മുസ്‌ലിം വിദ്യാർത്ഥിയെ ബി.ജെ.പി പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളോ ഇത്?

#ഷിബിന വാസുദേവൻ

കർണാടകയിലെ ബിജാപൂരിൽ ഇസ്ലാം മത വിശ്വാസിയായ ആറാം ക്ലാസുകാരനെ ബിജെപി ഗുണ്ടകൾ ക്ലാസിൽ കയറി മർദിച്ചു എന്ന ആരോപണത്തോടെ ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥികളിൽ ഒരാളെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ. മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

https://x.com/AIMFORUM1/status/2087066600365080615?s=20

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ നിന്നും കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ പശ്ചിമ ബംഗാളിലെ ബിജ്പൂരിൽ തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചതിന്റെ പേരിൽ വിദ്യാർത്ഥിയെ ബിജെപി ഗുണ്ടകൾ മർദ്ദിച്ചെന്ന തരത്തിലും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.

വിശദമായ അന്വേഷണത്തിൽ, കർണാടക പോലീസിന്‍റെ ഫാക്ട് ചെക്ക് വിഭാഗം ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ വ്യക്തമാക്കി 2026 ഓഗസ്റ്റ് 12-ന് ഒരു പ്രസ്താവന പുറത്തിറക്കിയതായി കണ്ടെത്തി. ഈ സംഭവം കർണാടകയിലെ വിജയപുരയിൽ (ബിജാപുർ) നടന്നതല്ലെന്നും, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിജ്പൂരിലാണ് നടന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

https://factcheck.ksp.gov.in/facts-regarding-the-viral-video-claiming-an-assault-on-a-class-6-muslim-student-in-bijapur/

ഈ സംഭവവുമായി ബന്ധപ്പെട്ട്, പശ്ചിമ ബംഗാളിലെ ബാരക്‌പൂർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ഹാലിസഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ എഫ്ഐആർ കോപ്പിയും ഈ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 126(2), 115(2), 117(2), 351(3) എന്നിവ പ്രകാരം 2026 ജൂൺ 16-നാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിപ്പോർട്ട് പ്രകാരം, പ്രതികൾ പരാതിക്കാരനെ വഴിയിൽ തടഞ്ഞുനിർത്തുകയും ഗുരുതരമായ ശാരീരിക പരിക്കുകൾ ഏൽപ്പിക്കുന്ന തരത്തിൽ മർദ്ദിക്കുകയും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതു. സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന സൂചനകളൊന്നും ഇതിൽ പറയുന്നില്ല.

വാസ്തവം

ഈ വീഡിയോ കർണാടകയിൽ നിന്നുള്ളതല്ല, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബിജ്പൂരിൽ നിന്നുള്ളതാണ്.

Content Highlights: A viral video falsely claimed that BJP workers assaulted a 6th-grade Muslim student in Bijapur, Karnataka., Karnataka Police fact-check unit and investigation confirmed the incident is from Bijpur, West Bengal, not Karnataka., An FIR was registered at Halisahar Police Station under BNS sections on June 16, 2026, with no political background linked to the assault in the police report.