ബംഗ്ലാദേശിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയച്ചതിന്‍റെ ദൃശ്യങ്ങളല്ല ഇത്

#ജസ്‌ന ജയന്‍, ഫാക്ട് ചെക്ക്
.
.

ജോലി സംവരണത്തിനെതിരായി വിദ്യാർത്ഥികളാരംഭിച്ച പ്രക്ഷോഭം ബംഗ്ലാദേശില്‍ രക്തരൂഷിതമായി തുടരുകയാണ്. ഇതിനിടെ പ്രക്ഷോഭകാരികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം കലാപഭൂമിയിലേക്ക് തിരിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ അതിർത്തിയിലൂടെ ബംഗ്ലാദേശിലേക്ക് കടക്കുന്ന സൈനിക വാഹനങ്ങളുടെ ദൃശ്യങ്ങളാണിത് എന്നാണ് അവകാശവാദം. ‘1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെ ഓർമിപ്പിക്കുന്നതാണ് ഈ സൈനിക നീക്കമെന്നും’ വീഡിയോക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. പാകിസ്താനില്‍ നിന്നുള്ള ‘അവേർ ഇന്‍റർനാഷണല്‍’ എന്ന മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നതാണ് യാഥാർഥ്യം. ഏതാനും വർഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ആണ് തെറ്റായ തരത്തില്‍ പ്രചരിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

അന്വേഷണം

ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിലെ കീ ഫ്രേമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ 2022ല്‍ ചില ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. ആർമി ബോയ്, ആല്‍ക്കലി കമാന്‍ണ്ടോസ് എന്നീ അക്കൗണ്ടുകളിലാണ് 2022 മെയ് 31, ജൂണ്‍ 20 തീയ്യതികളിലായി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴത്തേതല്ല എന്ന് വ്യക്തമായി.

💖⚔️🥺 #indianarmy #NationFirstLove #followus

Posted by Alkali Commandos on Monday, June 20, 2022

ദൃശ്യങ്ങളില്‍ കാണുന്ന വാഹനം അശോക് ലെയ്‌‍ലാന്‍റിന്‍റെ സ്റ്റാല്യന്‍ ട്രക്കുകളാണ് . കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിന്‍റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

A picture of #DrivingMomentWithAL shared by Sada_travelouge #AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial

Posted by Ashok Leyland on Wednesday, April 20, 2022

വീഡിയോയുടെ തുടക്കഭാഗത്ത് കാണുന്ന ട്രക്കിന് മുന്‍ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നം ഇന്ത്യന്‍ ആർമിയുടെ നോർത്തേണ്‍ കമാന്‍റിന്‍റേതാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങൾ, ഉത്തർപ്രദേശിലെ പ്രയാഗ്രാജ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കൻ അതിർത്തികളിലെ സുരക്ഷാ ചുമതല നോർത്തേൺ കമാൻഡിനാണ്.

ചിത്രം

പ്രചാരണങ്ങളില്‍ അവകാശപ്പെടുന്നതുപോലെ ബംഗ്ലാദേശിലേക്ക് സൈനികരെ അയക്കുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയില്ല. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറോ മന്ത്രാലയമോ അത്തരത്തിലുള്ള പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നും ഉറപ്പായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6ാം തീയ്യതി ലോക്സഭയില്‍ ബംഗ്ലാദേശ് വിഷയത്തില്‍ നടത്തിയ പ്രസ്താവനയിലും എസ്. ജയശങ്കർ സൈനിക വിന്യാസം സംബന്ധിച്ച പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ 19,000ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്നതായും ഇതിൽ 9,000 പേർ വിദ്യാർത്ഥികളാണെന്നും അവിടുത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌വരികയാണെന്നും ജയശങ്കർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

വാസ്തവം

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2022 മുതല്‍ ഇന്‍റർനെറ്റില്‍ ലഭ്യമായ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ വ്യാജ പ്രചാരണം നടത്തുന്നത് എന്ന് വ്യക്തമായി.

Content Highlights: The circulating video claiming Indian Army presence in Bangladesh is false; the footage is from 2022