ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

#ഗാഥ ആനന്ദ് / ഫാക്ട് ചെക്ക് ഡെസ്‌ക്
.
.

ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ തകർത്തതിന്‍റെ ദൃശ്യങ്ങൾ എന്നതരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “അംബേദ്‌കറുടെ പ്രതിമ തകർത്തിട്ട് നിങ്ങൾക്ക് എന്ത് രാമരാജ്യമാണ് നിർമ്മിക്കേണ്ടത്” എന്നാണ് വൈറൽ വീഡിയോക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത് .

ട്രാക്ടറുകൊണ്ട് പ്രതിമ ഇടിച്ചിട്ട ശേഷം വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്നതാണ് വീഡിയോയില്‍.ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന X പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

അന്വേഷണം
വൈറൽ വീഡിയോയിൽനിന്നുള്ള കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇതേ ദൃശ്യങ്ങള്‍ അടങ്ങിയ വാർത്തകള്‍ ലഭിച്ചു. 2024 ജനുവരി 25 -ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, മധ്യപ്രദേശിലെ ഉജ്ജയ്‌നിലുള്ള മാക്ഡോൺ ഗ്രാമത്തിലായിരുന്നു സംഭവം. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഒരു സംഘം ആക്രമിച്ച് തകർത്തത്. പാട്ടിദാർ സമുദായത്തിലെ അംഗങ്ങൾ സാർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെ പട്ടികജാതി വിഭാഗക്കാരും ഭീം ആർമിയും രംഗത്ത് വന്നിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷത്തിലാണ് വല്ലഭായ് പട്ടേലിന്റെ പ്രതിമ തകർന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

“ഹിന്ദുസ്ഥാൻ ടൈംസ്” പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നുള്ള സ്ക്രീൻഷോട്ട്

തുടർന്ന് നടത്തിയ പരിശോധനയിൽ ദേശീയ മാധ്യമമായ ദൈനിക് ഭാസ്കർ ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഭീം ആർമി പ്രവർത്തകർ ട്രാക്ടർ ഉപയോഗിച്ച് പ്രതിമ തകർത്തതിനെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടിലുണ്ട് . ലഭ്യമായ വിവരങ്ങളില്‍ നിന്നും അംബേദ്ക്കറുടെ പ്രതിമയല്ല മറിച്ച് വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് തകർത്തത് എന്ന് വ്യക്തമായി.

ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നുള്ള സ്ക്രീൻഷോട്ട്

വാസ്തവം
ഡോ. ബി.ആർ. അംബേദ്കറിന്‍റെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങളല്ല ഇത്. 2024 ജനുവരിയിൽ മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മാക്ഡോൺ ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ തകർന്നതിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Viral video falsely claims Dr. Ambedkar`s statue was destroyed