ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈറലായ ഇവർ യഥാർത്ഥത്തിൽ മുത്തച്ഛനും കൊച്ചുമകനുമാണോ? | Fact Check

ജന്മാഷ്ടമിദിനത്തിൽ കൃഷ്ണ-കുചേല വേഷധാരികൾ തമ്മിലുള്ള വികാരനിർഭരമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘കുചേലന്‍റെ വേഷം ധരിച്ചെത്തിയത് കൃഷ്ണനായ കുട്ടിയുടെ മുത്തച്ഛനാണെന്നും വേഷപ്രച്ഛന്നനായെത്തിയ മുത്തച്ഛനെ തിരിച്ചറിഞ്ഞ കൊച്ചുമകൻ വികാരാധീനനായി കെട്ടിപ്പിടിച്ചു വിതുമ്പി’ എന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി ഒട്ടുമിക്ക സോഷ്യൽമീഡിയ പ്ലാറ്റ‌്ഫോമുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനിലും ലഭിച്ചു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇതിന്‍റെ സത്യാവാസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തി.
https://www.facebook.com/watch/?v=2151727742389993
അന്വേഷണം
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പരിശോധിച്ചു. ഈ പ്രചാരണം സത്യമാണെന്ന തരത്തിൽ നിരവധി പേരാണ് പോസ്റ്റുകളിൽ കമ്മൻ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതിന് വിപരീതമായി വീഡിയോയിൽ കാണുന്ന വ്യക്തികൾ തമ്മിൽ ബന്ധമില്ലെന്ന് ചിലർ കമൻ്റ് ചെയ്തിട്ടുമുണ്ട്. വീഡിയോയിൽ എ.ബി വെഡ്ഡിംഗ് ആഡ്സ് എന്ന വാട്ടർമാർക്ക് കാണാൻ സാധിക്കും. ഇവരുടെ പേജ് പരിശോധിച്ചതിൽനിന്നു കൃഷ്ണ വേഷമണിഞ്ഞ കുട്ടിയുടെ വേറെയും വീഡിയോകൾ കണ്ടു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി വീഡിയോഗ്രാഫറുമായി ഫോണിൽ ബന്ധപ്പെട്ടു. ‘താൻ കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുന്നകിനിടെ യാദൃശ്ചികമായാണ് കുചേല വേഷം ധരിച്ചയാൾ വന്നതെന്നും അദ്ദേഹം ആരാണെന്ന് തനിക്കോ കുട്ടിയുടെ അച്ഛനമ്മമാർക്കോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കൃഷ്ണ വേഷം ധരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടു. വീഡിയോയിൽ ഉള്ളത് കുട്ടിയുടെ മുത്തച്ഛനല്ലെന്ന് അവർ സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ കീഫ്രെയിം സർച്ചിൽ കുചേല വേഷം ധരിച്ചയാളുടെ പല ആംഗിളിലുള്ള വീഡിയോകൾ ലഭിച്ചു. അതിൽ ഒരു പോസ്റ്റിൽ ഇദ്ദേഹത്തിൻ്റെ പേര് അപ്പുക്കുട്ടൻ ആണെന്നും കുട്ടനാട് ആണ് സ്വദേശമെന്നും ഒരാൾ കമൻ്റ് രേഖപ്പെടുത്തിയതായി കണ്ടു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കുചേല വേഷം കെട്ടിയ ആലപ്പുഴ കൈനടി പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ എന്ന 72-കാരനെ കണ്ടെത്തി. അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. വീഡിയോയിൽ കാണുന്ന കുട്ടിയെ ഗുരുവായൂരിൽവച്ച് കണ്ടതാണെന്നും മുൻപരിചയമില്ലെന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു.
വാസ്തവം
പ്രചരിക്കുന്ന വീഡിയോയിലുളളത് മുത്തച്ഛനും കൊച്ചുമകനുമാണെന്ന പ്രചാരണം വ്യാജമാണ്. കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണ എന്ന 14-കാരിയാണ് കൃഷ്ണവേഷം ധരിച്ചത്. ആലപ്പുഴ പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ ഏറെ നാളത്തെ ആഗ്രഹ സഫലീകരണം എന്നോണമായിരുന്നു ഗുരുവായൂരിൽ കുചേല വേഷം കെട്ടിയെത്തിയത്. ഇവർ ബന്ധുക്കളല്ല.
Content Highlights: A viral video showed a touching moment between a child dressed as Krishna and an elderly man as Kuchela on Sree Krishna Jayanthi., Social media claimed they were grandfather and grandson., Mathrubhumi Fact Check verified that the child is Krishna from Kodungallur and the man is Appukuttan Nair from Kuttanad., They are not related and met coincidentally at Guruvayur.