ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളോ ഇത്?|Fact Check

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പശ്ചിമ ബംഗാൾ പോലീസും ആഘോഷമാക്കി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പോലീസ് സേന ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തോടെയാണ് പലരും ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് നിരവധി പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
പോലീസുകാരുടെ ഒരു സംഘം റോഡിലൂടെ നൃത്തം ചെയ്ത് പോകുന്നതാണ് ദൃശ്യങ്ങളിൽ. വാട്സാപ്പിന് പുറമേ ഫേസ്ബുക്കിലും ഇതേ വീഡിയോ പശ്ചിമബംഗാളിൽ നടന്ന ബിജെപി വിജയാഘോഷത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപേ സാമൂഹികമാധ്യമങ്ങളിൽ ലഭ്യമാണ്. കൃത്യമായി പറഞ്ഞാൽ 2022 സെപ്തംബർ 22 ന് @yasharatevlogs എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിൽ പോലീസും പങ്കുചേരുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുൻപുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് ഇതിൽ നിന്നു വ്യക്തമാണ്.
https://www.youtube.com/shorts/0_w5t-4rmTY
വൈറൽ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്ന് തുടർന്ന് പരിശോധിച്ചു. വീഡിയോയുടെ തലക്കെട്ടിൽ കോലാപ്പൂർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കോലാപ്പൂർ. വൈറൽ ദൃശ്യങ്ങളിൽ കാണുന്ന ലാൻഡ്‌മാർക്കുകൾ ഉൾപ്പടെ ഉള്ളവയെ അടിസ്ഥാനമാക്കി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധിനയിൽ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ളത് തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ചുവടെ കാണാം.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി 2022-ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടന്ന ഗണപതി വിഗ്രഹ നിമഞ്ജന ചടങ്ങിലെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video falsely claims police celebrated a BJP election victory., The footage is actually from a 2022 Ganesha Visarjan procession., Geolocated to Kolhapur, Maharashtra, not West Bengal., Original video uploaded on YouTube in September 2022.