ഖമനേയി വധത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ യുപി പോലീസിന്‍റെ ലാത്തിച്ചാർജോ? | Fact Check

ഇറന്‍റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ വധത്തെ തുടർന്ന് ഇന്ത്യയിൽ പലഭാഗത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. അത്തരത്തിൽ യുപിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർന്നെന്നും തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്‍റെ അരമിനുറ്റോളം മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ. ഇതേ വീഡിയോ കഴിഞ്ഞ വർഷം, 2025 നവംബർ മുതൽ പ്രചരിച്ചതായി കണ്ടെത്തി. ഇതിൽ നിന്നും ഇപ്പോഴത്തെ പശ്ചിമേഷ്യൻ സംഘർഷവുമായോ ഖമനേയിയുടെ മരണവുമായോ ബന്ധപ്പെട്ടുള്ളതല്ല ദൃശ്യങ്ങളെന്ന് വ്യക്തമായി.
ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ഇതേ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശിലെ ബറേലി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങൾ എന്നാണ് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഐ ലവ് മുഹമ്മദ്' പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട്. 2025 സെപ്തംബർ 26ന് നടന്ന ഈ സംഭവം ദേശീയ വാർത്താ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ ചുവടെ കാണാം.
യു.പിയിലെ കാൺപൂരിൽ 'I Love Muhammad' എന്നെഴുതിയ പോസ്റ്റർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷധങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഭാഗമായി 2025 സെപ്റ്റംബർ 26ന് ബറേലിയിലെ ഇസ്ലാമിയ ഗ്രൗണ്ടിന് സമീപം വിശ്വാസികൾ ഒന്നിച്ചുകൂടി പ്രതിഷേധിക്കുകയും ഇതിനിടെ പോലീസിന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 10 പോലീസുകാർക്ക് പരിക്കേറ്റതായും പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു . ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബറേലി ഐജി അജയ് സാഹ്നി പറഞ്ഞതായും വാർത്തയിലുണ്ട്.
അയത്തുള്ള അലി ഖമേനിയുടെ മരണത്തെ തുടർന്ന് യുപിയിൽ നടന്ന റാലികളിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം, ജമ്മുകാശ്മീരിലെ ബെമിനയിൽ നിന്ന് ലാൽ ചൗക്കിലേക്ക് നടന്ന പ്രകടനം ബറ്റാമാലൂവിന് സമീപം വെച്ച് പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് തടയാൻ ശ്രമിച്ചത് സംഘർഷങ്ങളിലേക്ക് നയിച്ചിരുന്നു.
യുപിയിൽ ഇറാൻ അനുകൂല റാലിക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്ന ഈ പ്രചാരണം വ്യാജമാണ്. 2025 സെപ്റ്റംബർ 26ന്, ഉത്തർ പ്രദേശിലെ ബറേലിയിൽ ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധ പ്രകടനത്തിനെതിരെ നടന്ന ലാത്തിച്ചാർജിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video misrepresents old 2025 Bareilly protest footage. No connection between UP police action and Khamenei's death., Original footage is from a September 2025 'I Love Muhammad' protest.