ചൈന യുദ്ധത്തിനായി എഐ റോബോട്ടുകളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളോ ഇത്?

ചൈനീസ് സൈന്യം ഹ്യൂമനോയിഡ് റോബോട്ടുകളെ യുദ്ധത്തിനായി പരിശീലിപ്പിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യുണിട്രീ / യുഷു റോബോട്ടുകളെയാണ് ചൈന ഇത്തരത്തിൽ പരിശീലിപ്പിക്കുന്നതെന്നാണ് വീഡിയോക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത്.
റോബോട്ടുകൾ വെടിയുതിർത്ത് പരിശീലനം നടത്തുന്നതും സൈനിക വേഷം ധരിച്ചൊരാൾ ഇവയ്ക്ക് നിർദേശങ്ങൾ നൽകുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ. പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ മലനിരകളും കാണാം. അന്വേഷണത്തിൽ എക്സിന് പുറമെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ വീഡിയോ സമാന അവകാശവാദങ്ങളോടെ പ്രചരിക്കുന്നതായി കണ്ടു.
വിയറ്റ്നാം അതിർത്തിയിലും ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപവും ചൈന 'ഹ്യൂമനോയിഡ്' റോബോട്ടുകളെ വിന്യസിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ രാഹുൽ നന്ദ എന്നയാളുടെ ‘എഐ കലാകാരി’ എന്ന ഇൻസ്റ്റ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതേ റോബോട്ടുകൾ പരിശീലനം നടത്തുന്നതിന്‍റെ മറ്റൊരു വീഡിയോയും ഈ അക്കൗണ്ടിലുണ്ട്. എഐ ഫിലിംമേക്കർ എന്നാണ് രാഹുലിന്‍റെ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, ഈ അക്കൗണ്ടിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച കണ്ടൻറ് മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യത്യസ്ത എഐ ഡിറ്റക്ഷൻ ടൂളുകളുടെ സഹായത്തോടെ വൈറൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു വീഡിയോ നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: A viral video claims to show a Chinese army of humanoid robots in training. The investigation traced the video to an AI artist and filmmaker.AI detection tools confirmed that the footage is artificially generated.