വേൾഡ് ട്രേഡ് സെന്റർ ആക്രമണം: ഗൂഢാലോചനകൾക്ക് പിന്നിലെ വാസ്തവം | Fact Check

#മാതൃഭൂമി ഫാക്ട് ചെക്ക്
പ്രതീകാത്മകചിത്രം | ഇന്‍ഫോഗ്രാഫിക്‌സ്: സേതുരാമന്‍
പ്രതീകാത്മകചിത്രം | ഇന്‍ഫോഗ്രാഫിക്‌സ്: സേതുരാമന്‍

അമേരിക്കയുടെ ആത്മാഭിമാനത്തിനേറ്റ മുറിവിന് ഇന്ന് രണ്ട് പതിറ്റാണ്ട്. അൽ ഖായിദ തീവ്രവാദികൾ അമേരിക്കയിലെ തന്ത്രപ്രധാനമായ മൂന്ന് സഥലങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഭീകരാക്രമണം, യു.എസ്. എന്ന ലോകശക്തിയെ മാത്രമല്ല, ലോകമനഃസാക്ഷിയെ തന്നെ നടുക്കി. അമേരിക്കൻ ജനതയുടെ അഭിമാനസ്തംഭമായ വേൾഡ് ട്രേഡ് സെന്റർ കൃത്യമായ ആസൂത്രണത്തോടെ അൽ ഖായിദ ഭീകരർ നിലംപരിശാക്കി. 

എന്നാൽ, സെപ്തംബർ 11 ആക്രമണത്തിന്റെ രണ്ടാം ദിവസം മുതൽ ലോകമാകെ പല ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയർന്നുവന്നു. ഇവയിൽ പലതും യു.എസ്. സർക്കാർ നിയോഗിച്ച 9/11 കമ്മീഷനും മറ്റ് സർക്കാർ  ഏജൻസികളും നിരാകരിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇവ പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 
ഇവയിൽ ചിലത്  മാതൃഭൂമി ഫാക്ട് ചെക്ക് വിലയിരുത്തുന്നു.

ഇന്‍ഫോഗ്രാഫിക്‌സ്: സേതുരാമന്‍

നോ പ്ലെയിൻ സിദ്ധാന്തം

സെപ്റ്റംബർ 11 ആക്രമണത്തിൽ വിമാനം ഉപയോഗിച്ചിരുന്നില്ലെന്ന തരത്തിൽ ഒരു വാദം പ്രചരിക്കുന്നുണ്ട്. ബുഷ് ഭരണകൂടത്തിൽ ലേബർ വകുപ്പിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന മോർഗൻ റെയ്നോൾഡ്സാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്. ബ്രിട്ടീഷ് ചാരസംഘടനയായ M15-ലെ മുൻ ഓഫീസറായിരുന്ന ഡേവിഡ് ഷെയ്ലർ, ഫ്രഞ്ച് പത്രപ്രവർത്തകനായ ത്യേരി മെസാങ് എന്നിവരും ഈ വാദത്തിനെ പിന്തുണക്കുന്നു.

വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ ഫ്‌ളൈറ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്‌ളൈറ് 175 എന്നീ ബോയിങ് വിമാനങ്ങളാണ് ഇടിച്ചിറക്കിയത്. എന്നാൽ ബോയിങ് വിമാനങ്ങൾക്ക് അങ്ങനെ ഒരു പ്രഹരം ഏല്പിക്കാൻ സാധിക്കില്ലെന്നാണ് റെയ്നോൾഡ്സിന്റെ അഭിപ്രായം. ഡിജിറ്റൽ കംപോസിറ്റിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിച്ചെടുത്ത വീഡിയോയാണ്  മാധ്യമ റിപ്പോർട്ടുകളിലും പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. 

ഡേവിഡ് ഷെയ്ലറിന്റെ അവകാശപ്രകാരം വിമാനത്തിന് പകരം മിസൈലുകളാണ് കെട്ടിടങ്ങളിൽ വന്നു പതിച്ചത്. ഹോളോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ചു വിമാനങ്ങളെന്ന് തോന്നിക്കുന്ന രീതിയിൽ നിർമ്മിച്ചെടുത്ത വീഡിയോയാണ് എല്ലാവരും ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 

