എസ്. ജയശങ്കർ പാർലമെൻറിൽ ഇസ്രയേൽ അനുകൂല പ്രസ്താവന നടത്തിയോ? |Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

“മുസ്ലീം രാജ്യങ്ങൾ ഇസ്രയേലിനെ ഉപദ്രവിക്കുന്നത് ഇന്ത്യ നോക്കിയിരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി പറഞ്ഞു” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡോ. എസ് ജയശങ്കർ പാർലമെൻറിൽ നടത്തിയ പ്രസ്താവന എന്ന തരത്തിലാണിത്.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുന്നത് :
“ഇന്ത്യ എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാജ്യം ഇസ്രയേൽ ആണ്. ഇറാനും മറ്റ് മുസ്ലീം രാജ്യങ്ങളും നിരന്തരം അവരെ ഉപദ്രവിക്കുന്നു. ഇസ്രായേലിനെ ഉപദ്രവിക്കുന്നത് ഇന്ത്യ വെറുതെ നോക്കിയിരിക്കില്ല. ഞങ്ങൾ അഭിമാനത്തോടെ ഇസ്രയേലിനൊപ്പം നിൽക്കുന്നു. മറിച്ചൊരഭിപ്രായം ഉള്ളവർക്ക് പാകിസ്ഥാനിലേക്ക് പോകാവുന്നതാണ്, കാരണം ഇസ്രയേലിനോടുള്ള ഒരു വിദ്വേഷവും ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.”

വൈറൽ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

വസ്തുതാപരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്

അന്വേഷണം
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇക്കഴിഞ്ഞ മാർച്ച് 9-ന് പാർലമെന്റിലെ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും, ഇത് സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ,  യുദ്ധം തുടരുന്നത് ലോകസമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്നും മന്ത്രി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതല്ലാതെ ഇസ്രയേലിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമർശമൊന്നും കേന്ദ്ര മന്ത്രി പാർലമെൻറിൽ നടത്തിയിട്ടില്ല. പ്രചരിക്കുന്ന സന്ദേശത്തിലേത് പോലെ അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും അത് വലിയ വാർത്തയായേനെ.
വൈറൽ ദൃശ്യങ്ങളിൽ ദേശീയ വാർത്ത എജൻസിയായ എഎൻഐ യുടെ ലോഗോ കാണാം. തുടർന്ന് എ എൻ ഐ ഈ വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. എഎൻഐ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2026 മാർച്ച് 9-ന് അപ്ലോഡ് ചെയ്യ്ത വീഡിയോ കണ്ടെത്തി. “പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? രാജ്യസഭയിൽ വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ‘’എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. 13 മിനുട്ട് 52 സെക്കൻസ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ എവിടെയും പ്രചരിക്കുന്ന സന്ദേശത്തിൽ ഉള്ളപോലൊരു പരാമർശമില്ല. ഇതിൽനിന്നു ജയശങ്കറിന്‍റെ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് പ്രചരിക്കുന്ന വീഡിയോ നിർമ്മിച്ചതെന്ന് വ്യക്തമായി.

“മുസ്ലീം രാജ്യങ്ങൾ ഇസ്രയേലിനെ ഉപദ്രവിക്കുന്നത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല” എന്നൊരു പ്രസ്താവന കേന്ദ്ര മന്ത്രി എസ് ജയശങ്കർ നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌.


വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Viral video of S. Jaishankar is digitally manipulated., The minister never made statements supporting Israel against Muslim nations., Original footage from ANI shows him discussing West Asian economic impacts., Press Information Bureau (PIB) confirms the claim is fake.