സൗദിയിലെ എണ്ണശുദ്ധീകരണ പ്ലാൻറിന് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യമോ ഇത് ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളി‍ൽ ഒന്നായ റാസ് തനുര റിഫൈനറിക്ക് നേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഡ്രോണുകൾ തടഞ്ഞതായാണ് അധികൃതർ വ്യക്തമാക്കിയതെങ്കിലും റാസ് തനുരയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

ആക്രമണത്തെ തുടർന്ന് റാസ് തനുര റിഫൈനറിയിൽ ഉണ്ടായ തീപ്പിടുത്തത്തിന്‍റെ ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

അന്വേഷണം

സൗദിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് ഉൾപ്പടെ പ്രസിദ്ധീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചു, പ്രചരിക്കുന്ന വീഡിയോ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. തുടർന്ന് വൈറൽ വീഡിയോയിൽനിന്നു കീഫ്രെയ്മുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. സമാന വീഡിയോ വ്യത്യസ്ത അവകാശവാദങ്ങളോടെ ഇൻ്റർനെറ്റിൽ പ്രചരിച്ചതായി കണ്ടെത്തി. വൈറൽ വീഡിയോ സൂക്ഷമമായി പരിശോധിച്ചാൽ, സ്ഫോടനം നടക്കുന്ന പ്രദേശത്ത് കാണുന്ന കെട്ടിടങ്ങളിൽ ഒന്നിൽ അറബിയിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. വീഡിയോയിൽ മിന്നിമറയുന്നതുപോലെ വന്നു പോകുന്ന ആ പേര് ‘ مدرسة عذبان الله ‘ എന്നാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ സൂചന ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, യെമനിലെ സനയിൽ പ്രവർത്തിക്കുന്ന 'അത്ബാൻ സ്കൂൾ' (Athban School) കെട്ടിടമാണ് അതെന്ന് തിരിച്ചറിഞ്ഞു. റാസ് തനുര റിഫൈനറി സ്ഥിതി ചെയ്യുന്നതാവട്ടെ സൗദി അറേബ്യയിലും. പ്രചാരണം വ്യാജമാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.

തുടരന്വേഷണത്തിൽ, ഇതേ സംഭവം മറ്റൊരു ആംഗിളിൽ ചിത്രീകരിച്ചതിന്‍റെ വീഡിയോ കണ്ടെത്തി ( വൈറൽ വീഡിയോ ഈ ദൃശ്യങ്ങളുമായി താരതമ്യം ചെയ്തത് ചുവടെ കാണാം ). 2025 ഓഗസ്റ്റ് 24-ന് യമനിലെ സനയിൽ ഹൂതി വിമതരുടെ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണിത്. ഇസ്രയേലിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

വീഡിയോകൾ താരതമ്യം ചെയ്തത്

2025 ഓഗസ്റ്റ് 24-ന് യെമനിലെ സനയിൽ ഹൂതി സൈനിക കേന്ദ്രം, രണ്ട് പവർ പ്ലാന്റുകൾ, ഒരു ഇന്ധന സംഭരണ കേന്ദ്രം എന്നിവ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ ആക്രമണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ പ്ലാൻറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ഇതുമായി ബന്ധമില്ല. യെമനിലെ സനയിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ 2025 ഓഗസ്റ്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.

Content Highlights: Debunks a viral video claiming to show an attack on the Ras Tanura refinery in Saudi Arabia. Identifies the video's true origin as an Israeli airstrike on Houthi targets in Sana'a, Yemen.