ഗൂഗിൾ പേ 'പോക്കറ്റ് മണി' ഫീച്ചർ തട്ടിപ്പോ? വാസ്തവമറിയാം | Fact Check

ജനപ്രിയ യുപിഐ പേമെൻറ് ആപ്പായ ഗൂഗിൾ പേ, 'പോക്കറ്റ് മണി’ എന്നൊരു ഫീച്ചർ പുതുതായി അവതരിപ്പിച്ചിരുന്നു. ഈ സേവനവുമായി ബന്ധപ്പെട്ട സന്ദേശം സമൂഹ മാധ്യമമായ വാട്സ് ആപ്പിലും ഫേസ്ബുക്കിലും അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. 'പോക്കറ്റ് മണി' തട്ടിപ്പാണെന്നും ഇതിന്റെ ഐക്കണിൽ തൊട്ടാൽ ഉടൻതന്നെ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ. ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ടിപ് ലൈനുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് വാസ്തവം.
എന്താണ് 'പോക്കറ്റ് മണി' സേവനം?
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണമിടപാടുകൾ നടതുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പിൽ അവതരിപ്പിച്ച 'യുപിഐ സർക്കിൾ' സംവിധാനം മാതൃകയാക്കി ഗൂഗിൾ പേ പുറത്തിറക്കിയ പുതിയ ഫീച്ചറാണ് 'പോക്കറ്റ് മണി'.
പ്രധാനമായും കുട്ടികൾക്കും, കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾ തുടങ്ങി അക്കൗണ്ട് ഉടമ നിശ്ചയിക്കുന്നവർക്ക് അദ്ദേഹത്തിന്‍റെ അനുമതിയോടെ പണമിടപാടുകൾ നടത്താൻ ഇത് സൗകര്യമൊരുക്കുന്നു. ഈ ഫീച്ചറിലൂടെ ഒരു പ്രൈമറി യൂസർക്ക് തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പരമാവധി അഞ്ച് സെക്കൻഡറി യൂസർമാരെ വരെ പണമിടപാടുകൾ നടത്താനായി ചേർക്കാൻ സാധിക്കും.
പണം കൈമാറുന്നതിനായി രണ്ട് രീതികളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രൈമറി യൂസറുടെ അനുമതിയില്ലാതെ തന്നെ പ്രതിമാസം 15,000 രൂപ വരെ ചെലവാക്കാൻ സാധിക്കുന്ന 'ഫുൾ ഡെലിഗേഷൻ' (Full Delegation) രീതിയും, ഓരോ ഇടപാടിനും അക്കൗണ്ട് ഉടമയുടെ അനുമതി ആവശ്യമായ 'പാർഷ്യൽ ഡെലിഗേഷൻ' (Partial Delegation) രീതിയുമാണിവ. ഗൂഗിൾ പേ ആപ്പിലെ 'Profile' സെക്ഷനിൽ പോയി 'UPI Circle' എന്ന ഓപ്ഷൻ വഴി സെക്കൻഡറി യൂസർക്ക് ക്ഷണം (Invite) അയച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഈ സേവനം സജ്ജീകരിക്കാം.
Pocket money on UPI Circle - Google Pay Help
അതുകൊണ്ടു തന്നെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി' ഐക്കണിൽ വെറുതെ തൊട്ടതുകൊണ്ട് മാത്രം പണം നഷ്ടമാകില്ല. ആദ്യമായി ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. അക്കൗണ്ട് ഉടമ നേരിട്ട് മറ്റൊരു വ്യക്തിയെ ഇതിനായി ചേർക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഇടപാടുകൾ നടക്കുകയുള്ളൂ.
Content Highlights: Clarifies that the 'Pocket Money' (UPI Circle) feature is a legitimate service by Google Pay., Debunks viral social media claims that clicking the icon leads to automatic money theft., Explains the difference between Full Delegation and Partial Delegation modes., Provides instructions on how to securely manage secondary users via the UPI Circle settings in 2026.