മലപ്പുറത്ത് സർക്കാർ സ്കൂളിലെ പ്രവേശനോത്സവ ബാനർ അറബിക്കിലോ? | Fact Check

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം പ്രവേശനോത്സവത്തിന്‍റെ ആഘോഷങ്ങളോടെയാണ് സ്കൂളുകൾ ജൂൺ ഒന്നിന് വിദ്യാർത്ഥികളെ വരവേറ്റത്. അക്ഷരമുറ്റത്തേക്കെത്തിയ പുതിയ കുരുന്നുകളുടെയും അവധിക്കാലത്തിന്‍റെ ആലസ്യം കളഞ്ഞ് ക്ലാസ്മുറികളിൽ സജീവമായ കുട്ടികളുടെയും വിശേഷങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലെല്ലാം. എന്നാൽ ഇതുമാത്രമല്ല, പ്രവേശനോത്സവത്തിലും വർഗീയത കലർത്തിയ ഒരു സന്ദേശം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ‘മലപ്പുറത്തെ പ്രധാന സർക്കാർ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി കെട്ടിയ ഭാനറിലെ പ്രധാന ഭാഷ അറബിയും മലയാളം ഉപഭാഷ മാത്രമാണ്’ എന്നാണ് പോസ്ററിൽ ആരോപിക്കുന്നത്.
എന്നാൽ ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ചിത്രം സർക്കാർ സ്കൂളിൽ നിന്നുള്ളതല്ല എന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
മലപ്പുറത്തെ ഏത് സ്കൂളിൽ നിന്നുള്ളതാണ് ഈ ചിത്രം എന്ന് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നില്ല. ചിത്രത്തിലെ ബാനർ പരിശോധിച്ചാൽ, 2026-27 അധ്യായന വർഷത്തെ പ്രവേശനോത്സവുമായി ബന്ധപ്പെട്ടതാണെന്ന് അതിൽ രേഖപ്പെടുത്തിയതായി കാണാം. മറ്റ് സൂചനകളൊന്നും ഫോട്ടോയിൽ ഇല്ല. തുടർന്ന് ഈ ചിത്രം ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. “പ്രവേശനോത്സവം AMPLPSCHOOL KIZHIMURI” എന്ന വിവരണത്തോടെ ജൂൺ ഒന്നിന് യൂട്യൂബിൽ പങ്കുവച്ചൊരു റീലിൽ ഇതേ ബാനറിന്‍റെ ദൃശ്യമുള്ളതായി കണ്ടെത്തി. ഇതിൽ പറയുന്ന സ്കൂളിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചു.
https://www.youtube.com/shorts/kmMG3v-onos
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മറക്കരയിലുള്ള കീഴ്‌മുറി എ.എം.പി.എൽപി സ്കൂളാണ് ഇത്. സ്കൂളിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രവേശനോത്സവ പരിപാടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലും പ്രചരിക്കുന്ന പോസ്റ്റിലെ അതേ ബാനർ കാണാം. എന്നാൽ വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെ ഇതൊരു സർക്കാർ സ്കൂളല്ല. മറിച്ച് പ്രൈവറ്റ് എയിഡഡ് സ്കൂളാണ്. 1936 മുതൽ പ്രവർത്തിക്കുന്ന സ്കൂളിന്‍റെ ഇപ്പോഴത്തെ മാനേജർ സുലൈമാൻ ഹാജി എന്നയാളാണ്.
പ്രചാരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപകൻ ടി. രാജേഷുമായി ഫോണിൽ ബന്ധപ്പെട്ടു. ‘പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സ്കൂളിൽ സ്ഥാപിച്ച പ്രധാന ബാനറും ബോർഡുകളുമെല്ലാം മലയാളത്തിലായിരുന്നു എന്നും പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണുന്ന ബാനർ സ്കൂളിന്‍റെ ഒരു വശത്ത് കെട്ടിയിരുന്നതാണെന്നും പ്രധാനാധ്യാപകൻ പറഞ്ഞു. മാത്രമല്ല, സ്കൂളിനെതിരായ വർഗീയ പ്രചാരണം ഖേദകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മലപ്പുറത്തെ സർക്കാർ സ്കൂളിൽ മലയാളത്തിന് പകരം അറബി പ്രധാനഭാഷയാക്കി ബാനർ സ്ഥാപിച്ചു എന്ന പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെ അത് സർക്കാർ സ്കൂൾ അല്ല എയിഡഡ് സ്കൂളാണ്. മാത്രമല്ല, സ്കൂളിൽ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്ന ബോർഡുകളും മറ്റ് ബാനറുകളും മലയാളത്തിൽ തന്നെയായിരുന്നു. സ്കൂളിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ഇവ വ്യക്തമായി കാണാം.
Content Highlights: The viral claim alleging a government school prioritized Arabic over Malayalam is false., The school in question is a private aided school, not a government school., Official school banners and boards for the 2026-27 academic year were primarily in Malayalam., School authorities confirmed the viral image was taken out of context to incite communal tension., Social media videos from the school verify the use of Malayalam as the primary language