പത്തുവയസ്സുകാരിയുടെ കൊലപാതകം: മുഖ്യമന്ത്രി വിജയ് മാധ്യമങ്ങളോട് മൗനം പാലിച്ചോ? | Fact Check

കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒഴിഞ്ഞുമാറി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. സഞ്ജന കെ. എന്ന എക്സ് ഉപഭോക്താവ് മെയ് 24-ന് പങ്കുവെച്ച വീഡിയോയിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോകുന്ന മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ വളയുന്നതും അദ്ദേഹം പ്രതികരിക്കാതെ നീങ്ങുന്നതും കാണാം. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
Before the election, Joseph Vijay spoke against DMK for every women’s safety issue.
Now after coming to power, not a single word about rising crimes or women’s safety in Tamil Nadu. Yet fandom refuses to question the governance. 🤐
If it’s DMK, blame the government.
If it’s… pic.twitter.com/rBLBNvkS6C— Sanjana K (@SanjanaFlicks) May 24, 2026
അന്വേഷണം
കോയമ്പത്തൂരിലെ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ "മനുഷ്യത്വമില്ലാത്തതും മാപ്പർഹിക്കാത്തതുമായ കുറ്റകൃത്യം" എന്നായിരുന്നു മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അടിയന്തരമായി കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് അന്വേഷിച്ചു. 'പോളിമർ ന്യൂസ്' എന്ന തമിഴ് വാർത്താ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സമാന ദൃശ്യങ്ങൾ കണ്ടെത്തി. കൂടാതെ ഇന്ത്യ ടുഡേ, ന്യൂസ് 9 ലൈവ് തുടങ്ങിയ മാധ്യമങ്ങളും ഇതേ വീഡിയോ സംപ്രേഷണം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ വിജയ് ചെന്നൈയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ എത്തിയപ്പോഴുള്ളതാണ് ഈ ദൃശ്യങ്ങൾ. 2026 മാർച്ച് 28-നാണ് വാർത്താമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തത്.
പ്രചരിക്കുന്ന വീഡിയോ 2026 മാർച്ചിലേതാണ് എന്ന് വ്യക്തമായി. അതായത്,
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ജോസഫ് വിജയ് മുഖ്യമന്ത്രിയാകുന്നതിനും മുൻപുള്ളതാണ് ഈ ദൃശ്യങ്ങൾ. കോയമ്പത്തൂരിലെ ബാലികയുടെ കൊലപാതകവുമായി ഇതിന് ബന്ധമില്ല എന്ന് വ്യക്തമാണ്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. കഴിഞ്ഞ മാർച്ചിൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന സമയത്തെ ദൃശ്യങ്ങളാണ് സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞുമാറുന്നു എന്ന ആരോപണത്തോടെ തെറ്റായി പ്രചരിപ്പിക്കുകയാണ്.
Content Highlights: Viral video misrepresents CM Joseph Vijay's response to media., Footage is dated March 28, 2026, during election campaign, not current., CM officially addressed the Coimbatore incident via social media., The video was captured at the State Secretariat regarding election commission complaints.