‘രാഹുൽ ഗാന്ധി ഹിന്ദു വിരുദ്ധൻ,’ അനുഗ്രഹിക്കില്ലെന്ന് ശങ്കരാചാര്യർ പറഞ്ഞോ?

#ഫാക്ട് ചെക്ക് ഡെസ്ക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ശൃംഗേരി മഠം സന്ദർശിച്ചപ്പോൾ, അവർക്ക് അനുഗ്രഹം നൽകാൻ ശങ്കരാചാര്യർ വിസമ്മതിക്കുകയും അവരെ ശാസിക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘നിങ്ങൾ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാൽ അനുഗ്രഹിക്കാൻ കഴിയില്ലെന്നും, ക്ഷേത്രങ്ങളിലെ പണം മറ്റ് മതസ്ഥരുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ല’ എന്നും ശങ്കരാചാര്യർ അവരോട് പറഞ്ഞതായാണ് പ്രചരിക്കുന്ന സന്ദേശത്തിൽ ആരോപിക്കുന്നത്. തെളിവെന്നോണം രാഹുൽ മഠം സന്ദർശിച്ച ഒരു ചിത്രവും നൽകിയിട്ടുണ്ട്.

വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്

പ്രചരിക്കുന്ന സന്ദേശത്തിൽ ശങ്കരാചാര്യർക്ക് മുൻപിൽ നിലത്തിരിക്കുന്ന രാഹുൽഗാന്ധിയെയും അദ്ദേഹത്തിന് സമീപത്തായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും കാണാം. ഫോട്ടോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്.-

“ ശൃംഗേരി പീഠത്തിലെ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ രാഹുലിനെയും സിദ്ധരാമയ്യയെയും (കർണാടക മുഖ്യമന്ത്രി) അനുഗ്രഹിക്കാൻ വിസമ്മതിച്ചു. ജഗദ്ഗുരു അവരോട് "മഠത്തിലേക്ക് വന്നതിന് നന്ദി. പക്ഷേ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയില്ല, ഞങ്ങൾക്ക് നിങ്ങളെ അനുഗ്രഹിക്കാൻ കഴിയില്ല" എന്ന് പറഞ്ഞു. യോഗത്തിൽ, ജഗദ്ഗുരു രാഹുലിനോടും സിദ്ധരാമയ്യയോടും പറഞ്ഞു, നിങ്ങൾ ഹിന്ദുമതത്തോട് അസഹിഷ്ണുതയുള്ളവരാണെങ്കിൽ, നിങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ഹിന്ദുമതത്തിൽ പൊരുത്തക്കേട് സൃഷ്ടിക്കുന്നതിനുപകരം ദയവായി ഹിന്ദുമതത്തിൽ നിന്ന് അകന്നു നിൽക്കുക. ഹിന്ദു മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, ഹുണ്ടിയുടെ രൂപത്തിൽ വരുന്ന പണം ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിന് ഉപയോഗിക്കുന്നില്ല, അതേ പണം മറ്റ് മതസ്ഥരുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ല. നിങ്ങൾ ഞങ്ങളുടെ മഠത്തിലേക്ക് വരുന്നത് നല്ലതാണ്. എന്നാൽ നിങ്ങൾ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന രീതിയിൽ ഞങ്ങൾക്ക് നിങ്ങളെ അനുഗ്രഹിക്കാൻ കഴിയില്ല. ജഗദ്ഗുരു ഇരുവരോടും നേരിട്ട് പറഞ്ഞു. രാഷ്ട്രീയക്കാരായ രാഹുലും സിദ്ധരാമയ്യയും ജഗദ്ഗുരുവിൽ നിന്ന് ഇത്രയും മൂർച്ചയുള്ള പ്രസ്താവനകൾ പ്രതീക്ഷിച്ചിരുന്നില്ല. വളരെ മടിച്ചു നിന്ന ശേഷം ഇരുവരും യോഗം വിട്ടപ്പോൾ, ജഗദ്ഗുരുവിന്റെ പ്രതികരണം മാധ്യമങ്ങളിൽ എത്തുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഒരു ചർച്ച ആരംഭിച്ചു. മഠവുമായി ബന്ധപ്പെട്ട എല്ലാ ഭക്തരും ജീവനക്കാരും ജഗദ്ഗുരുവിന്റെ പ്രതികരണം കേട്ടതിൽ സന്തോഷിക്കുകയും കാലതാമസമില്ലാതെ എല്ലാ തലങ്ങളിലും അത് പങ്കുവെക്കുകയും ചെയ്തു. നമ്മുടെ ഋഷിമാരും സന്യാസിമാരും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അധികാരത്തിന്റെ സ്വാധീനം കാരണം, അനീതിക്കാർക്കും മതഭ്രാന്തന്മാർക്കും അനുഗ്രഹങ്ങൾ ലഭിക്കുന്നു, അത്തരം അനീതിക്കാരെയും മതഭ്രാന്തന്മാരെയും ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പോലും അനുവദിക്കരുത്. *ഈ സന്ദേശം കഴിയുന്നത്ര പങ്കിടുക.. *_️..ജയ് ഹോ സനാതൻ ധർമ്മം..”

