മുഖ്യമന്ത്രി വിജയ്‌യുടെ വാഹന വ്യൂഹനത്തിനായി ആംബുലൻസ് വൺ-വേ റോഡിലൂടെ തിരിച്ചുവിട്ടോ? | Fact Check

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാനായി ഒരു ആംബുലൻസ് വൺ-വേ റോഡിലേക്ക് വഴി തിരിച്ചുവിട്ടു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ്‌യുടെ യാത്ര പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന ആരോപണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
റോഡിന്‍റെ ഒരു വശത്ത് വാഹനങ്ങൾ കടത്തിവിടാതെ തടഞ്ഞിരിക്കുന്നതും മറുവശത്ത് വൺവേ റോഡിലൂടെ വാഹനങ്ങൾ വരുന്നതിന് എതിർദിശയിൽ ആംബുലൻസ് പോകുന്നതുമാണ് ദൃശ്യങ്ങളിൽ.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. 2026 ഏപ്രിൽ ഇത് വീഡിയോ ചില ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവച്ചതായി കണ്ടെത്തി. വിജയ് അധികാരമേൽക്കുന്നതിനും മുൻപുള്ള ദൃശ്യങ്ങളാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. കാരണം, 2026 മേയ് 10-നായിരുന്നു തമിഴക വെട്രി കഴകം (TVK) നേതാവായ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തമിഴ്‌നാട്ടിൽ അധികാരമേറ്റത്. അതായത്, ഈ സംഭവം നടക്കുമ്പോൾ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി പദവിയിൽ എത്തിയിട്ടില്ല. ഇത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭരണകാലത്ത് അതായത്, 2026 ഏപ്രിൽ മാസത്തിൽ ചിത്രീകരിക്കപ്പെട്ട പഴയ വീഡിയോയാണെന്നത് ഇവിടെ വ്യക്തം.
ചുരുക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സന്ദർശനത്തിനായി ആംബുലൻസ് തിരിച്ചുവിട്ടുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെയുളള ദൃശ്യങ്ങൾ.
Content Highlights: A viral video claimed Tamil Nadu CM Joseph Vijay's convoy diverted an ambulance., Mathrubhumi Fact Check verified the video is from April 2026, before Vijay became Chief Minister., The footage actually dates back to former CM M.K. Stalin's tenure., The social media claim is completely false and misleading.