മുസ്ലീം പള്ളിയും ഖബറിസ്ഥാനും ജെസിബി ഉപയോഗിച്ച് തകർത്തെന്ന പ്രചാരണത്തിന്‍റെ യാഥാർഥ്യം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഇന്ത്യയിൽ മുസ്ലിം പള്ളിയും ഖബറിസ്ഥാനും തകർത്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുൾഡോസർ ഉപയോഗിച്ച് ഖബറുകൾ ഇളക്കിമാറ്റുന്നതാണ് ദൃശ്യങ്ങളിൽ. ഫേസ്ബുക്ക് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

 അന്വേഷണം

ബംഗാളിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച പള്ളിയും ഖബറിസ്ഥാനും അധികൃതർ പൊളിച്ചുനീക്കി ഭൂമി വീണ്ടെടുത്തു എന്നാണ് ചില പോസ്റ്റുകളിൽ പറയുന്നത്. വൈറൽ വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിൽ നിന്നുള്ളതെന്ന തരത്തിലും പ്രചരിക്കുന്നതായി കണ്ടെത്തി.

ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വിശദമായ കീവേർഡ് സെർച്ച് ചെയ്തതതിൽ നിന്നും, ഇന്തോനേഷ്യയിലെ ബാലിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായി. നൈജീരിയ ആസ്ഥാനമായുള്ള 'ABN TV', ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ 'Metro Times', ഇൻഡൊനീഷ്യൻ മാധ്യമമായ 'Haluan Media' എന്നിവ മെയ് 27-ന് ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ബാലിയിലെ ശ്മശാനങ്ങളിൽ കടുത്ത സ്ഥലപരിമിതി നിലനിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ, ശവസംസ്കാരം നടത്തുന്നതിനായി വർഷങ്ങൾ പഴക്കമുള്ള ഖബറുകൾ വീണ്ടും തുറക്കുന്ന രീതി അവിടെ ഇപ്പോൾ ഉണ്ടെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അത്തരത്തിൽ, സംസകാരം നടത്തുന്നതിനായി പഴയ ഖബറിന്‍റെ മുകൾഭാഗം ജെസിബി ഉപയോഗിച്ച് തുറക്കുന്നതിന്‍റെയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ബാലിയിലെ ശ്മശാനങ്ങളിലെ സ്ഥലക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങൾ തെറ്റായ വാദഗതികളോടെ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി.

 
 

https://twitter.com/i/status/2061349743872418194

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ബാലിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇന്ത്യയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. ഖബറിസ്ഥാനിലെ സ്ഥലപരിമിതിമൂലം ശവസംസ്കാരം നടത്താൻ ഇടമുണ്ടാക്കാൻ പഴയ ഖബറിടം പൊളിച്ചുമാറ്റുന്നതാണ് ദൃശ്യങ്ങളിൽ.

Content Highlights: Viral video falsely claims a mosque was demolished in India., Footage originates from Bali, Indonesia, not India., The video shows standard cemetery space-clearing procedures, not demolition., Old graves are reopened for new burials due to space shortages in Bali.