മെലഡി ചോക്ലേറ്റ് നിർമ്മാണത്തിന്‍റെ ദൃശ്യങ്ങളോ ഇത്? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ‘മെലഡി’ മിഠായിയുടെ പാക്കറ്റ് സമ്മാനിച്ചതിന്‍റെ ദൃശ്യങ്ങൾ അവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു. മോദി- മെലോണി സൗഹൃദത്തെ സൂചിപ്പിച്ച് ‘മെലഡി’ എന്ന ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നാളായി വ്യാപകമായി ഉപയോഗിച്ചു വരുന്നതിനിടെയാണിത്. മോദിയുടെ മെലഡി സമ്മാനവിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മോദി ഇറ്റിലിയിൽ പോയി മിഠായി വിതരണം ചെയ്യുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

മെലഡി അങ്ങനെ താരമായി നിൽക്കുന്നതിനിടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് മെലഡി മിഠായി നിർമ്മിക്കുന്നതെന്നാണ്‌ പ്രചരിക്കുന്ന സന്ദേശത്തിലെ ആരോപണം. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന്  പരിശോധനയിൽ വ്യക്തമായി.

എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

വെറും ഏഴ് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രരിക്കുന്നത്. ഇതിൽ ആഴത്തിലുള്ള ഒരു ടാങ്കിനകത്ത് ബ്രൗൺ നിറത്തിലുള്ള ദ്രാവകത്തിൽ ഒരാൾ ഇരുന്ന് നിരങ്ങി നീങ്ങുന്നത് കാണാം. ഇന്ത്യയിൽ ചോക്ലേറ്റ് നിർമ്മാണത്തിന്‍റെ ദൃശ്യം എന്ന ആരോപണത്തോടെ ഇതേ വീഡിയോ മുൻവർഷങ്ങളിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

വൈറൽ ദൃശ്യങ്ങളിലെ കീ ഫ്രേമുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇതിന്‍റെ തന്നെ കൂടുതൽ ക്ലാരിറ്റിയും ദൈർഘ്യവുമുള്ള വീഡിയോ ലഭിച്ചു. 2024-ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാം ഓയിലുമായി ബന്ധപ്പെട്ടതാണ് ഈ ദൃശ്യങ്ങളെന്ന് ചിലർ കമൻറ് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു വൈറൽ ദൃശ്യങ്ങൾ ഉൾപ്പെട്ട യൂട്യൂബ് വീഡിയോകൾ ലഭിച്ചു. ഇതിൽ പറയുന്നത് വലിയ പാം ഓയിൽ കണ്ടെയ്നർ ഷിപ്പുകളിൽ എണ്ണ സംഭരിക്കുന്ന അറകൾ വൃത്തിയാക്കുകയെന്ന ശ്രമകരമായ ജോലിയെക്കുറിച്ചാണ്. ക്രൂഡ് പാം ഓയിൽ സംഭരണികളുടെ അടിത്തട്ടിൽ എണ്ണയിൽനിന്നുള്ള പശിമയുള്ള ഭാഗം അടിഞ്ഞിരിക്കും. പുതുതായി എണ്ണ നിറയ്ക്കുന്നതിന് മുൻപ് തൊഴിലാളികൾ ടാങ്കറിന് അകത്ത് ഇറങ്ങി ഇവ നീക്കം ചെയ്ത് വൃത്തിയാക്കണം. ഇത് വിശദീകരിക്കുന്ന വീഡിയോകൾ ചുവടെ കാണാം.

https://www.youtube.com/shorts/2ERXKjM3zaM?feature=share

ലഭ്യമായ തെളിവുകളിൽനിന്നു ക്രൂഡ് പാം ഓയിൽ കണ്ടെയ്നറിലെ ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് മെലഡി ചോക്ലേറ്റ് നിർമ്മാണത്തിൻറേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്നു വ്യാക്തമായി.

Content Highlights: Viral video falsely claims to show unhygienic Melody chocolate production., Footage actually depicts workers cleaning crude palm oil storage tanks., The same video has been circulated with false claims in previous years., Fact-based evidence confirms no link between the video and chocolate manufacturing.