ലോകകപ്പ് ഫുട്ബോൾ; റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറെ ഫിഫ വിലക്കിയോ?

2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ നാടകീയ വിജയവും അതിന് പിന്നാലെയുണ്ടായ റഫറിയിങ് വിവാദവും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വലിയ ചർച്ചയാവിഷയമാണ്. മത്സരത്തിൽ റഫറി അർജൻറീനക്ക് അനുകൂലമായ നിലപാടെടുത്തു എന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിൽ ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറെ ഫിഫ വിലക്കിയെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോ വാർത്താ സമ്മേളനം വിളിച്ച് ഇക്കാര്യം അറിയിക്കുന്നതായാണ് ദൃശ്യങ്ങളിൽ.
വൈറൽ വീഡിയോയിൽ ഫിഫ പ്രസിഡൻറ് പറയുന്നതായി കാണിക്കുന്നത് - “അടിയന്തര അവലോകനത്തിന് ശേഷം, ഫ്രാൻസ്വാ ടെക്സിയറെയും അദ്ദേഹത്തിന്റെ ഒഫീഷ്യൽ ടീമിനെയും ഈ ഫിഫ ലോകകപ്പിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത് ഞങ്ങൾ പരിഗണിക്കുകയാണ്. ഈ തീരുമാനം പൊതുജനങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയല്ല എടുത്തത്, മറിച്ച് മത്സരത്തിന്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ്. അർജന്റീനയും ഈജിപ്തും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരത്തിൽ, റെഫറിയിംഗിൽ വിശദീകരിക്കാൻ പ്രയാസമുള്ളതും കാര്യമായതുമായ വൈരുദ്ധ്യങ്ങൾ പ്രകടമായിരുന്നു. അർജന്റീന 13 ഫൗളുകൾ ചെയ്തിട്ടും അവർക്ക് ഒരു മഞ്ഞ കാർഡ് പോലും ലഭിച്ചില്ല, അതേസമയം ഈജിപ്തിന് ഒന്നിലധികം മഞ്ഞ കാർഡുകൾ ലഭിക്കുകയും അവരുടെ അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കുകയും ചെയ്തു. ദീർഘനേരത്തെ വാർ (VAR) പരിശോധനയ്ക്ക് ശേഷം ഒരു ഗോൾ അനുവദിച്ചില്ല, കൂടാതെ ബോക്സിനുള്ളിലെ ഒരു പെനാൽറ്റി അപ്പീൽ നിരസിക്കപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ചേർന്ന് മത്സരത്തിന്റെ വിശ്വാസ്യതയെ ഗൗരവകരമായി ബാധിച്ചു. ഈജിപ്തിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ടീം നിലവിലെ ചാമ്പ്യന്മാരെ കടുത്ത പോരാട്ടത്തിലൂടെ പ്രതിരോധത്തിലാക്കുകയും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആദരവ് നേടിയെടുക്കുകയും ചെയ്തു. ഈ തീരുമാനത്തിന് മത്സരഫലം മാറ്റാൻ കഴിയില്ലെങ്കിലും, നീതിയുടെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്”
ഇത്രയും വിവാദമായ വിഷയത്തിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തിയിരുന്നെങ്കിൽ അത് ലോകത്തെ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തേനെ. എന്നാൽ അത്തരത്തിലുള്ള വാർത്തകളൊന്നുമില്ല. മാത്രമല്ല, ഫിഫ ഇങ്ങനെയൊരു ഔദ്യോഗിക പ്രസ്താവനയും ഇറക്കിയിട്ടില്ല. ആ സ്ഥിതിക്ക് ഈ വീഡിയോയിലെ ജിയാനി ഇൻഫാന്റിനോയുടെ ശബ്ദവും ദൃശ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാകാനാണ് സാധ്യത. എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. വീഡിയോയുടെ ആദ്യഭാഗത്ത് മാത്രമാണ് ഫിഫ പ്രസിഡൻറിനെ കാണിക്കുന്നത്. തുടർന്നുള്ള ഭാഗങ്ങളിൽ അർജൻറീന-ഈജിപ്ത് മത്സര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ജിയാനിയുടെ ശബ്ദം മാത്രമാണുള്ളത്. വീഡിയോയിലെ സ്പീച്ച് 51.7 ശതമാനവും ദൃശ്യങ്ങളിൽ 37.6 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് പരിശോധനയിൽ ലഭിച്ചത്.
സമാന വാദവുമായി മലയാളത്തിൽ പ്രചരിക്കുന്നൊരു പോസ്റ്റും മാതൃഭൂമി ഫാക്ട് ചെക്കിന് വസ്തുതാ പരിശോധനയ്ക്കായി ലഭിച്ചിരുന്നു. ഫിഫയുടെ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണ് റഫറിക്കെതിരെ നടപടിയെടുത്തത് എന്ന തരത്തിലാണിത്. പരിശോധനയ്ക്ക് ലഭിച്ച സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന പോസ്റ്റർ ശ്രദ്ധിച്ചാൽ തന്നെ ഇത് വ്യാജമാണെന്ന് മനസ്സിലാകും. ഇതിൽ "Internal Investigation Conducted by Club President: Manjeri Rasheed" എന്നാണ് എഴുതിയിരിക്കുന്നത്. അതായത് ഇതൊരു പരിഹാസ്യാത്മക പോസ്റ്റാണെന്ന് വ്യക്തം.
അർജന്റീന-ഈജിപ്ത് മത്സരത്തിലെ തീരുമാനങ്ങളുടെ പേരിൽ റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറെ ഫിഫ വിലക്കിയെന്ന പ്രചാരണം വ്യാജമാണ്. ഫിഫ പ്രസിഡൻറിൻറേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഐ നിർമ്മിതമാണ്.
Content Highlights: Viral video of FIFA President Gianni Infantino announcing a referee ban is AI-generated., No official statement from FIFA regarding the suspension of François Letexier.,