ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് പ്രതിഷേധമോ? | Fact Check

ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായി തുടരുമ്പോഴും, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള സംഘർഷം ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും,അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.
ഇതിനിടെ, ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയത്തുള്ള അലി ഖമനേയിയുടെ വധത്തെ തുടർന്ന് നടന്ന പ്രതിഷേധ മാർച്ചിനിടെ ആയിരുന്നു ഇതെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഖമനേയിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച്, കറുത്ത വസ്ത്രമണിഞ്ഞ ആളുകൾ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് പ്രചാരണം.
വൈറൽ ദൃശ്യങ്ങൾ ഇസ്രയേൽ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൻറേതല്ല എന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
JUST IN🚨
Protestors in Delhi, India, outside the Israeli embassy. Reports of petrol bombs being thrown at the Israeli embassy. pic.twitter.com/gvVr7Cgia4— Zagazola (@ZagazOlaMakama) March 1, 2026
അന്വേഷണം
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം നടന്നിരുന്നു.
കശ്മീർ, ഡൽഹി, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഷിയാ മുസ്ലിം സമൂഹമാണ് ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Vienna Convention on Diplomatic Relations - 1961 പ്രകാരം എംബസിക്ക് നേരെയുള്ള ആക്രമണങ്ങളോ കേടുപാടുകളോ തടയാനും, എംബസിയുടെ സമാധാനം കാത്തുസൂക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ആതിഥേയ രാജ്യമായ ഇന്ത്യയ്ക്കുണ്ട്. സുരക്ഷാ ഭീഷണിയുടെ സാഹചര്യങ്ങളിൽ കേന്ദ്ര സായുധ പോലീസ് സേനകളെ (CRPF, CISF, അർദ്ധസൈനിക വിഭാഗങ്ങൾ) എംബസികൾക്ക് പുറത്ത് കാവലിനായി വിന്യസിക്കാറുണ്ട്. കർശന സുരക്ഷാ വലയത്തിലുള്ള പ്രദേശത്ത് ഇത്തരത്തിൽ പ്രതിഷേധവും ആക്രമണവും നടത്തുക എന്നത് സംഭവ്യമല്ല.
വൈറലായ ദൃശ്യങ്ങളിൽ ദേശീയ മാധ്യമമായ എൻഡിടിവിയുടെ ലോഗോ കാണാം. തുടർന്ന് എൻഡിടിവി ഈ വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. എൻഡിടിവിയുടെ ഔദ്യോഗിക എക്സ് പേജിൽ 2026 മാർച്ച് 1-ന് ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. “അമേരിക്ക-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള സയ്യിദ് അലി ഖമനേയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്, ഉലമകളുടെയും ഓൾ ഇന്ത്യ ഷിയാ കൗൺസിലിന്റെയും നേതൃത്വത്തിൽ ഷിയാ മുസ്ലിം സമുദായ അംഗങ്ങൾ ഡൽഹിയിലെ ജന്തർ മന്ദിറിൽ ഒത്തുകൂടി”എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. മാത്രമല്ല ദേശീയ വാർത്ത ഏജൻസിയായ എഎൻഎയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
#Watch | Members of the Shia Muslim community, led by Ulama of Delhi and the All India Shia Council, gathered at Jantar Mantar in Delhi for protest against the killing of Iran's Supreme Leader, Ayatollah Syed Ali Khamenei in US-Israeli strikes#Iran #AyatollahKhamenei pic.twitter.com/Zam7hUm43o
— NDTV (@ndtv) March 1, 2026
https://www.youtube.com/live/bCCXLxYLQhg?si=n3KwH9Ar1Zg8bY4M
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. അയത്തുള്ള അലി ഖമനേയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 2026 മാർച്ച് 1-ന് ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്‍റെ വീഡിയോയാണ് ഇസ്രയേൽ എംബസിക്ക് മുന്നിൽ നടന്നതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video of protests misidentified as taking place at the Israeli Embassy., Footage actually shows a protest at Jantar Mantar from March 2026., Protests were held by the Shia Muslim community regarding Ayatollah Ali Khamenei., Security protocols under the Vienna Convention make such attacks at embassies unlikely., Official media sources confirm the protest location was not the embassy.