അഖിലും ശ്രിയയും ചേർന്ന് ‘ബെണ്ണെ’ ദോശയുണ്ടാക്കിയ കഥ!; 12 സീറ്റിൽ നിന്ന് 350 കോടിയിലേക്കുള്ള യാത്ര

മുംബൈയിലെ ബാന്ദ്രയിൽ വെറുമൊരു 12 സീറ്റർ റെസ്റ്ററന്റായി തുടങ്ങി ഇന്ന് കോടികളുടെ മൂല്യമുള്ള ബ്രാൻഡായി മാറിയ ബെണ്ണെ ദോശ എന്ന ദോശക്കടയുടെ വിജയഗാഥ പങ്കുവെച്ച് പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക. ബെംഗളൂരു, ദാവൺഗെരെ ശൈലിയിലുള്ള ദോശകൾ മുംബൈക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാക്കി മാറ്റിയതിന് പിന്നിലെ തന്ത്രങ്ങളാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചത്.

തൊട്ടടുത്തുള്ള വലിയ ബ്രാൻഡുകളോട് മത്സരിച്ച് കേവലം ചെറിയൊരു ഇടത്തിൽ നിന്ന് 350 കോടി രൂപ മൂല്യമുള്ള,  പല ബ്രാഞ്ചുകളുള്ള ബിസിനസിലേക്ക് ബെണ്ണെ വളർന്നതിനെക്കുറിച്ച് ഹർഷ് ഗോയങ്ക പോസ്റ്റിൽ പറയുന്നുണ്ട്.

‘മെനുവിൽ നൂറുകണക്കിന് വിഭവങ്ങൾ നിറയ്ക്കുന്നതിന് പകരം വളരെ പരിമിതമായ, എന്നാൽ അതിവിശിഷ്ടമായ വിഭവങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. രുചിയും മികച്ച ഗുണനിലവാരവും നിലനിർത്തിയത് ഉപഭോക്താക്കളെ വീണ്ടും വീണ്ടും അവിടെ എത്തിച്ചു. കർണാടകയിലെ പരമ്പരാഗത ദാവൺഗെരെ ബെണ്ണെ ദോശയുടെ അതേ രുചിയും സൗരഭ്യവും ഒട്ടും ചോർന്നുപോകാതെ മുംബൈയിൽ ലഭ്യമാക്കി. പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന അന്തരീക്ഷവും ഭക്ഷണരീതിയും ആളുകളെ സ്വാഭാവികമായും ആകർഷിച്ചു. ചെറിയ കടയായതിനാൽ തന്നെ പുറത്ത് എപ്പോഴും ആളുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. വഴിയാത്രക്കാരിൽ ഇത് വലിയ കൗതുകമുണ്ടാക്കി. പലരും 'എന്താണ് അവിടെ ഇത്ര പ്രത്യേകത?' എന്ന ചിന്തയിൽ കടയിൽ എത്താനും തുടങ്ങി.’ 

ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ആകർഷകമായ മാർക്കറ്റിങ് ചെറുപ്പക്കാരെ വളരെ വേഗത്തിൽ ആകർഷിച്ചു. ഭക്ഷണപ്രിയരും ഫുഡ് വ്‌ലോഗർമാരും ബെണ്ണെയെക്കുറിച്ചുള്ള വീഡിയോകൾ വൻതോതിൽ പങ്കുവെച്ചതോടെ ബ്രാൻഡ് അതിവേഗം ജനപ്രിയമായി.

വൻകിട റെസ്റ്ററന്റുകളും ആഗോള ഫാസ്റ്റ് ഫുഡ് ചെയിനുകളും വാഴുന്ന ബാന്ദ്ര പോലൊരു പ്രീമിയം ലൊക്കേഷനിൽ, പ്രാദേശിക രുചിയും കൃത്യമായ ബിസിനസ് തന്ത്രങ്ങളും കൂട്ടിയിണക്കിയാൽ ഏതൊരു ചെറിയ സംരംഭത്തിനും വൻ വിജയം കൊയ്യാനാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ബെന്നെയെന്ന് ഹർഷ് ഗോയങ്ക പറയുന്നു.