ഇന്‍ഫോഗ്രാഫിക്‌സ്: സേതുരാമന്‍

വാസ്തവം വ്യത്യസ്തമാണ്

ബി.ബി.സി. ലൈവ് റിപ്പോർട്ടിങ് നടക്കുന്നതിനിടെ അതേ ക്യാമറാ ഫ്രെയിമിൽ ആദ്യവിമാനം വന്നിടിക്കുന്ന ദൃശ്യം ലഭിച്ചു. ആക്രമണ വിവരമറിഞ്ഞു മറ്റെല്ലാ മാധ്യമങ്ങളും സംഭവസ്ഥലത്ത് എത്തുകയും രണ്ടാം ആക്രമണ ദൃശ്യം എല്ലാവർക്കും കിട്ടുകയും ചെയ്തു. ഇതു സംബന്ധിച്ച് യൂട്യൂബിൽ പല അമേരിക്കൻ മാധ്യമങ്ങളുടെയും  വിഡിയോകൾ ലഭ്യമാണ്. ഒപ്പം വിമാനങ്ങൾ കെട്ടിടത്തിൽ വന്നു പതിക്കുന്നത് കണ്ടതായി ദൃക്സാക്ഷി 
വിവരണവുമുണ്ട്.

2013-ലെ സർവേയിൽ ഒരു വിമാനത്തിന്റെ ചിറക് സംഭവസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ന്യൂയോർക്കിലെ 9/11  മെമ്മോറിയൽ മ്യൂസിയത്തിൽ അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് 11-ന്റെ ഭാഗങ്ങൾ പ്രദർശനത്തിന് 
വെച്ചിട്ടുമുണ്ട്. അതിനാൽതന്നെ നോ പ്ലെയിൻ സിദ്ധാന്തം എല്ലാവരും പൊതുവെ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാലും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചിലർ ഇത് പ്രചരിപ്പിക്കുന്നുണ്ട്.

സൗദിക്ക് പങ്കുണ്ടോ?

ആക്രമണത്തെക്കുറിച്ച് യു.എസ്., സൗദി എന്നീ രാജ്യങ്ങളിലെ മുൻ ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന മൗനത്തിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്നും അമേരിക്കയിലുണ്ട്.
മുഖ്യസൂത്രധാരനായ അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദനും ഭീകരാക്രമണത്തിന് നേരിട്ട്  പങ്കാളികളായവരിൽ 15 പേരും സൗദി അറേബ്യക്കാർ ആണെന്നുള്ളതാണ് അവരുടെ പങ്കിനെ കുറിച്ച് സംശയമുയർന്നുവരാൻ  കാരണം. (https://edition.cnn.com/2013/07/27/us/september-11th-hijackers-fast-facts/index.html)

എന്നാൽ, ഈ  ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച തോമസ് കീൻ അധ്യക്ഷനായ നാഷണൽ കമ്മീഷൻ ഓൺ ടെററിസത്തിന്റെ റിപ്പോർട്ട് അനുസരിച്ചു സൗദി അറേബ്യ അൽ ഖായിദക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകിയതിന് തെളിവില്ല. 

നിയന്ത്രിത സ്‌ഫോടനം 

സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണമാണ് 'വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടത് വിമാനം ഇടിച്ചിറങ്ങിയല്ല, മറിച്ച് അമേരിക്കൻ സർക്കാരിന്റെ അറിവോടെ നടത്തപ്പെട്ട ഒരു നിയന്ത്രിത സ്‌ഫോടനമായിരുന്നുവെന്നത്'. അതിന് കാരണമായി 'സിദ്ധാന്തവാദികൾ' പറയുന്നത് വിമാനം ആദ്യം ഇടിച്ചിറങ്ങിയ നോർത്ത് ടവർ, തൊട്ടടുത്ത സൗത്ത് ടവറിലേക്ക് പതികേണ്ടതാണെന്നും അങ്ങനെ സംഭവിക്കാത്തതുകൊണ്ട് ഇത് നിയന്ത്രിത സ്‌ഫോടനമാണെന്നുമാണ്. 

