മോട്ടോർ വാഹന വകുപ്പ് ഇ-ചെലാൻ നോട്ടീസുകളിൽനിന്ന് ഫോട്ടോകൾ ഒഴിവാക്കിയോ?

#ഷിബിന വാസുദേവൻ

മോട്ടോർ വാഹന വകുപ്പ് (MVD) ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാൻ നോട്ടീസുകളിൽനിന്ന് വാഹന യാത്രക്കാരുടെ ഫോട്ടോകൾ ഒഴിവാക്കാൻ തീരുമാനിച്ചു എന്നതരത്തിൽ ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എഐ ക്യാമറകൾ പകർത്തിയ ചിത്രങ്ങൾ വീട്ടിലേക്ക് അയക്കുന്നത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുവെന്നും കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നുമുള്ള പരാതികളെത്തുടർന്നാണ് എംവിഡി ഇത്തരമൊരു മാറ്റം വരുത്തുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, അന്വേഷണത്തിൽ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

പോസ്റ്റിൽ പറയുന്നത്:

“മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഇ-ചെല്ലാൻ പിഴ നോട്ടീസുകളിൽ ഒപ്പമുള്ള യാത്രക്കാരുടെ ഫോട്ടോകൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ തീരുമാനം. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ പിഴ അടയ്ക്കാനുള്ള നോട്ടീസിനൊപ്പം വീട്ടിലേക്ക് അയക്കുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതിനും കുടുംബ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ നടപടി. പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ട്രാഫിക് ലംഘനങ്ങൾക്കുള്ള ചെല്ലാനുകളിൽ നിന്ന് യാത്രക്കാരുടെ ചിത്രങ്ങൾ ഒഴിവാക്കാനോ വ്യക്തത ഇല്ലാതാക്കാനോ ഉള്ള മാറ്റങ്ങൾ MVD വരുത്തുകയാണ്”

അന്വേഷണം

വിഷയവുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഈ വാദത്തെ സാധൂകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഇ-ചെലാനുകളിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് (എംവിഡി) തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയതായി കണ്ടെത്തി.

മോട്ടോർ വാഹന വകുപ്പിന്‍റെ എഫ് ബി പോസ്റ്റിൽ പറയുന്നത് -

“മോട്ടോർ വാഹന വകുപ്പിൻ്റെ ഇ-ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിൻ്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമുഹിക മാധ്യമങ്ങളിൽ ഉൾപ്പെടുന്ന മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ്/നിർദ്ദേശം നിലവിലുണ്ട് മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ല എന്ന് അറിയിക്കുന്നു.

വാസ്തവം

ഇത്തരത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല എന്ന് എംവിഡി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: A viral message claimed MVD removed photos from e-challan notices due to privacy concerns., Fact check reveals the viral message is completely false and misleading., Kerala Motor Vehicles Department confirmed no such order or decision has been issued.