ഓപ്പറേഷൻ തൂഫാൻ; SFI സംസ്ഥാന പ്രസിഡൻറിന്‍റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജം | Fact Check

ലഹരി മാഫിയക്കെതിരായി വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ കേരള പോലീസ് ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് " പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധന നടക്കുന്നുണ്ട് . സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തിനെതിരായ ശക്തമായ പ്രതിരോധമാണ് പദ്ധതി വിഭാവനം ചെയ്തുന്നത്.
വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡൻറ് എം. ശിവപ്രസാദ് ഓപ്പറേഷൻ തൂഫാനെതിരെ പ്രതികരിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്.
“ ഓപ്പറേഷൻ തൂഫാൻ എസ്എഫ്ഐയെ തകർക്കാനുള്ള നീക്കമാണ്, ചെറുത്ത് തോൽപ്പിക്കും” എന്ന് ശിവപ്രാസാദ് പറഞ്ഞു എന്ന തരത്തിലാണിത്.
ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയ ജനകീയ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലാസ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്.
ഇത് എസ്എഫ്ഐക്കെതിരായ നീക്കമാണെന്ന തരത്തിൽ ശിവപ്രസാദ് പ്രസ്താവന നടത്തിയിരുന്നെങ്കിൽ സ്വാഭാവികമായും അത് വലിയ വാർത്ത ആയേനെ. അത്തരം റിപ്പോർട്ടുകളൊന്നുമില്ല. ശിവപ്രസാദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നു വൈറൽ പേസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം എഫ്ബിയിൽ കുറിപ്പ് പങ്കുവച്ചതായി കണ്ടു.
പോസ്റ്റിൽ പറയുന്നത് -
“പ്രിയ ലീഗ്/കോൺഗ്രസ് സുഹൃത്തുക്കളെ
എന്നൊടുള്ള അതിയായ സ്‌നേഹം കൊണ്ട് എൻ്റെ പടം ഉപയോഗിച്ച് നിരവധി വ്യാജ പോസ്റ്ററുകളും വീഡിയോകളുമാണ് നിങ്ങൾ നിർമ്മിച്ച സ്വന്തം അക്കൗണ്ടിലൂടെയും പാർട്ടിയുടെ പേജുകളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും ഇത്രയധികം പോസ്റ്ററുകളും വീഡിയോകളും എനിക്കെതിരെ ഇറക്കി പ്രചരിപ്പിക്കാൻ മാത്രം ഒരു പണിയും ഇല്ലാതെ നിങ്ങൾ ഇരിക്കുകയാണ് എന്നറിയുന്നതിൽ സങ്കടം ഉണ്ട്. ഇതുപോലെയുള്ള വ്യാജ പ്രചാരണങ്ങളിൽ കൂടി നിങ്ങൾ അധികാരത്തിൽ ഏറ്റിയിരിക്കുന്ന സർക്കാർ എന്തെങ്കിലുമൊക്കെ പണി നിങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
എനിക്കെതിരെ നടക്കുന്ന നിരവധിയായ വ്യാജ പ്രചരണങ്ങൾക്ക് ഇടയിൽ ഇന്നലെ കണ്ട അപകടകരമായ ഒരു പ്രചാരണം ലഹരി മാഫിയക്കെതിരെ സംസ്ഥാന ഗവൺമെൻ്റ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിക്കെതിരായി ഞാൻ പ്രതികരിച്ചു എന്ന നിലയിൽ പോസ്റ്റർ തയ്യാറാക്കി ലീഗ് കോൺഗ്രസ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൂടെ പ്രചരിപ്പിക്കുകയാണ്. ആ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് ഞാൻ പറയാതെ തന്നെ ബോധ്യപ്പെട്ട നല്ല മനസ്സുള്ള എല്ലാവർക്കും നന്ദി. എന്നാൽ ഇപ്പോഴും ഇതൊന്നും ബോധ്യപ്പെടാതെ കോൺഗ്രസ് - ലീഗ് പേജുകളെ വിശ്വസിച്ച് ആ പോസ്റ്റർ പ്രചരിപ്പിക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളുടെ അണികളോട് സ്നേഹത്തോടെ ഒരു കാര്യമാണ് പറയാനുള്ളത്.
എനിക്കെതിരെയുള്ള ട്രോളുകളും, വ്യാജ പ്രചാരണങ്ങളും നിർബാധം തുടരുക. ഇടതുപക്ഷത്തിന്റെ ഭാഗമായാൽ ആക്രമിക്കപ്പെടാൻ ബാധ്യസ്ഥനാണ് എന്നാണല്ലോ നാം കാണുന്ന രീതി. എന്നാൽ പൊതുവിൽ സദുദ്ദേശപരമായി ലഹരിക്കെതിരെ നടക്കുന്ന ഒരു ഗവൺമെൻ്റ് പദ്ധതിയെ തകർക്കാൻ എൻ്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടതില്ല. പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത എതെങ്കിലും പ്രസ്താവന ഞാൻ നടത്തുമെന്ന് ജനങ്ങൾ വിശ്വസിക്കാത്തിടത്തോളം കാലം ഈ പ്രചരണങ്ങൾ ഒന്നും എന്നെ ബാധിക്കുന്നതല്ല. എന്നാൽ ലഹരിക്കെതിരായ ഒരു പ്രവർത്തനത്തെ പോലും രാഷ്ട്രീയ ആക്ഷേപത്തിന് ഉപയോഗിക്കുന്നത് എത്രത്തോളം ദുഷിച്ച മനസ്സാണ് ഈ പ്രചരണം നടത്തുന്നവർക്ക് ഉള്ളത് എന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുന്നതാണ്.
ട്രോളുകളും, ബോഡി ഷെയിമിങ്ങും, അപവാദം പ്രചരണങ്ങളും, വ്യാജ പ്രചരണങ്ങളും നിർബാധം തുടരുക. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഇടയ്ക്ക് എങ്കിലും ചിന്തിക്കുക. ലഹരി പോലെ സമൂഹം നേരിടുന്ന വലിയ സാമൂഹിക വിപത്തിനെതിരെ കൂട്ടായി നടത്തേണ്ട പ്രതിരോധത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. ബഹു ആഭ്യന്തര മന്ത്രിയുടെ വകുപ്പ് തന്നെ നടത്തുന്ന പരിപാടിക്കെതിരെ നടക്കുന്ന ഈ വ്യാജ പ്രചരണം ഗൗരവത്തോടെ സർക്കാർ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്പോ ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം. ആ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം പ്രചരണം നടത്തുന്ന ക്ഷുദ്ര ജീവികളെയും ഒരുമിച്ച് നേരിടാം”
https://www.facebook.com/100004703803069/posts/3693164194183671/?rdid=0WUbw6y1QBA3Jgsn#
ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കെതിരായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദ് പ്രതികരിച്ചു എന്ന പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്.
Content Highlights: Operation Toofan is a joint anti-drug initiative by Kerala Police, Health, and Excise departments., A viral social media poster falsely claimed SFI leader M. Shivaprasad opposed the operation., M. Shivaprasad officially clarified on Facebook that the poster is fake and politically motivated., The campaign aims to discredit a genuine social cause against synthetic drugs., Authorities are urged to take the spread of such malicious misinformation seriously.