മോദിയുടെ ജലന്ധറിലെ തിരഞ്ഞെടുപ്പ് പ്രചാരണ ദൃശ്യങ്ങൾ 2019-ലേത് | Fact Check

ലോക്‌സഭ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഞ്ചാബിലെ ജലന്ധറിൽ നടന്ന മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ അനേകം പേർ പങ്കെടുത്തു എന്ന അവകാശവാദത്തോടെ ആണിത്. എന്നാൽ ഈ പ്രചരിക്കുന്ന ദൃശ്യങ്ങൾ പഞ്ചാബിൽ നിന്നുള്ളതല്ല എന്നതാണ് വാസ്തവം. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
വസ്തുതാ പരിശോധനയ്ക്കായി പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്‌സ് സർച്ച് ചെയ്തു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഈ ദൃശ്യങ്ങൾ ജലന്ധറിൽ നിന്നുള്ളതല്ല, മറിച്ച് കൊൽക്കത്തയിലേതാണ്. അതും 2019 ഏപ്രിൽ മാസത്തിൽ കൊൽക്കത്തയിൽ നടന്ന റാലിയുടേതാണ് ഈ വീഡിയോ.
മാത്രമല്ല, ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും എക്‌സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
മോദി ജലന്ധറിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നത് സത്യമാണ്. (ആ പരിപാടിയുടെ ദൃശ്യങ്ങൾ കാണാം). എന്നാൽ ഈ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് അതുമായി ബന്ധമില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതേ ദൃശ്യങ്ങൾ ആദിലാബാദ്, തെലങ്കാന, ജല്പായിഗുരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നടന്ന റാലിയുടേതെന്ന തരത്തിലും പ്രചരിച്ചിട്ടുണ്ട്.
https://factly.in/narendra-modis-2019-kolkata-rally-video-falsely-shared-as-2024-jalpaiguri-meeting-footage/
https://factly.in/telugu-narendra-modis-2019-kolkata-rally-video-is-being-falsely-shared-as-video-of-the-recent-adilabad-meeting/
വാസ്തവം
2019-ൽ കൊൽക്കത്തയിൽ മോദി പങ്കെടുത്തൊരു പരിപാടിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട്ലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: The fact is that the footage circulating is not from Punjab | Fact Check