ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുയായികൾ ആക്രമിച്ചോ? | Fact Check

#ഫാക്ട് ചെക്ക്ഡെസ്ക്ക്

“ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുയായികളുടെ അടി വാങ്ങി നിലത്തു വീണു” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വ്യക്തി പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ആദ്യം ഒരാളും പിന്നീട് ഒരുകൂട്ടം ആൾക്കാരും വന്ന് അയാളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഇതിന്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്കുമായി ബന്ധപ്പെട്ടു. എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് നെതന്യാഹുമായി ബന്ധമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.


അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി. 2013 ജനുവരി 13-ന് അന്താരാഷ്ട്ര മാധ്യമമായ അസ്സോസിയേറ്റ് പ്രസ്സിന്റെ ഔദ്യാേഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യ്ത വീഡിയോയാണിത്. “പ്രസംഗത്തിനിടെ നേതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി”എന്നാണ് വാർത്തയുടെ തലക്കെട്ട്. ബൾഗേറിയയിൽ നടന്ന മൂമൻ്റ് ഓഫ് റയ്റ്റ്സ് ആൻഡ് ഫ്രിഡം പാർട്ടി സമ്മേളനത്തിനിടെ തുർക്കി ന്യൂനപക്ഷ നേതാവായ അഹമ്മദ് ഡോഗൻ നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വീഡിയോയ്ക്ക് നൽക്കിയിരിക്കുന്ന വിവരണം.
കൂടാതെ, ആക്രമണകാരിയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് കീഴ്‌പ്പെടുത്തിയെന്നും, ഇയാൾ ഉപയോഗിച്ചത് ഗ്യാസ് പിസ്റ്റളായിരുന്നു എന്നാണ് 'ദി ഗാർഡിയൻ' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ 2013-ൽ റിപ്പോർട്ട് ചെയ്തത്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോയ്ക്ക് നെതന്യാഹുമായി ബന്ധമില്ല എന്ന് വ്യക്തമായി.

വാർത്തയിൽ നിന്നുള്ള സ്ക്രിൻഷോട്ട്

വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2013-ൽ ബൾഗേറിയയിൽ നടന്ന മൂമൻ്റ് ഓഫ് റയ്റ്റ്സ് ആൻഡ് ഫ്രിഡം(Movement for Rights and Freedoms) പാർട്ടി സമ്മേളനത്തിനിടെ തുർക്കി ന്യൂനപക്ഷ നേതാവിനു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിപ്പിക്കുന്നത്.

Content Highlights: The viral video claiming an attack on Benjamin Netanyahu is false., The footage actually shows a 2013 incident involving Bulgarian politician Ahmed Dogan., The original event involved a gas pistol threat at a political rally., Verified sources confirm no connection to the Israeli Prime Minister.