തലശേരിയിൽ സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന പ്രചാരണം വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

വീടിനകത്ത് ഉറങ്ങിക്കിടന്ന കുരുന്നുകളടക്കം ഏഴുപേരാണ് സംസ്ഥാനത്ത് ഈ വേനൽക്കാലത്ത്‌ ഇതുവരെ പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പല ജില്ലകളിൽ നിന്നായി പാമ്പുകടിയേറ്റ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് കൂടിയതോടെ പാമ്പുകൾ തണുപ്പ് തേടി ഇറങ്ങുന്നതാണ് ഇതിന് പ്രധാന കാരണമെന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് പ്രചരിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.

സ്ത്രീയുടെ ചെവിക്കകത്ത് വിഷപ്പാമ്പ് കയറിയെന്ന അവകാശവാദത്തോടെ ആണിത്. തലശ്ശേരിയിൽ ഉറങ്ങാൻ കിടന്ന സ്ത്രീയുടെ ചെവിക്കകത്ത് വിഷപ്പാമ്പായ വെള്ളിക്കെട്ടനാണ് കയറിയതെന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഏവരും ശ്രദ്ധിക്കണമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒട്ടേറെ പേരാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് മാതൃഭൂമി ഫാക്ട‌് ചെക്കുമായി ബന്ധപ്പെട്ടത്. ഈ പ്രചാരണം തീർത്തും വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.

ഒരു മിനുറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങൾ തലശ്ശേരിയുടെ പേരിൽ മാത്രമല്ല, ഇടുക്കിയിൽ നടന്ന സംഭവം എന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ഇയർ കനാലിന് ഏകദേശം 2.5 സെൻറിമീറ്റർ മാത്രമാണ് നീളമുണ്ടാവുക. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന ജീവിയുടെ തലയുടെ വലിപ്പം വച്ച് ഇതിന്റെ വാൽ ഭാഗം വരെ അത്യാവശ്യം നീളം ഉണ്ടാകുമെന്ന് ഊഹിക്കാം. അത് ഉൾക്കൊള്ളാൻ കഴിയുന്ന നീളം ചെവിക്കുണ്ടാകില്ലെന്ന് സാരം. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ചെവിക്കകത്ത് എന്തെങ്കിലും കയറിയാൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതയോ പ്രതികരണമോ ഒന്നും തന്നെ ദൃശ്യങ്ങളിൽ കാണുന്നവർക്കില്ല. ഏറെ സമാധാനപരമായി ഒരു തുറന്ന പ്രദേശത്ത് ഇരുന്ന് വീഡിയോ പകർത്തുകയാണ് അവർ ചെയ്ത‌ത്.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ എന്ന പാമ്പാണ് ചെവിയിൽ കയറിയത് എന്നാണ്. എന്നാൽ, ദൃശ്യങ്ങളിൽ ഉള്ളത് വിഷപ്പാമ്പല്ല മറിച്ച് നീർക്കോലിയുടെ ജനുസ്സിൽപ്പെടുന്ന ഒട്ടും വിഷമില്ലാത്ത Yellow-spotted keelbackന്‍റെ കുഞ്ഞാണെന്ന് വിദഗ്‌ധർ വ്യക്തമാക്കി. ഇതിന്റെ തലയോടൊപ്പമുള്ള കുറച്ച് ഭാഗം മുറിച്ചെടുത്ത് ചെവിയിൽ തിരുകി വച്ച് വീഡിയോ ചിത്രീകരിച്ചിരിക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞു. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം തലശേരിയിലെ സംഭവസ്ഥലത്ത് എത്തിയിരുന്നു എന്നാണ്. എന്നാൽ, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതികരിച്ചു.

പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടമാണ് തുടർന്ന് പരിശോധിച്ചത്. വിശദമായ അന്വേഷണത്തിൽ 2024 ഡിസംബർ അഞ്ചിന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ കണ്ടെത്തി. വസ്‌തുതാ പരിശോധനയ്ക്ക് ലഭിച്ച വീഡിയോയിലെ സ്ത്രീതന്നെയാണ് ഈ ദൃശ്യങ്ങളിലും ഉള്ളത്. രണ്ടിലും കണുന്ന ആഭരണങ്ങളും വസ്ത്രഭാഗങ്ങളും ഒന്നുതന്നെയാണ്. എന്നാൽ, പ്രചരിക്കുന്ന വീഡിയോയിൽനിന്ന് വ്യത്യസ്‌തമായി ഇതിൽ ചെവിയിൽനിന്ന് പുറത്തേക്ക് നിൽക്കുന്നത് പാമ്പിൻ തലയല്ല മറിച്ച് അതിന്റെ വാൽഭാഗമാണ്. അതും ദൃശ്യങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഇതിൽ നൽകിയിട്ടുള്ളൂ. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതിന്റെ തന്നെ ദൈർഘ്യമുള്ള മറ്റൊരു വീഡിയോ കണ്ടെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

സമാനമായി പാമ്പിനെ ചെവിയിൽ വച്ചുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ നിർമ്മിച്ച ദൃശ്യങ്ങളാണ് തെറ്റായ വാദങ്ങളോടെ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

Content Highlights: The video claiming a snake entered a woman's ear in Thalassery is verified as fake., Medical experts confirm human ear canals cannot accommodate the size of the snake shown., The snake in the video is identified as a non-venomous Yellow-spotted keelback, not a Krait., Forest officials confirmed no such incident occurred in Thalassery., The footage is a staged manipulation using a severed snake tail or head part.