1950-ൽ ശബരിമലയിൽ നിന്നുള്ള ദൃശ്യങ്ങളല്ല പ്രചരിക്കുന്നത് | Fact Check

മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി പ്രചാരണങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് 1950-ൽ ശബരിമലയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോ. കാനനപാതയിലൂടെ നടന്നുനീങ്ങുന്ന അയ്യപ്പഭക്തരുടേയും ഒരു കടുവയുടേയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എന്നാൽ, പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ ശബരിമല തീർത്ഥാടന ദൃശ്യങ്ങൾ അല്ലെന്നും 1975-ൽ പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പൻ' എന്ന സിനിമയിൽനിന്നുള്ള ദൃശ്യങ്ങളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
'1950ലെ ശബരിമല കാഴ്ചകൾ 🙏🏻' എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ കാണാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യങ്ങളടങ്ങുന്ന യൂട്യൂബ് വീഡിയോ ലഭ്യമായി. 'സ്വാമി അയ്യപ്പൻ' എന്ന തമിഴ് ചിത്രത്തിലെ 'സ്വാമിയെ ശരണം എൻ അയ്യപ്പ' എന്ന പാട്ടാണ് ഇതെന്ന് യൂട്യൂബ് വീഡിയോയുടെ തലക്കെട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈറൽ വീഡിയോയിലെ കടുവയുടേത് ഉൾപ്പെടെയുള്ള രംഗങ്ങൾ സിനിമാ ഗാനത്തിന്റെ വീഡിയോയിലുമുണ്ട്. യൂട്യൂബ് വീഡിയോയിലെ പ്രസക്ത ഭാഗം ചുവടെ കാണാം.
https://www.youtube.com/watch?v=5tlBpjE-k8lA
തുടർന്ന് അന്വേഷിച്ചത് 'സ്വാമി അയ്യപ്പൻ' എന്ന ചിത്രത്തെ കുറിച്ചാണ്. 1975-ൽ തമിഴിലും മലയാളത്തിലും നിർമ്മിച്ച സിനിമയാണ് ഇതെന്ന് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. 'സ്വാമി അയ്യപ്പൻ സിനിമ 50 ലേക്ക്; ഈ റോഡും' എന്ന തലകെട്ടിൽ 2024 ഡിസംബർ 15-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 1975 ആഗസ്റ്റിലാണ് ചിത്രം പുറത്തിറങ്ങിയതെന്ന് വ്യക്തമാക്കുന്നു. സിനിമയിൽനിന്നു ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിച്ചാണ് ശബരിമലയിൽ ഇന്നും ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡ് നിർമ്മിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മെരിലാൻഡ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്‌മണ്യമാണ് ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവും. 20 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഈ സിനിമ 5 കോടി രൂപയോളം ലാഭമുണ്ടാക്കി. ഈ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ചുവടെ കാണാം.
https://www.mathrubhumi.com/special-pages/sabarimala-2024/swami-ayyappan-movie-turns-50-1.10166609
വിനോദിനി, തിക്കുറിശ്ശി സുകുമാരൻ നായർ, ജെമിനി ഗണേശൻ, ബഹദൂർ, കെ. ബാലാജി, ലക്ഷ്മി, റാണി ചന്ദ്ര, ശ്രീവിദ്യ, സുകുമാരി തുടങ്ങിയവർ സ്വാമി അയ്യപ്പൻ സിനിമയിൽ വേഷമിട്ടിട്ടുണ്ടെന്ന് imdb വെബ്‌സൈറ്റ് പറയുന്നു. ഈ സിനിമയുടെ മലയാളം തിരക്കഥ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. 'ഹരിവരാസനം' ഗാനവും സ്വാമി അയ്യപ്പൻ സിനിമയിലുണ്ട്.
1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ സിനിമ ചിത്രീകരിച്ചത് മെരിലാൻഡ് സ്റ്റുഡിയോയിലും ശബരിമല ക്ഷേത്രപരിസരത്തുമാണെന്ന് Zn lnµp പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ഛായാഗ്രാഹകൻ (മസ്താൻ), മികച്ച ഗാനരചയിതാവ് (വയലാർ രാമവർമ്മ), മികച്ച ബാലതാരം (മാസ്റ്റർ രഘു), ജനപ്രിയവും കലാമൂല്യവുമുള്ള മികച്ച സിനിമ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഈ ചിത്രം സംസ്ഥാന അവാർഡുകൾ നേടി. Zn lnµp റിപ്പോർട്ട് ഇവിടെ വായിക്കാം.
https://www.thehindu.com/features/metroplus/swami-ayyappan-1975/article6668078.ece
വൈറൽ വീഡിയോയിലുള്ള സമാനദൃശ്യങ്ങൾ തന്നെയാണ് മലയാളത്തിലുള്ള സ്വാമി അയ്യപ്പൻ സിനിമയിലെ 'സ്വാമി ശരണം ശരണം പൊന്നയ്യപ്പ' എന്ന ഗാനരംഗത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോ ചുവടെ കാണാം.
https://www.youtube.com/watch?v=0BTejBNIRh8
ലഭ്യമായ വിവരങ്ങളിൽനിന്നു 1950-ലെ ശബരിമലയുടെ ദൃശ്യങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്നത് 1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ സിനിമയിലെ രംഗങ്ങളാണെന്ന് വ്യക്തമായി.
വാസ്തവം
വൈറൽ വീഡിയോ 1950ൽ പതർത്തിയതല്ല. 1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനരംഗമാണിത്.
( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: The video shows Ayyappa devotees and a tiger walking along a forest path