2024 മെയ് മാസത്തിലാണ് മുംബൈയിൽ ബെണ്ണെ ദോശക്കട ആരംഭിക്കുന്നത്. നടനും നിർമ്മാതാവുമായ അഖിൽ അയ്യരും ഭാര്യയും സൈക്കോളജിസ്റ്റുമായ ശ്രിയ നാരായണനും ചേർന്നാണ് ബെണ്ണെ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് മുംബൈയിലെത്തിയ ഇരുവരെ സംബന്ധിച്ചിടത്തോളം സ്വന്തം നാടിന്റെ ഒരംശം മുംബൈയിൽ തങ്ങളുടേതായ രീതിയിൽ സ്ഥാപിക്കുകയായിരുന്നു. അതിനുപിന്നിലും വ്യക്തിപരമായ അനുഭവമുണ്ട്. മുംബൈയിൽ ധാരാളം ദോശക്കടകൾ ഉണ്ടായിരുന്നെങ്കിലും എവിടെയും താനാഗ്രഹിക്കുന്ന രീതിയിലുള്ള ദോശ അഖിലിന് ലഭിച്ചിരുന്നില്ല. എങ്കിൽ പിന്നെ സ്വന്തമായി ഒന്നു ആരംഭിച്ചാലോ എന്ന ചിന്ത മനസ്സിലെത്തി. പക്ഷെ ഹോട്ടൽ ബിസിനസിനെ കുറിച്ചോ, ദോശ ഉണ്ടാക്കുന്നതിനെക്കുറിച്ചോ ധാരണയില്ല.

അങ്ങനെയാണ് ബെംഗളുരുവിലെ അവന്യൂറോഡിലുള്ള ഒരു ദോശ മാസ്റ്ററുടെ കീഴിൽ അഖിൽ പരിശീലനം നേടുന്നത്. ദോശ മാവുണ്ടാക്കുന്നതുമുതൽ ദോശ മറിച്ചിടുന്നതിലെ കൈവിരുത് വരെ അഖിൽ പഠിച്ചെടുത്തു. മുംബൈയിലെത്തി സ്വന്തം അടുക്കളയിൽ ദോശ പരീക്ഷണം ആരംഭിച്ചു. ഒടുവിൽ ഉദ്ദേശിച്ച രുചിയിൽ ബെണ്ണെ ദോശ പിറന്നു. സ്വർണ വർണത്തിലുള്ള നടുഭാഗം മൃദുവായ അരികുകൾ മൊരിഞ്ഞ ആ ദോശയ്‌ക്കൊപ്പം അവർ ചട്‌നിയും വിളമ്പി. രുചി തേടിയെത്തിയവരെല്ലാം ബെണ്ണെ ഒരു മീറ്റിങ് പോയിന്റാക്കി. രുചിക്കൊപ്പം വേറിട്ട അന്തരീക്ഷവും അവർ ഒരുക്കി. ഇരിപ്പിടത്തിന് പകരം സ്റ്റാൻഡിങ് ടേബിളുകൾ, സെൽഫ് സർവീസ് കൗണ്ടറുകൾ, ടോക്കൺ നമ്പറുകൾക്ക് പകരം വിളിപ്പേരുകൾ എല്ലാം ഒത്തുചേർന്നതോടെ ബെണ്ണെ സൂപ്പർ ഹിറ്റ്. റെസ്റ്ററന്റ് തുറക്കുന്നതിന് വളരെ മുൻപുതന്നെ തങ്ങളുടെ തയ്യാറെടുപ്പുകൾ വിവരിച്ചുകൊണ്ട് അഖിലും ശ്രിയയും കണ്ടന്റ് ക്രിയേഷൻ ആരംഭിച്ചിരുന്നു. വൈകാതെ ബെണ്ണെ തേടി ദീപിക പദുകോണും രൺവീറും വരെ അവിടെയെത്തി. സെലിബ്രിറ്റികളുടെ വരവോടെ ബെണ്ണെ വേറെ ലെവലിലേക്ക് ഉയർന്നു. ബെണ്ണെ ദോശയ്‌ക്കൊപ്പം ഇവിടെ പൊടി ഇഡ്ഡലി, ഫിൽട്ടർ കാപ്പി എന്നിവയും ഇവിടെ വിളമ്പുന്നുണ്ട്. ഈ ലാളിത്യം തന്നെയാണ് ബെന്നെയെ വ്യത്യസ്തമാക്കുന്നത്.

Content Highlights: Benne Dosa started as a 12-seater restaurant in Bandra, Mumbai., Grew into a 350 crore brand using strategic business approaches., Focused on a limited menu with authentic Davangere taste and high quality., Created natural hype through long queues and strong social media marketing by food vloggers.