ആക്രമണത്തെക്കുറിച്ച്  വിശദമായി പഠിക്കാൻ അമേരിക്കൻ സർക്കാർ നിയോഗിച്ച  ഫെമ (ഫെഡറൽ എമർജൻസി മാനേജ്മന്റ് ഏജൻസി) സെപ്തംബർ 11-ലെ ഭീകരാക്രമണത്തെ പറ്റിയുള്ള റിപ്പോർട്ട് 2002-ൽ  പ്രസിദ്ധികരിച്ചു. FEMA റിപ്പോർട്ടിന്റെ ലിങ്ക്: https://www.fema.gov/pdf/library/fema403_ch1.pdf 

ഇതോടൊപ്പം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ടെക്‌നോളജിയും (NIST) ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. മൂന്നുവർഷത്തെ അന്വേഷണത്തിന് ശേഷം, 2005-ലാണ് അവരുടെ റിപ്പോർട്ട് പുറത്തിറങ്ങിയത്. ഈ റിപ്പോർട്ടുകൾ പ്രകാരം വിമാനങ്ങൾ ഇടിച്ചിറങ്ങിയതിനെ തുടർന്നുണ്ടായ തീപ്പിടിത്തമാണ് ട്വിൻ ടവറുകൾ തകരാനുള്ള പ്രധാന കാരണം. അല്ലാതെ, വിമാനങ്ങൾ ഇടിച്ചിറങ്ങിയതിന്റെ മാത്രം ആഘാതമോ സ്ഫോടക  വസ്തുക്കൾ ഉപയോഗിച്ചതോ അല്ല.

തീപ്പിടിത്തം  കാരണം തെർമൽ എക്‌സ്പാൻഷൻ നടക്കുകയും കെട്ടിടാവശിഷ്ടങ്ങൾ താഴത്തെ നിലകളിലേക്കു പതിച്ച്, അവിടെ സമാനരീതിയിൽ തീപിടുത്തമുണ്ടാവുകയും ചെയ്തു. 

വിമാനം ഇടിച്ചിറങ്ങിയത് കൊണ്ട് ഒരു ടവർ എന്തുകൊണ്ട് അടുത്തുള്ളത്തിന്മേൽ പതിച്ചില്ല എന്നുള്ള ആരോപണങ്ങൾക്ക്  ഈ റിപോർട്ടുകൾ  മറുപടി നൽകുന്നു.  

NIST റിപ്പോർട്ടിന്റെ ലിങ്ക്: https://nvlpubs.nist.gov/nistpubs/Legacy/NCSTAR/ncstar1.pdf
കടപ്പാട്: ദി കോൺവെർസേഷൻ, ന്യൂയോർക്ക് ടൈംസ് 

ഭീകരാക്രമണത്തിൽ ഇസ്രായേലിനും ജൂതന്മാർക്കും പങ്ക്?

അഭിമാനസ്തംഭങ്ങൾക്കേറ്റ പ്രഹരം നെഞ്ചിലേറ്റിയ അമേരിക്കൻ ജനങ്ങളിലൊരു വിഭാഗം, പ്രത്യേകിച്ചും തീവ്രവലതുപക്ഷവാദികൾ ഉൾപ്പെടെയുള്ളവർ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഇസ്രയേലും അദൃശ്യമായി ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന അതിശക്തരായ ഏതാനും ജൂതന്മാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രചരിക്കപ്പെട്ടു.

ആധുനിക ലോകത്തെ ആദ്യ ആസൂത്രിത (ഗൂഢാലോചന സിദ്ധാന്ത) പ്രചാരണമാണ് ഇന്റർനെറ്റ് വഴി ജൂതന്മാർക്കെതിരെ നടന്നതെന്നാണ് പലരുടെയും അഭിപ്രായം. ഈ ആക്രമണങ്ങളിൽ അൽ ഖായിദയുടെ പങ്കിനെ ഇവർ നിരാകരിക്കുന്നു. 20 വർഷത്തിനിപ്പുറവും ഇതേ ആരോപണങ്ങൾ പല കോണുകളിൽ നിന്നായി ഇന്നും ഉയർന്നു വരുന്നുണ്ട്.

ആരോപണങ്ങൾ

ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജൂതമത വിശ്വാസികളായ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഗൂഢാലോചന സൈദ്ധാന്തികരുടെ അവകാശവാദം. നാലായിരത്തോളം വരുന്ന ജൂതമത വിശ്വാസികൾ സെപ്തംബർ 11-ാം തീയ്യതി വേൾഡ് ട്രേഡ് സെന്ററിൽ ജോലിക്ക് എത്തിയിരുന്നില്ല. ആക്രമണം സംബന്ധിച്ച് അവർക്ക് നേരത്തെ വിവരം ലഭിച്ചതായിരുന്നു ഇതിന് കാരണമെന്നും പ്രചരിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടായിരത്തിൽപ്പരം ഇരകളിൽ 119 പേർ ജൂതന്മാരാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ആകെ കൊല്ലപ്പെട്ടവരിൽ (തിരിച്ചറിഞ്ഞവരിൽ) 9.2% ജൂതമതവിശ്വാസികളാണെന്നാണ് ബി.ബി.സി. നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. ഭീകരാക്രമണത്തിൽ അന്ന് കൊല്ലപ്പെട്ടവരിൽ ഏകദേശം 400 പേരോളം ജൂതന്മാരായിരിക്കാമെന്നാണ് കണക്കാക്കുന്നത്.

