നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചോ? | Fact Check

നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, രാജഭരണം പുനസ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 'ഷാഹി യുവശക്തി നേപ്പാൾ' എന്ന സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്ത് വ്യാപകമായി ഒപ്പശേഖരണം നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ തങ്ങളുടെ പ്രചാരണം സമാധാനപരമായിരിക്കുമെന്നും എന്നാൽ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിൽ നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങി. “ നേപ്പാളിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നു” എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം. എന്നാൽ, ഈ പ്രചാരണം തെറ്റാണ് എന്നതാണ് യാഥാർത്ഥ്യം.
വൈറൽ വീഡിയോയിൽനിന്ന് കീഫ്രെയ്മെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് പരിശോധിച്ചു. നേപ്പാളിലെ പാർസ ജില്ലയിലുള്ള ബിർഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രാദേശിക വാർത്താ മാധ്യമമായ ടി.വി ബിർഗഞ്ചിന്‍റെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ 2025 ഒക്ടോബറിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയെക്കാളും അൽപം കൂടെ ദൈർഘ്യമുണ്ട് ഇതിന്. പശുപതിനാഥ് ക്ഷേത്രത്തിൽവെച്ച് ദുർഗ പ്രസായ് ഹിന്ദു രാജ്യ പ്രഖ്യാപനം നടത്തുന്നതാണ് ദൃശ്യങ്ങളിൽ.
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നതുപോലെ ഇയാൾ നേപ്പാൾ സർക്കാറിലെ മന്ത്രിയല്ല. മറിച്ച് നേപ്പാളിലെ വ്യവസായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ്. നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണം, രാജ്യം വീണ്ടും 'ഹിന്ദുരാഷ്ട്രം' ആക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘടന 2023ലും സമാന പ്രഖ്യാപനം നടത്തിയിരുന്നു.
നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമാണ്. രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക് തന്നെയാണ് ഇപ്പോഴും. പ്രചരിക്കുന്ന വീഡിയോ 2025-ലേതാണ്. അതിൽ കാണുന്ന വ്യക്തി നേപ്പാളിലെ മന്ത്രിയല്ല മറിച്ച്, വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ദുർഗ പ്രസായ് ആണ്.
Content Highlights: Viral claims stating Nepal has been declared a Hindu nation are false., The video features right-wing activist Durga Prasai at Pashupatinath Temple, not a government minister., Nepal remains a secular democratic republic., Shahi Yuva Shakti Nepal has been campaigning for the restoration of the monarchy and Hindu nation status.