ദോശ കഴിക്കാൻ മടിയാണോ?; കുട്ടികൾക്കിഷ്ടപ്പെടുന്ന കൂട്ടു ദോശ തയ്യാറാക്കി നോക്കിയാലോ ?

പണ്ട് വൈകുന്നേരങ്ങളിൽ അമ്മ കുതിർത്തിയ അരിയും ഉഴുന്നും ആട്ടു കല്ലിൽ അരച്ച് ദോശക്കുള്ള മാവ് തയ്യറാക്കുമ്പോൾ, പലവിധ രുചികളുള്ള ദോശയുടെ ആരാധകനായിരുന്ന ചെറിയമ്മാവൻ അതിനൊപ്പം ചിലപ്പോഴൊക്കെ കുതിർത്തിയ പരിപ്പോ, ചെറു പയറോ, കശുവണ്ടിയോ, റാഗിയോ ഒക്കെ ചേർക്കാറുണ്ട്. വ്യത്യസ്തമായ നിറവും മണവും രുചിയും ഗുണവുമുള്ള ദോശയ്ക്കൊപ്പം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കറി കടുമാങ്ങാ അച്ചാറായിരുന്നു. (അക്കാലത്ത് ദോശയ്ക്കൊപ്പം എന്നും ചമ്മന്തിയും സാമ്പാറുമൊന്നും ഉണ്ടാകാറില്ലല്ലോ).
അരിക്കും ഉഴുന്നിനും ഒപ്പം പരിപ്പ് / ചെറുപയർ, കായം, ചുവന്നുള്ളി, വറ്റൽ മുളക് എന്നിവ അരച്ചു ചേർത്ത് അമ്മ ഉണ്ടാക്കാറുള്ള ദോശയെ ഞങ്ങൾ "അട ദോശ" എന്നാണ് വിളിക്കാറുള്ളത്. "അട ദോശക്ക് കറി വേണ്ട" എന്നാണ് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുള്ള പഴമൊഴി.
അത്തരം ദിവസങ്ങളിലെ ദോശയുടെ രുചി ഇപ്പോഴും ഓർമ്മയിലുള്ളത് കൊണ്ടാണ് പതിവ് ദോശ തിന്നു മടുത്ത പേരക്കുട്ടികൾക്ക് വേണ്ടി ഇന്ന് വേറിട്ട രുചിയുള്ള ഈ കൂട്ടു ദോശ ഉണ്ടാക്കിയത്. വേറിട്ട രുചിയുള്ളത് മാത്രമല്ല ഈ ദോശ പോഷക സമ്പുഷ്ടവുമാണ് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഏത് തരം ചമ്മന്തിയും സാമ്പാറും ഈ ദോശയ്ക്ക് ചേരുമെങ്കിലും കടുമാങ്ങാ അച്ചാറാണ് ഏറ്റവും അനുയോജ്യം എന്നാണ് തോന്നിയിട്ടുള്ളത്.
ചേരുവകൾ (രണ്ടു ദോശ വീതം - നാലു പേർക്ക്)
- പച്ചരി - ഒരു ചെറു കപ്പ് (100 ML)
- ഉഴുന്ന് - ഒരു ചെറു കപ്പ് (100 ML)
- ഗോതമ്പ് - ഒരു ചെറു കപ്പ് (100 ML)
- ചെറുപയർ - ഒരു ചെറു കപ്പ് (50 ML)
- റാഗി - ഒരു ചെറു കപ്പ് (50 ML)
- ഉലുവ - ഒരു ടീ സ്പൂൺ (5 ML)
പാചക ക്രമം
(1) ചേരുവകൾ എല്ലാം 6-8 മണിക്കൂർ കുതിർത്തി അരയ്ക്കുക. മിക്സിയിൽ അരയ്ക്കുമ്പോൾ അരിയും ഉഴുന്നും ഉലുവയും ഒരുമിച്ച് കുതിർത്തി ഒരുമിച്ച് അരയ്ക്കാം. ചെറുപയറും റാഗിയും ഒരുമിച്ച്. ഗോതമ്പ് പ്രത്യേകം അരയ്ക്കുന്നതായിരിക്കും ഉചിതം. പിറ്റേന്നത്തെ ദോശക്ക് വേണ്ട മാവിന്റെ ചേരുവകൾ തലേദിവസം രാവിലെ ഏതാണ്ട് പത്തു മണിയോടെ വെള്ളത്തിലിടുക. വൈകിട്ട് അരയ്ക്കുക.
(2) നന്നായി അരച്ച് ഇളക്കി യോജിപ്പിച്ച മാവ് ദോശക്കല്ലിൽ എണ്ണ പുരട്ടി ചുട്ടെടുക്കുക. കടു മാങ്ങാ കറിക്കോ/ തേങ്ങാ ചമ്മന്തിക്കോ/ സാമ്പാറിനോ ഒപ്പം ചൂടോടെ വിളമ്പിക്കോളൂ.
(ഫോട്ടോയിൽ ദോശയ്ക്കും കടുമാങ്ങാ കറിക്കും ഒപ്പമുള്ളത് തേങ്ങയും പച്ച മുളകും ചുവന്നുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഉപ്പു ചേർത്ത് അരച്ച ചമ്മന്തിയാണ്)
Content Highlights: This recipe uses rice, lentils, and other grains for a nutritious and flavorful meal