ആദ്യ വിമാനം ടവറിൽ ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങൾ ആദ്യമായി ക്യാമറയിൽ പകർത്തിയതും ജൂതന്മാരാണെന്ന വാദവും ഉണ്ട്.

അമേരിക്കയിലെ അഗ്‌നിശമന സേനാ വിഭാഗം എഞ്ചിൻ 7-ലെ 13 അംഗസംഘം അന്നേ ദിവസം നടത്തിയ റൂട്ടീൻ ചെക്കപ്പിന്റെ ഭാഗമായി ചിത്രീകരിച്ച  വീഡിയോയിലായിരുന്നു ആദ്യവിമാനം ട്വിൻ ടവറിൽ ഇടിച്ചിറിക്കുന്ന ദൃശ്യം ലഭിച്ചത്. 
naudet brothers 9/11 ഡോക്യുമെന്ററിയിൽ ഈ ദൃശ്യങ്ങൾ കാണാം : https://www.youtube.com/watch?v=miA8Td4oNcY

ഭീകരാക്രമണം നടന്ന് നാലു മണിക്കൂർ കഴിഞ്ഞ് അഞ്ച് ഇസ്രയേൽ സ്വദേശികൾ അറസ്റ്റിലായതായി ന്യൂയോർക്ക് ടൈംസും ഇസ്രയേൽ പത്രമായ ഹാറെത്‌സും റിപ്പോർട്ട് ചെയ്തിരുന്നു. സംശയകരമായ സാഹചര്യത്തിൽ വാഹനത്തിന് മുകളിലിരുന്ന് അപകടശേഷമുള്ള പുകച്ചുരുളുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം. പരിശോധനയിൽ ഇവരുടെ വാഹനത്തിൽനിന്ന് 4700 ഡോളർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതും കൂടുതൽ വിവാദങ്ങളിലേക്ക് നയിച്ചു. 
https://www.haaretz.com/1.5396918

സംഘത്തിലുണ്ടായിരുന്നവരെ രണ്ടു മാസത്തിൽ കൂടുതൽ കാലം തടവിലിടുകയും വിശദമായ ചോദ്യം ചെയ്യലിനും നുണപരിശോധനകൾക്കും വിധേയമാക്കുകയും ചെയ്തു. എന്നാൽ, ഇവരിൽ പോൾ കർസ്ബർഗ് എന്നയാൾ നുണപരിശോധന നടത്താൻ വിസമ്മതിച്ചു. ഇവർ ജോലി ചെയ്തിരുന്ന അർബൻ മൂവിങ് സിസ്റ്റം എന്ന സ്ഥാപനത്തിൽ പരിശോധന നടക്കുകയും ഉടമയായ ഡൊമനിക് സൂട്ടറെയും ചോദ്യം ചെയ്തു. എന്നാൽ, തുടർ ചോദ്യംചെയ്യലുകൾക്ക് നിൽക്കാതെ ഇയാൾ ഇസ്രയേലിലേക്ക് കടന്നു കളഞ്ഞു. ആക്രമണത്തിൽ ഇസ്രായേൽ ചാര സംഘടനയ്ക്ക് പങ്കുണ്ടെന്ന വാദം അന്വേഷണ ഉദ്യോഗസ്ഥർ തള്ളി. 
https://archive.seattletimes.com/archive/?date=20020307&slug=notspies07

സൗദി അറേബ്യ ഭരണാധികാരിയും അന്ന് റിയാദ് പ്രവിശ്യ ഗവർണ്ണറുമായ സൽമാൻ രാജാവ് ഇസ്രയേലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ആക്രമണത്തിലെ സൗദി പൗരന്മാരുടെ പങ്ക് സംബന്ധിച്ചു അമേരിക്കയുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകാനാവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്.

https://www.i24news.tv/en/news/israel/diplomacy-defense/81029-150805-saudi-king-salman-blamed-9-11-attacks-on-israel-us-official

Content Highlights: World Trade Center Terrorist Attack 9/11 and Conspiracy Theory | Fact Check

Content Highlights: