ഉച്ചഭക്ഷണം കുശാലാക്കാം, തേങ്ങാപ്പാൽ പുലാവും ചിക്കൻ റോസ്റ്റും

ഉച്ചയ്ക്ക് ഊണിന് പകരം തേങ്ങാപ്പാൽ പുലാവും ചിക്കൻ റോസ്റ്റും ആക്കിയാലോ? തയ്യാറാക്കുന്ന വിധം പരിശോധിക്കാം.
തേങ്ങാപ്പാൽ പുലാവ്
ചേരുവകൾ
- ബസ്മതി അരി - ഒന്നര കപ്പ്
- തേങ്ങാപ്പാൽ - 3 കപ്പ് (ഒന്നാം പാലും രണ്ടാംപാലും ചേർത്ത്)
- സവാള - 1 നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
- പച്ചമുളക് - 2 എണ്ണം
- കാരറ്റ് അരിഞ്ഞത് - 1/2 കപ്പ്
- ബീൻസ് അരിഞ്ഞത് - 1/2 കപ്പ്
- കറുകപ്പട്ട - 1 കഷ്ണം
- ഗ്രാമ്പു - 6-7
- ഏലക്ക - 6-7
- തക്കോലം - 1
- കറുകയില - 1
- ഗരം മസാല - 1 ടീസ്പൂണ്‍
- കശുവണ്ടി - 8-10
- കിസ്മിസ് - 8-10
- നെയ്യ് - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അതിലേക്ക് കറുകപ്പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കറുകയില , സവാള, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പച്ചമുളക് നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞ കാരറ്റ്, ബീൻസ് കൂടെ ചേർത്ത് 5 മിനുട്ട് വഴറ്റുക. അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ പാകത്തിന് ഉപ്പും കഴുകി വാർന്നു വച്ച അരിയും ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക. വെന്ത് പാകമായാൽ മേലെ അല്പം ഗരം മസാല, നെയ്യിൽ വറുത്ത കശുവണ്ടി, കിസ്മിസ് കൂടെ വിതറി അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ വിളമ്പാം.
ചിക്കൻ റോസ്റ്റ്
ചേരുവകൾ
- ചിക്കൻ - 1 കിലോ (fry cut)
- സവാള - 4 എണ്ണം
- ഇഞ്ചി വെളത്തുള്ളി പേസ്റ്റ് - 1 1/2 ടേബിൾസ്പൂൺ
- പച്ചമുളക് - 3 എണ്ണം
- തക്കാളി - 1
- മുളക്പൊടി - 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- പെരുംജീരകം - 1 ടേബിൾസ്പൂൺ
- കറുകപ്പട്ട - 2 കഷ്ണം
- ഏലക്ക - 6
- ഗ്രാമ്പു - 6-7
- തൈര് - 2 ടേബിൾസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- മല്ലിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിൽ 1/2 ടേബിൾസ്പൂൺ മുളക്പൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, തൈര്, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂർ വച്ച ശേഷം എണ്ണയിൽ വറുത്ത് മാറ്റി വെക്കുക (മുക്കാൽ വേവായാൽ മതിയാകും).
ചിക്കൻ വറുത്ത എണ്ണയിൽ തന്നെ പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ചുവന്നു പച്ചമണം മാറി വരുമ്പോൾ ബാക്കിയുള്ള മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് 1 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. കറി തിളച്ചു വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന ചിക്കൻ, നീളത്തിൽ അരിഞ്ഞ തക്കാളി എന്നിവ ചേർത്ത് കൊടുക്കാം. ആവശ്യമെങ്കിൽ അൽപം കൂടെ ഉപ്പ് ചേർത്ത് കൊടുക്കുക. കറി വെന്ത് ചാറു കുറുകി ചിക്കനിൽ പുരണ്ടു വരുന്ന പരുവമാകുമ്പോൾ മല്ലിയില അരിഞ്ഞത് കൂടെ തൂവി അടുപ്പിൽ നിന്നും മാറ്റാം.
Content Highlights: coconut milk pulao and chicken roast recipe