ഇന്ദിര ഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും മദ്യപിക്കുന്ന ചിത്രത്തിന്‍റെ യാഥാർഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്റെ യോഗ അധ്യാപകനായ ധീരേന്ദ്ര ബ്രഹ്മചാരിയോടും മറ്റൊരു വ്യക്തിയോടുമൊപ്പം മദ്യപിക്കുന്നതിന്റെ ഒരു അപൂർവ്വ ചിത്രം എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലതുപക്ഷ അനുകൂല ഹാൻറിലുകളാണ് പ്രചാരണത്തിന് പിന്നിൽ. എന്നാൽ, ഈ ചിത്രം യഥാർത്ഥമല്ല എന്നതാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന എക്സ് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

1950-കളുടെ അവസാനത്തിലാണ് ധീരേന്ദ്ര ബ്രഹ്മചാരി ഇന്ദിര ഗാന്ധിയുടെ യോഗാധ്യാപകനായി വരുന്നത്. വളരെ വേഗം തന്നെ ഇന്ദിരയുടേയും പിന്നീട് സഞ്ജയ് ഗാന്ധിയുടെയും വിശ്വസ്തരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. 1970-കളിൽ ദൂരദർശനിൽ "യോഗാഭ്യാസ്" എന്ന പേരിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചിരുന്നു.

പ്രചാരണത്തിന്‍റെ സത്യാവസ്ഥ അറിയുന്നതിനായി ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തന്വേഷിച്ചു. ഏതെങ്കിലും ഔദ്യോഗിക ചരിത്രരേഖകളിലോ വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകളിലോ ഇത്തരമൊരു ഫോട്ടോ കണ്ടെത്താൻ സാധിച്ചില്ല. ചിത്രം സൂക്ഷമായി നിരീക്ഷിച്ചാൽ ഇതിന് അസ്വാഭാവികമായ സ്മൂത്ത്നെസ്സും ക്ലാരിറ്റിയുമുണ്ടെന്ന് കാണാം. മാത്രമല്ല ചിത്രത്തിലെ വെളിച്ചവിന്യാസം എല്ലായിടത്തും ഒരു പോലെയുമല്ല. ഫോട്ടോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന സൂചനയാണിത് നൽകുന്നത്. എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. ഫോട്ടോ യഥാർത്ഥമല്ല, നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്.

പരിശോധനാഫലങ്ങളുടെ സ്ക്രീൻഷോട്ടുകൾ

വാസ്തവം

ധീരേന്ദ്ര ബ്രഹ്മചാരിയോടൊപ്പം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മദ്യപിക്കുന്നതിന്‍റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഫോട്ടോ എഐ നിർമ്മിതമാണ്.

Content Highlights: A viral image claimed to show Indira Gandhi and Dhirendra Brahmachari drinking alcohol., Reverse image search and official historical records showed no such authentic photo exists., AI detection tools confirmed the viral photo is completely artificial and AI-generated.