ഉച്ചയൂൺ വ്യത്യസ്തമാക്കാം.. നെത്തോലി കൊണ്ട് മീൻ അവിയൽ പരീക്ഷിക്കാം

#രവീന്ദ്രൻ മൂവാറ്റുപുഴ
മീൻ അവിയൽ
മീൻ അവിയൽ

ഏതാണ്ട് അര നൂറ്റാണ്ട് മുൻപ് അവധി ദിനങ്ങളിൽ താഴെ പാടത്തെ കുളത്തിൽ സഹോദരങ്ങളുമൊത്ത് മീൻ പിടിക്കാൻ പോകുന്ന ദിനങ്ങളിൽ പലപ്പോഴും ഞങ്ങൾക്ക് കിട്ടാറുള്ളത് 10-12 ചെറു പരലുകളാണ്. അത് ഒരു കറിക്ക് തികയാറില്ല. ഒരു നാൾ അമ്മ തൊടിയിലെ ചേനയും ചേമ്പിൻ താളും പപ്പായയും അച്ചിങ്ങയും മാങ്ങയും അരിഞ്ഞ് അവിയൽ വയ്ക്കാൻ തുടങ്ങുമ്പോഴാണ് ഞങ്ങൾ കുറച്ച് പരലുമായി എത്തിയത്.

മീൻ കിട്ടുന്ന ദിവസം ഊണിന് മീൻ കറി വേണം എന്നു ഞങ്ങൾ വാശി പിടിക്കാറുണ്ടായിരുന്നു. ഞങ്ങളെ തൃപ്തിപ്പെടുത്താൻ പരൽ മീൻ ചേർത്ത് അമ്മ മീൻ അവിയൽ തയ്യാറാക്കുമായിരുന്നു. ആ രുചി ഓർമ്മയിൽ പറമ്പിൽ ചേനയും ചേമ്പിൻ താളും പപ്പായയും ഉള്ളപ്പോൾ പരലോ, കൊഴുവയോ, ചെറു ചാളയോ പോലുള്ള ചെറിയ മീൻ കൂടി കിട്ടിയാൽ മീൻ അവിയൽ ഉണ്ടാക്കാറുണ്ട്. ഇന്നു കിട്ടിയ കുറച്ച് കൊഴുവ / നെത്തോലി കൊണ്ട് മീൻ അവിയൽ ഉണ്ടാക്കിയത് ഇങ്ങനെ.

ചേരുവകൾ ( ആറു പേർക്ക്)

  1. കഴുകി വൃത്തിയാക്കിയ കൊഴുവ / നെത്തോലി - 200 ഗ്രാം
  2. ചേന - അര കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  3. പപ്പായ - അര കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  4. മുരിങ്ങക്കായ - അര കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  5. അച്ചിങ്ങ പയർ - അര കപ്പ് (രണ്ടിഞ്ച് നീളത്തിൽ മുറിച്ചത്)
  6. മാങ്ങ - അര കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  7. ചേമ്പിൻ താൾ - രണ്ട് കപ്പ് (പുറം തൊലി നീക്കി രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  8. പച്ച മുളക് - 2 എണ്ണം
  9. മുളക് പൊടി - രണ്ട് ടീ സ്പൂൺ
  10. മഞ്ഞൾ പൊടി - അര ടീ സ്പൂൺ
  11. തേങ്ങ ചിരകിയത് - ഒരു കപ്പ്
  12. ചുവന്നുള്ളി - നാല്
  13. ജീരകം - അര ടീ സ്പൂൺ
  14. വെളിച്ചെണ്ണ - ഒന്നര ടേബിൾ സ്പൂൺ
  15. കറിവേപ്പില - രണ്ട് തണ്ട്
  16. ഉപ്പ് പാകത്തിന്

പാചക ക്രമം

(1) തേങ്ങയും ഉള്ളിയും ജീരകവും മിക്സിയിൽ ചെറുതായൊന്ന് കറക്കി ഒതുക്കി അരപ്പ് തയ്യാറാക്കുക. അര ടീ സ്പൂൺ മുളക്പൊടിയും ഉപ്പും ലേശം വെള്ളത്തിൽ ചാലിച്ച് മീനിൽ പുരട്ടി വയ്ക്കുക.

(2) ചട്ടിയിൽ നുറുക്കിയ ചേനയും പപ്പായയും മുരിങ്ങക്കായും ചേമ്പിൻ താളും അച്ചിങ്ങയും രണ്ടായി കീറിയ പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും ഒരു ടീ സ്പൂൺ വെളിച്ചെണ്ണയും മുളക്പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ച് ചെറു തീയിൽ വേവിക്കുക (വെള്ളം ചേർക്കേണ്ടതില്ല).

(3) കഷണങ്ങൾ മുക്കാൽ വേവാകുമ്പോൾ ഉപ്പും മുളകും പുരട്ടി വച്ചിട്ടുള്ള മീനും അരിഞ്ഞ മാങ്ങയും അരപ്പും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ച് വേവിക്കുക.

(4) മീനും കഷണങ്ങളും വേവാകുന്ന മുറക്ക് അടുപ്പത്ത് നിന്നും വാങ്ങി (തീ ഓഫാക്കി) ഒരു കറിവേപ്പില തണ്ട് അടർത്തി വിതറി അര ടീ സ്പൂൺ വെളിച്ചെണ്ണ തൂവി പത്തു മിനിറ്റ് അടച്ചുവച്ച ശേഷം വിളമ്പാം

Content Highlights: Learn to make Meen Avial, a traditional Kerala dish. This recipe combines small fish with vegetables like yam, papaya, drumsticks, and mango for a unique flavor.