‘ആശുപത്രി കിടക്കയിൽ സോണിയ ഗാന്ധി, ഒപ്പം രാഹുലും പ്രിയങ്കയും’ പ്രചരിക്കുന്നത് എഐ ചിത്രം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാർച്ച് 25-ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നടന്ന മഹാസംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഇപ്പോൾ, രാഹുൽ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിന് പിന്നാലെ, രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയിൽ നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ പരിഭാഷ:

“കോൺഗ്രസ് പാർലമെന്ററി പാർട്ടി (CPP) അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി ജിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (APCC) ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ഊഷ്മളമായ ആശംസകളും നേരുന്നു. അവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും അശ്രാന്തമായ അർപ്പണബോധവും രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളും നമ്മുടെ സംസ്ഥാനമുൾപ്പെടെ രാജ്യത്തുടനീളമുള്ള എണ്ണമറ്റ ജനങ്ങൾക്ക് ഇന്നും വലിയ പ്രചോദനമാണ്. പുത്തൻ ഊർജത്തോടെ ഞങ്ങളെ എല്ലാവരെയും നയിക്കാനും പ്രചോദിപ്പിക്കാനും അവർ എത്രയും വേഗം മടങ്ങിവരട്ടെ. ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉണ്ടാകും”.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

https://www.facebook.com/photo?fbid=1521070782708369&set=a.573535294128594

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്നതുപോലെ അതിസങ്കീർണമായ അവസ്ഥയിലായിരുന്നില്ല സോണിയ ഗാന്ധി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മാർച്ച് 31-ന് സോണിയയെ ആശുപത്രിയിൽനിന്നു ഡിസ്ച്ചാർജ് ചെയ്തിരുന്നു. പ്രചരിക്കുന്ന ചിത്രം കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജായ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയിലും പങ്കുവെക്കപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.

https://www.facebook.com/groups/2103016866641878/permalink/4439413329668875/?rdid=2JhSde3sRo0rnyjA#

എന്നാൽ, ഈ ചിത്രത്തിൽ പ്രകടമായ ചില പൊരുത്തക്കേടുകളുണ്ട്. രാഹുൽ ഗാന്ധി സോണിയുടെ കൈ പിടിച്ചിരിക്കുന്ന ഭാഗത്തെ വിരലുകൾ അവ്യക്തവും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലുമാണ്; ഇത് എഐ (AI) നിർമ്മിത ചിത്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പിഴവാണ്. സോണിയ ഗാന്ധിയുടെ മുഖത്തെ ഓക്‌സിജൻ മാസ്‌ക് സ്വാഭാവികമായ രീതിയിലല്ല ഇരിക്കുന്നത്. കൂടാതെ, ചിത്രത്തിലെ വെളിച്ചവും ചർമ്മത്തിന്റെ ഘടനയും യഥാർത്ഥ ഫോട്ടോകളിൽനിന്നു തീർത്തും വ്യത്യസ്തമാണ്.

വൈറൽ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് പരിശോധിച്ചു. ചിത്രം 99 ശതമാനവും എഐ സൃഷ്ടി ആണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.

Content Highlights: Viral image of Sonia Gandhi in hospital is confirmed as AI-generated., Visual inconsistencies like fused fingers and unnatural mask placement indicate AI manipulation., The image was shared by multiple Congress social media handles without verification., Sonia Gandhi was discharged from the hospital on March 31, 2026, after recovery., AI detection tools rate the image as 99% synthetic.