വിജയ്‌യുടെ ഭാര്യ സംഗീത ബിജെപിയിൽ ചേർന്നോ? വാസ്തവമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

രണ്ടര പതിറ്റാണ്ടു നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യിൽനിന്നു വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത സ്വർണലിംഗം ചെങ്കൽപേട്ട് കുടുംബകോടതിയിൽ ഹരജി സമർപ്പിച്ചത്. മറ്റൊരു നടിയുമായി താരത്തിന് വിവാഹേതര ബന്ധമുള്ളതായി ഹരജിയിൽ സംഗീത ആരോപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി വിജയും ടിവികെ പാർട്ടിയും ഒരുങ്ങുന്നതിനിടെയായിരുന്നു ഹർജി.

തിരഞ്ഞെടുപ്പിൽ ടിവികെ മിന്നും വിജയം നേടി, കേവല ഭൂരിപക്ഷമെന്ന പ്രതിസന്ധി തരണം ചെയ്ത് വിജയ്‌ മുഖ്യമന്ത്രിയുമായി. ഇതിനിടെ സംഗീത സ്വർണലിംഗം ടിവികെയുടെ രാഷ്ട്രീയ പ്രതിയോഗിയായ ബിജെപിയിൽ ചേർന്നു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം തുടങ്ങി.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

സംഗീത ബിജെപിയിൽ ചേർന്നേക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. കലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി ഗ്രേറ്റ് ആന്ധ്ര എന്ന ന്യൂസ് പോർട്ടലിനെ ഉദ്ധരിച്ച് പറ്റ് പല മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. പോർട്ടലിന്‍റെ യൂട്യൂബ് ചാനലിൽ ജൂൺ ഒന്നിന്‌ ഈ വാർത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലും സംഗീതയുടെ ബിജെപി പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട് എന്നാണ് പറയുന്നത്. ബിജെപി നേതാവായ ഒരു പ്രമുഖ നടിയാണ് ഇതിനുവേണ്ട ചരടുവലികൾ നടത്തുന്നതെന്നും റിപ്പോർട്ടുകളിലുണ്ട്.

സാക്ഷി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്

എന്നാൽ, ഗ്രേറ്റ് ആന്ധ്രയ്ക്കും മുന്നേ തെലുങ്ക് ഒൺലൈൻ മാധ്യമമായ സാക്ഷി ഡോട്ട് കോം മെയ് 30ന് ഇതേ വാർത്ത നൽകിയിരുന്നുവെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, തമിഴ് മാധ്യമങ്ങളൊന്നും ഇങ്ങനെയൊരു വാർത്ത നൽകിയിട്ടുമില്ല. ഇതിനിടെയാണ് സംഗീത ബിജെപിയിൽ ചേർന്നു എന്ന വാദത്തോടെ പ്രചാരണം നടക്കുന്നത്. ബിജെപി ഔദ്യോഗിക നേതൃത്വമോ സംഗീതയുമായി അടുത്ത വൃത്തങ്ങളോ ഈ വിവരം സ്ഥിരീകരിച്ചിട്ടുമില്ല. സാക്ഷിയുടെ വാർത്തയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

സംഗീത ബിജെപിയിൽ ചേർന്നിരുന്നെങ്കിൽ അത് വിജയ്‌ക്കെതിരായ സുപ്രധാന രാഷ്ട്രീയനീക്കമെന്ന നിലയ്ക്ക് ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തേനെ. ആന്ധ്ര കേന്ദ്രീകരിച്ചുള്ള ഓൺലൈൻ മാധ്യമമാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. തമിഴ് മാധ്യമങ്ങളിലൊന്നും ഇത് സംബന്ധിച്ച വാർത്തകളുമില്ല. മാത്രമല്ല, സംഗീത ബിജെപിയിൽ ചേർന്നതായി അവരുടെ ഭാഗത്തുനിന്നോ പാർട്ടി നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ഇതിൽനിന്നു പ്രചാരണം തെറ്റാണെന്ന നിഗമനത്തിലെത്താം.

Content Highlights: Clarifies that no official confirmation exists regarding Sangeetha joining the BJP., Highlights that major Tamil media outlets have not reported this development., Identifies the source of the rumors as unverified claims from non-Tamil online portals.,