നവരാത്രി ചടങ്ങിനിടെ തീയിൽ അകപ്പെട്ട സ്ത്രീയുടെ ദൃശ്യങ്ങളോ ഇത്? | Fact Check

അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒട്ടനവധി വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ദിനേന പ്രചരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വീഡിയോ ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ വൈറലാണ്. ‘ഒരു സ്ത്രീ തീജ്വാലകൾക്ക് നടുവിൽ നിന്ന് പരമ്പരാഗത ആചാരം അനുഷ്ഠിക്കുന്നതിനിടെ തീ ആളിപ്പടർന്ന് അപകടത്തിൽപ്പെട്ടു’ എന്ന അവകാശവാദത്തോടെയാണിത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം അപകടകരമായ ആചാരങ്ങൾ തുടരുന്നതിനെ ചോദ്യം ചെയ്തും മതപരമായ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി ചിത്രീകരിച്ചുമാണ് ഈ വീഡിയോ വിവിധ പ്രൊഫൈലുകൾ വഴി പങ്കുവെക്കപ്പെട്ടത്. ഒരു എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത്. പക്ഷെ, ഈ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ് എന്നതാണ് യാഥാർഥ്യം.
What kind of religious tradition is this where a woman has to stand in the middle of fire and perform her devotion?
During Navratri, women stood.
amidst the flames and prayed. as the flames raged, she began screaming for help.
In the 21st century, we still need to ask:… pic.twitter.com/J2z7shglBg— Dhruvaa (@ripper_dhruvaa) October 15, 2026
അന്വേഷണം
വീഡിയോയുടെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. അന്വേഷണത്തിൽ 'Film Maker Narendra 0032' എന്ന യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ ഒക്ടോബർ 2-ന് അപ്ലോഡ് ചെയ്തതായി കണ്ടെത്തി. ഈ വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചപ്പോൾ, ഇത് ഏതെങ്കിലും മതപരമായ ചടങ്ങിനിടെ നടന്ന അപകടമല്ലെന്നും മറിച്ച് ഒരു സിനിമാ സെറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണെന്നും വ്യക്തമായി. ക്യാമറ ഉൾപ്പടെയുള്ള ഷൂട്ടിംഗ് ഉപകരണങ്ങളും അണിയറപ്രവർത്തകരെയും ഈ ദൃശ്യങ്ങളിൽ കാണാം.
https://youtube.com/shorts/0eQyAuEUtA0?si=RmsxyYdu3ESIuEZv
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 'H News Bhojpuri' എന്ന പ്രാദേശിക മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ ഈ സംഭവത്തെക്കുറിച്ച് ഒക്ടോബർ 3-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി. ബോജ്പുരി നടിയായ സഞ്ജന പാണ്ഡെ ഉൾപ്പെട്ട സിനിമാ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സെറ്റിലുണ്ടായിരുന്ന അണിയറപ്രവർത്തകർ ഇടപെട്ട് ഉടനടി തീ അണയ്ക്കുകയും നടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. അവർക്ക് സാരമായ പരിക്കുകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
വാസ്തവം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തീജ്വാലകൾക്ക് നടുവിൽ നിന്ന് മതപരമായ ചടങ്ങുകൾ നടത്തുന്നതിനിടെ സ്ത്രീ അപകടത്തിൽപ്പെട്ടെന്ന പ്രചാരണം വ്യാജമാണ്. ഒരു സിനിമ ചിത്രീകരണത്തിനിടെ ബോജ്പൂരി നടിയായ സഞ്ജന പാണ്ഡെ അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral video claimed a woman caught fire during a Navratri ritual in 2026., Fact check reveals the video is actually from a Bhojpuri movie shooting set., Bhojpuri actress Sanjana Pandey accidentally caught fire during filming but was safely rescued., Social media claims linking the video to dangerous religious rituals are completely false.