മൊറോക്കോക്കെതിരെ ഫ്രാൻസിൻ്റെ ജയം, പാരീസിൽ മൊറോക്കോ ആരാധകർ അക്രമാസക്തരാകുന്ന ദൃശ്യങ്ങളോ ഇത്?

തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. 2-0 ഗോളിന് മൊറോക്കോയെ തകർത്തായിരുന്നു അവരുടെ സെമിപ്രവേശം. എംബാപ്പെയും ഒസ്‌മാൻ ഡെംബെലെയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്‌തത്. ഫ്രാൻസിൻ്റെ ആക്രമണ നിരയെ നേരിടാൻ അമിത പ്രതിരോധത്തിലേക്ക് പോയത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. സ്ട്രൈക്കർ ഇസ്‌മായെൽ സൈബാരിയുടെ അഭാവം തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോയുടെ കളിയിലുടനീളം നിഴലിച്ചു. ഇതോടെ 35 മത്സരങ്ങൾ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനും വിരാമമായി. ഈ പരാജയത്തെ തുടർന്ന് ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ മൊറോക്കോ ആരാധകർ അക്രമം അഴിച്ചുവിട്ടു എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അന്വേഷണം
ലോകകപ്പിൽ ഫ്രാൻസ്-മൊറോക്കോ മത്സരം നടന്നത് ജൂലൈ 9-നാണ്. എന്നാൽ ഈ വീഡിയോ മെയ് 31-നും ജൂൺ 1-നും സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചതായി റിവേഴ്സ് ഇമേജ് പരിശോധനയിൽ കണ്ടെത്തി. അതായത് ലോകകപ്പ് മത്സരത്തിന് ആഴ്ചകൾക്ക് മുൻപേ ഈ വീഡിയോ ഇന്റർനെറ്റിൽ ലഭ്യമായിരുന്നു. വിശദമായ അന്വേഷണത്തിൽ വേൾഡ് എൻസിബി എന്ന ഓൺലൈൻ ചാനലിൽ ഇതേ വീഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടു. റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഈ സംഭവം. പാരിസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ടീം (PSG) ആരാധകർ ചാമ്പ്യൻസ് ലീഗ് വിജയാഘോഷങ്ങൾക്കിടെ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ വാഹനങ്ങൾക്ക് തീയിട്ടും പടക്കങ്ങൾ പൊട്ടിച്ചും നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിന് 200-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/WSJ?ref=embed_video
പാരിസിലെ ഈ വീഡിയോക്ക് ഫിഫ വേൾഡ് കപ്പിലെ മൊറോക്കോയുടെ പരാജയവുമായി യാതൊരു ബന്ധവുമില്ല. അതേസമയം, ഫ്രാൻസ്-മൊറോക്കോ മത്സരത്തിന് ശേഷം ലണ്ടനിലെ എഡ്ജ്‌വെയർ റോഡിൽ ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ, കഴിഞ്ഞ മെയിൽ ചാമ്പ്യൻസ് ലീഗ് വിജയാഘോഷങ്ങൾക്കിടെ പിഎസ്ജി ടീം (PSG) ആരാധകരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൻറേതാണ്.
Content Highlights: Viral video of Paris violence is unrelated to the France vs Morocco match., The footage originated from May PSG Champions League celebration riots., The video was circulating online weeks before the World Cup match., Confirmed via reverse image search and online news reports., Isolated incidents in London are distinct from the viral Paris footage.