ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുഴയിൽ തള്ളുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

രണ്ട് ഹിന്ദു പുരോഹിതർ ചേർന്ന് ഒരു യുവതിയെ പത്ത് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്ത ശേഷം മൃതദേഹം കല്ലിൽ കെട്ടി ഗംഗാ നദിയിൽ തള്ളുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആറ് പേർ ചേർന്ന് കാവി വസ്ത്രങ്ങളാൽ പൊതിഞ്ഞൊരു മൃതദേഹം ഒരു ബോട്ടിൽനിന്ന് പുഴയിലേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
https://x.com/WHLeavitt/status/2075861064479105163?s=20
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ ഇടത് വശത്തായി ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൻ്റെ ലോഗോ കാണാം. വീഡിയോയിൽനിന്നു കീഫ്രെയ്മുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. എക്സിന് പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലും ഇതേ വീഡിയോ സമാന വിവരണങ്ങളോടെ പ്രചരിക്കുന്നതായി കണ്ടെത്തി. ടൈംസ് നൗ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നോ എന്ന് ആദ്യം പരിശോധിച്ചു. യുവതിയെ പൂജാരിമാർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പുഴയിൽ തള്ളിയതായുള്ള വാർത്ത അവർ നൽകിയിട്ടില്ല. അതേസമയം, ഇതേ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.
യഥാർത്ഥത്തിൽ, അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ശവസംസ്കാര ദൃശ്യങ്ങളാണിത്. 2025 ഫെബ്രുവരി 12-നായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ് (85) മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ചത്. അന്ത്യകർമ്മങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹം അയോധ്യയിലുള്ള സരയൂ നദിയിൽ 'ജലസമാധി' ചെയ്തു. 2025 ഫെബ്രുവരി 13-ന് ടൈംസ് നൗവിന്‍റെ ഫേസ്ബുക്ക് പേജിൽ ഇതിന്‍റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ഉൾപ്പെടെ മാധ്യമങ്ങളെല്ലാം ഈ ജലസമാധി ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഡിയോ താഴെ നൽകുന്നു.
85-ാം വയസ്സിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ച ആചാര്യ സത്യേന്ദ്ര ദാസിന്റെ ഭൗതികശരീരം രാമാനന്ദി സമ്പ്രദായത്തിലെ ആചാരപ്രകാരമാണ് സരയൂ നദിയിൽ ജലസമാധി ചെയ്യ്തത്. അയോധ്യയിലെ തുളസിദാസ് ഘാട്ടിലായിരുന്നു ജലസമാധി ചടങ്ങുകൾ. സത്യേന്ദ്ര ദാസിന്റെ പിൻഗാമിയായ പ്രദീപ് ദാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിൻ്റെ ഭൗതികശരീരം ജലസമാധി ചെയ്യന്ന ദൃശ്യങ്ങളാണിത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്.
Content Highlights: Viral video misrepresents the funeral rites of Acharya Satyendra Das., The footage shows a traditional Jal Samadhi in the Saryu River, not a crime., Acharya Satyendra Das passed away on February 12, 2025, due to a stroke., Times Now footage was maliciously edited to spread false communal narratives., Official reports confirm the event occurred at Tulsi Ghat, Ayodhya.