പ്രചരിക്കുന്ന സന്ദേശത്തിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് തെറ്റാണ്. നിലവിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് എന്നിരിക്കെ, ഈ സന്ദേശം മുൻപെങ്ങോ ഇറങ്ങിയതാകാം എന്ന സൂചനയാണ് നൽകുന്നത്. വിശദമായ പരിശോധനയിൽ ഇതേ സന്ദേശം നാല് വർഷം മുൻപും പ്രചരിച്ചതായി കണ്ടെത്തി.

ഇതേ സന്ദേശം 2022 സെപ്തംബർ 19ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്‍റെ സ്ക്രീൻഷോട്ട്

2022ൽ ഈ പോസ്റ്റ് പ്രചരിക്കുമ്പോൾ സിദ്ധരാമയ്യയല്ല മറിച്ച് ബസവരാജ ബൊമ്മയ്യയായിരുന്നു കർണാടക മുഖ്യമന്ത്രി, എന്നാൽ ഇതിലും അദ്ദേഹത്തെ മുഖ്യമന്ത്രി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 2022നും മുൻപ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നത് 2013 മുതൽ 2018മെയ് വരെയായിരുന്നു. പ്രചരിക്കുന്ന സന്ദേശം ഈ കാലയളവിൽ ഉള്ളതാകാനാണ് സാധ്യത. വിശദമായ പരിശോധനയിൽ ദേശീയ മാധ്യമമായ സീ ന്യൂസ് ഇതേ ചിത്രം 2018 മാർച്ച് 21ന് പങ്കുവച്ചതായി കണ്ടു. കർണാടകയിലെ ചിക്കമംഗളൂരുവിലുള്ള ശ്രിംഗേരിയിലെ ശാരദാമഠത്തിലും ക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.സി വേണുഗോപാൽ, സിദ്ധരാമയ്യ എന്നിവർക്കൊപ്പം ശങ്കരാചാര്യരുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെയും ക്ഷേത്രദർശനത്തിന്‍റെയും ഉൾപ്പടെയുള്ള ചിത്രങ്ങളും ഇതിൽ നൽകിയിട്ടുണ്ട്.

ഇതിന്‍റെയെല്ലാം ചിത്രങ്ങൾ രാഹുലിന്‍റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. രാഹുൽ ശങ്കാരാചാര്യർക്ക് പഴങ്ങൾ ഉപഹാരമായി സമർപ്പിക്കുന്നതിന്‍റെയും അദ്ദേഹം അത് സ്വീകരിക്കുന്നതിന്‍റെയും ചിത്രവും, പണ്ട് രാജീവ് ഗാന്ധി മഠം സന്ദർശിച്ചപ്പോഴത്തെ ഫോട്ടോ രാഹുൽ നോക്കിക്കാണുന്നതിന്‍റെ ചിത്രവും ഇതിലുൾപ്പെടും.

2018ൽ സീ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്

2019ൽ തിരിഞ്ഞെടുപ്പ് സമയത്തും രാഹുൽ ശാരദാമഠത്തിലെത്തി ജഗത്ഗുരു ശങ്കരാചാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഠത്തിലെ രാജീവ് ഗാന്ധി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുമായി അന്ന അദ്ദേഹം സംവദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടുകൾ

രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യയെയും ശങ്കരാചാര്യർ അനുഗ്രഹിച്ചില്ല എന്ന പ്രചാരണം തെറ്റാണ്. 2018ൽ രാഹുൽ ഗാന്ധി ശൃംഗേരിയിലെ ശാരദാമഠം സന്ദർശിച്ചപ്പോഴുള്ള ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. അന്നത്തെ സന്ദർശന വേളയിൽ രാഹുൽ മുഖ്യ മഠാധിപതി ജഗദ്ഗുരു ഭാരതി തീർത്ഥ മഹാസ്വാമികളുമായും( ശങ്കരാചാര്യർ) ഇളയ മഠാധിപതി വിധുശേഖര ഭാരതിയുമായും കൂടിക്കാഴ്ച നടത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അടുത്ത വർഷവും രാഹുൽ മഠം സന്ദർശിച്ച് ശങ്കരാചാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജീവ് ഗാന്ധിയും ഇന്ധിരാ ഗാന്ധിയും മുൻപ് ശാരദാമഠം സന്ദർശിച്ചിട്ടുണ്ട്.

Content Highlights: The viral message claiming Shankaracharya refused to bless Rahul Gandhi is false., The images used in the claim are from Rahul Gandhi's 2018 visit to Sringeri Mutt., Reports confirm Rahul Gandhi received blessings from the Jagadguru during his visit., The message contains factual errors regarding the Chief Minister of Karnataka at the time., This misinformation has been debunked as a recurring false narrative.