സിജെപി സമരക്കാർ ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞെന്ന പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ

സിജെപിയുടെ ഡൽഹിയിലെ പ്രക്ഷോഭത്തെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് ബിജെപി കേന്ദ്രങ്ങൾ വലിയ തോതിലുള്ള കുപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. പരീക്ഷ ക്രമകേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി ഉയരുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനാണ് ഈ നീക്കം. അതിലൊന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് സമരക്കാർ കല്ലെറിഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ.

‘ശത്രുത മോദിയോടാണോ അതോ രാജ്യത്തോടാണോ? വന്ദേ ഭാരതിന് ശേഷം ഇപ്പോൾ പുതിയ ഹൈഡ്രജൻ ട്രെയിനിന് നേരെയാണ് നീക്കം... ഡൽഹിയിലെ ജന്തർ മന്തറിലേക്കുള്ള വഴിയിൽ, സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഹൈഡ്രജൻ ട്രെയിനിന് നേരെ 'കോക്രോച്ചുകൾ' കല്ലെറിഞ്ഞു...

നിങ്ങൾക്ക് സർക്കാരിനെതിരെ പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ പ്രതിഷേധിച്ചോ, പക്ഷേ രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കരുത്. ഈ വീഡിയോയിൽ കാണുന്ന ഓരോരുത്തരെയും പിടിച്ച് അകത്തിടുകയും അവരിൽനിന്ന് പണം ഈടാക്കുകയും വേണം- അപ്പോഴേ ഇത്തരക്കാർക്ക് ബോധം വരികയുള്ളൂ’ എന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയ്മുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ജൂൺ 14-ന് 'ദി ലല്ലൻടോപ്പ്' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി. 'ബീഹാറിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിലേക്ക് ചാടി; സ്റ്റേഷൻ തകർത്തു, ഐജി ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്ക്' എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. ഇപ്പോൾ പ്രചരിക്കുന്ന അതേ വീഡിയോ തന്നെയാണ് ഈ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന വീഡിയോ ഡൽഹിയിൽ നിന്നുള്ളതല്ല എന്ന നിഗമനത്തിൽ എത്താം.

റിപ്പോർട്ട് അനുസരിച്ച്, ബീഹാർ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികൾ, ട്രെയിൻ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ആരോപിച്ച് പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിഷേധത്തിനിടെ ചിലർ റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുകയും ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയും, സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വരികയും ആകാശത്തേക്ക് വെടിവയ്ക്കുകയും ലാത്തിച്ചാർജ് നടത്തുകയും ഉണ്ടായി. ഈ സംഭവത്തിൽ ഒരു ഇൻസ്പെക്ടർ ജനറൽ (ഐജി) ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പരിശോധനയിൽ വീഡിയോയിലുള്ളത് ഹൈഡ്രജൻ ട്രെയിനല്ല എന്ന് വ്യക്തമായി. ട്രെയിൻ വൈകിയതിനെത്തുടർന്ന് ബീഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ ട്രെയിൻ വൈകിയതിൽ പ്രകോപിതരാവുകയും ട്രെയിൻ അടിച്ചുതകർക്കുകയും ചെയ്തു. ബീഹാറിലെ പ്രതിഷേധത്തിനിടെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഓടിച്ചിരുന്ന പ്രത്യേക ട്രെയിൻ ഉൾപ്പെടെയുള്ളവയാണ് ആക്രമിക്കപ്പെട്ടത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യടുഡേ നൽകിയ റിപ്പോർട്ട് താഴെ നൽകുന്നു.

കൂടാതെ ബിജെപി മുൻ എംപിയും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രേഖ ശർമ, ബിജെപി വക്താവ് സുധാംശു ത്രിവേദി എന്നിവരും ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യവും സമാന ആരോപണത്തോടെ ഇതേ വീഡിയോ പങ്കുവച്ചിരുന്നു.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഈ വീഡിയോയ്ക്ക് ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ല. ദൃശ്യങ്ങളിലുള്ളത് ഹൈഡ്രജൻ ട്രെയിൻ അല്ല, 2026 ജൂൺ 14-ന് ബീഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ (പട്ന) നടന്ന സംഭവമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Debunked claims linking CJP protests in Delhi to train vandalism., Confirmed the viral video is from the June 14, 2026, incident at Patliputra Railway Station, Bihar., Verified the footage shows student protests over exam travel issues, not a hydrogen train attack., Identified sources of misinformation including political figures and media outlets