ചേമ്പ് : അര കിലോ
- ചേന : അര കിലോ
- കൂർക്ക : കാൽ കിലോ
- ചെറു കിഴങ്ങ് : കാൽ കിലോ
- മധുര കിഴങ്ങ് : കാൽ കിലോ
- വൻ പയർ : 100 ഗ്രാം
- മഞ്ഞൾ പൊടി : അര ടീ സ്പൂൺ
- ജീരകം : ഒരു ടീ സ്പൂൺ
- വെളുത്തുള്ളി : നാല് ഇതൾ
- തേങ്ങ : 1 ( ചുരണ്ടിയത് )
- പച്ച മുളക് : നാല് ( വലുപ്പവും എരിവും അനുസരിച്ച്)
- കറിവേപ്പില : രണ്ട് തണ്ട്
- കുരുമുളക് പൊടി: അര ടീ സ്പൂൺ
- വെളിച്ചെണ്ണ : ഒരു ടേബിൾ സ്പൂൺ
- ഉപ്പ്, വെള്ളം ആവശ്യത്തിന്
പാചക ക്രമം
1. വൻ പയർ (എണ്ണ ചേർക്കാതെ) വറുത്ത് പതിനഞ്ചു മിനിറ്റ് വെള്ളത്തിലിട്ടു കുതിർത്ത് വേവിക്കുക.
2. ലഭ്യമായ മറ്റ് ചേരുവകൾ (കിഴങ്ങുകളും എത്തയ്‌ക്കയും) ഇടത്തരം കഷണങ്ങളായി കൊത്തി നുറുക്കി കഴുകി വയ്ക്കുക.
3. വറുത്തു കുതിർത്ത വൻ പയർ ലേശം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
4. ചുരണ്ടിയ തേങ്ങ, പച്ച മുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചെറുതായൊന്ന് ഒതുക്കി (നന്നായി അരയണ്ട) അരപ്പ് തയ്യാറാക്കുക.
5. വേവിച്ച വൻ പയറിലേക്ക് ഇടത്തരം കഷണങ്ങളായി അരിഞ്ഞ ചേരുവകൾ മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
6. കഷണങ്ങൾ വേവുന്ന മുറയ്ക്ക് അരപ്പ് ചേർത്ത് തിളപ്പിച്ച്, വെളിച്ചണ്ണ തൂവി, കുരുമുളക് പൊടിയും കറിവേപ്പിലയും വിതറി കുഴച്ച് വാങ്ങുക.
Content Highlights: Learn to make Thiruvathira Puzhuk, a beloved Kerala dish made with mixed tubers, beans, and coconut.