ചേരുവകൾ കുറവുള്ള, എളുപ്പം ഉണ്ടാക്കാവുന്ന, തേങ്ങ ചേർക്കാത്ത പൈനാപ്പിൾ മധുര കാളൻ

FLAVORS OF MEMORY
#രവീന്ദ്രൻ മുവാറ്റുപുഴ
പൈനാപ്പിൾ മധുര കാളൻ
പൈനാപ്പിൾ മധുര കാളൻ

ഏത്തപ്പഴം കൊണ്ടും പൈനാപ്പിൾ കൊണ്ടും അമ്മ മധുര കാളൻ ഉണ്ടാക്കാറുണ്ട്. വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം (സദ്യയോടൊപ്പം) ഉപ്പും എരിവും പുളിയും ഉള്ള കറികൾ മാത്രമല്ല മധുരമുള്ള കറികളും വേണമല്ലോ. ഈ നാലു രസങ്ങളും ഉള്ള കറി കൂട്ടിയുള്ള ഊണ് ഒരു സദ്യക്ക് സമം തന്നെ. അത്തരം ഒരു കറിയാണ്, എരിവും പുളിയും ഉപ്പും മധുരവുമുള്ള പൈനാപ്പിൾ മധുര കാളൻ.

പണ്ട് അച്ഛൻ കൊണ്ടുവന്ന ഒരു പൈനാപ്പിളിന്റെ മേൽ ഭാഗത്തെ പൊടിപ്പ് നട്ട് പൈനാപ്പിൾ ചെടി ഉണ്ടായിരുന്നു. അവയുടെ മൂട്ടിൽ ഉണ്ടായ കാനകൾ പറമ്പ് അതിരുകളിൽ നട്ടു പിടിപ്പിച്ചിരുന്നതും അവയിൽ നിന്നും കിട്ടിയിരുന്ന പഴങ്ങൾ കൂട്ടുകാരുമായി പങ്കിട്ട് ആഘോഷമായി കഴിച്ചിരുന്നതും ഓർക്കുന്നു. കറി വയ്ക്കാനുള്ള കഷണങ്ങളിൽ ഒന്നായി അമ്മ പൈനാപ്പിളിനെയും പരിഗണിച്ചിരുന്നു എന്നതിനാൽ തൊടിയിൽ നിന്നും പഴുത്ത പൈനാപ്പിൾ കിട്ടുന്ന ദിവസങ്ങളിൽ അമ്മ ഉണ്ടാക്കാറുള്ളത് പോലുള്ള, അതി രുചികരമായ, എന്നാൽ ചേരുവകൾ വളരെ കുറച്ചു മാത്രം ആവശ്യമുള്ള (തേങ്ങ പോലും വേണ്ടാത്ത) പൈനാപ്പിൾ മധുര കാളൻ ഇന്നുണ്ടാക്കിയത് ഇങ്ങനെയാണ്.

ചേരുവകൾ (നാലു പേർക്ക്)

  • ഇടത്തരം കഷണങ്ങളായി നുറുക്കിയ (നന്നായി പഴുത്ത) പൈനാപ്പിൾ - 1 കപ്പ്
  • അധികം പുളിക്കാത്ത കട്ടത്തൈര് - 1 കപ്പ്
  • പച്ച മുളക് - 3 ( വലുപ്പവും എരിവും അനുസരിച്ച് )
  • മഞ്ഞൾ പൊടി - 1 ടീ സ്പൂൺ
  • കടുക് താളിക്കാൻ
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • വറ്റൽ മുളക് - 2 എണ്ണം
  • കറി വേപ്പില - 2 തണ്ട്
  • കടുക് - 1 ടീ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

പാചക ക്രമം
1. കട്ടതൈര് ലേശം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
2. ഇടത്തരം കഷണങ്ങളായി നുറുക്കിയ പൈനാപ്പിൾ രണ്ടായി കീറിയ പച്ച മുളകും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
3. പൈനാപ്പിൾ വെന്തു കഴിഞ്ഞാൽ തീ ഓഫാക്കി, ഉടച്ച് ദ്രവ രൂപത്തിലാക്കിയ തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
4. ചീനചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ച് ഒഴിക്കുക കൂടി ചെയ്‌താൽ പണി കഴിഞ്ഞു.

Content Highlights: Learn to make delicious Pineapple Sweet Curry (Madura Kaalan) with just a few ingredients