കേരളത്തിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ലഫ്. കേണലിനെ നാട്ടുകാർ മർദ്ദിച്ചോ? | Fact Check

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് സൈനീക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ കർണൈൽ സിംഗിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈനിക വേഷത്തിലുള്ള ഒരാളെ രണ്ടുപേർ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഇത് നടന്നത് കേരളത്തിലാണെന്നും ഇത്തരം സംഭവങ്ങൾ അധികാര ദുർവിനിയോഗത്തെയും നിയമവ്യവസ്ഥയിലുള്ള പൊതുജനവിശ്വാസത്തെയും ഇല്ലാതാക്കുമെന്നും വീഡിയോയ്‌ക്കൊപ്പമുളള സന്ദേശത്തിൽ പറയുന്നു. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
Lieutenant Colonel Karnail Singh was allegedly caught harassing an underage girl and confronted by locals. Public outrage reportedly turned violent. If true, such incidents raise serious questions about accountability, abuse of power, and public trust.#52WeekBreakout pic.twitter.com/leon95L5DE
— Khushi Ambedkar (@PatelKhush51313) June 10, 2026
അന്വേഷണം
ഇങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ പരിശോധനയിൽ കണ്ടെത്താനായില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് പരിശോധിച്ചു. ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇതേ ചിത്രം 2024ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത അനുസരിച്ച് 2024 ഡിസംബർ 30-ന് തൃക്കാക്കരയിലെ കെ.എം.എം (KMM) കോളേജിൽ നടന്ന എൻസിസി കേഡറ്റുകളുടെ പരിശീലന ക്യാമ്പിനിടെയായിരുന്നു മർദ്ദനം നടന്നത്. 21 കേരള എൻസിസി ബറ്റാലിയനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ലഫ്. കേണൽ കർണൈൽ സിംഗിനെ രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും ഭക്ഷ്യവിഷബാധയല്ല, മറിച്ച് നിർജ്ജലീകരണം കാരണമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതെന്നുമാണ് സൈന്യവും സംസ്ഥാന ആരോഗ്യ വകുപ്പും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലും സംഭവത്തെക്കുറിച്ച് ഇതേ വിശദീകരണം നൽകിയിട്ടുണ്ട്.ചികിത്സയ്ക്ക് ശേഷം കുട്ടികൾ തിരികെ ക്യാമ്പിലേക്ക് എത്തുകയും ചെയ്തിരുന്നു. ലഫ്റ്റനന്റ് കേണലിനെ മർദ്ദിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി നിഷാദ്, പള്ളുരുത്തി സ്വദേശി നവാസ് എന്നിവരെ പോലീസ് അന്ന് അറസ്റ്റും ചെയ്തിരുന്നു.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. 2024-ൽ തൃക്കാക്കരയിലെ കെ.എം.എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായി എന്ന ആരോപണത്തെ തുടർന്ന് ഉണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: The viral video claiming an army officer was assaulted for child abuse is false., The footage is actually from a 2024 incident at an NCC camp in Thrikkakara., The conflict arose from a dispute over suspected food poisoning, which was later identified as dehydration., Two individuals were arrested for the assault on Lt. Col. Karnail Singh in 2024., Official reports from the NCC Directorate and health department confirm the actual context.